അടിച്ചു മാറ്റിയ യുദ്ധവിമാനം – വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം

ലേഖകൻ – ഋഷിദാസ് എസ്.

ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ്. മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു . എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ എസ് ഉം നാറ്റോ സഖ്യവും ഈ പോർവിമാനത്തെ അത്യധികം ഭയന്നിരുന്നു . ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല.

ക്രമേണ മിഗ് -25 നെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പാച്ചാത്യ മാധ്യമങ്ങൾ മെനയാൻ തുടങ്ങി . ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാച്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു . ക്രമേണ യു എസ് പ്രതിരോധ വകുപ്പുപോലും മിഗ് -25 നെ ഭയക്കാൻ തുടങ്ങി . എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി . അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല. സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 കൾപോലും സുപ്രധാന വ്യോമ താവളങ്ങളിലാണ് വിന്യസിച്ചിരുന്നത് . അവയിൽ ചില താവളങ്ങൾ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിന് ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു .

ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയ്യിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു . അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു . അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ബെലെങ്കോ. സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു വിക്റ്റർ ബെലെങ്കോ .

1976സെപ്തംബര് 6 ബെലെങ്കോ തന്റെ മിഗ്- 25 മായി പറന്നുയർന്നത് ആ പോർവിമാനം അടിച്ചു മാറ്റി യൂ എസ് നു കൈമാറാനും യൂ എസ് ൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തോടെയും ആയിരുന്നു. ഉക്രയിൻകാരനായ ബെലെങ്കോ രഹസ്യമായി സോവ്യറ്റ് വ്യവസ്ഥയെ വളരെ വെറുത്തിരുന്നു . സോവ്റ്റേറ്റ് പൂർവ പ്രദേശത്തെ കംചത്ക ഉപ ദ്വീപിലെ ചുഗ്യുവെങ്ക വ്യോമ താവളത്തിൽ( Chuguyevka Air Base ) നിന്നാണ് ഒരു സാധാരണ പ്രതിരോധ പറക്കലിന് ബെലെങ്കോ തന്റെ മിഗ്- 25 യുമായി പറന്നുയർന്നത്. സമാനമായ ഏതാനും മിഗുകളും ബെലെങ്കോയുടെ വ്യോമ വ്യൂഹത്തിലുണ്ടായിരുന്നു .

ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വ്യോമത്താവളമായിരുന്നു ബെലെങ്കോയുടെ ലക്‌ഷ്യം .പറന്നുയർന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ ബെലെങ്കോ തന്റെ മിഗ്ഗിനെ കടലിന്റെ ദിശയിൽ തിരിച്ചുവിട്ടു . കടലിനു മുകളിലെത്തിയപ്പോൾ ബെലെങ്കോ വളരെ താഴ്ന്നു പറക്കാൻ തുടങ്ങി . അതോടെ ബെലെങ്കോയുടെ വിമാനം സോവ്യറ്റ് റഡാറുകളിൽ നിന്നും അപ്രത്യക്ഷമായി ബെലെങ്കോയുടെ മിഗ്ഗ് കടലിൽ തകർന്നു വീണു എന്ന ധാരണ ഇതുമൂലം സോവ്യറ്റ് റഡാർ സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ടു .

പദ്ധതിയിട്ടതുപോലെ ചിറ്റോസ് വ്യോമത്താവള ത്തിലെത്താൻ ബെലെങ്കോയ്ക്ക് കഴിഞ്ഞില്ല . ഒരു സിവിൽ വിമാനത്താവളമായ ഹോക്കടാറ്റ് വിമാനത്താവളത്തിന് സമീപം എത്തിപ്പെട്ട ബെലെങ്കോ തന്റെ മിഗ് -25 ലെ ഇന്ധനം തീരുന്നതിനു തൊട്ടു മുൻപ് റൺവേയിൽ ഇറങ്ങി . വേഗത കൂടിയതിനാൽ റൺവേയിൽനിന്നും അധികം ഓടിയാണ് മിഗ് -25 നിശ്ചലാവസ്ഥയിലായത് . എയർപോർട്ട് അധികൃതർക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ വെളിപ്പെട്ടു . സോവ്യറ്റ് സാങ്കേതിക വിദ്യയുടെ പ്രതീകമായിരുന്ന മിഗ് -25 പാച്ചാത്യ ശക്തികളുടെ കൈയിലായി .

 

ബെലെങ്കോ യൂ എസ് ൽ രാഷ്ട്രീയാഭയം തേടി . വളരെ സന്തോഷത്തോടെ യൂ എസ് ബെലെങ്കോക്ക് അഭയം നൽകി . സോവ്യറ്റ് യൂണിയൻ മോഷണമുതൽ ജപ്പാനോട് തിരികെ ചോദിച്ചു . യൂ എസ് ജാപ്പനീസ് വിദഗ്ധർ മിഗ് -25 ഇന്റെ നട്ടും ബോൾട്ടും ഇളക്കി പീസ് പീസാക്കി പരിശോധിച്ചു . സോവ്യറ്റ് വ്യോമയുദ്ധ രഹസ്യങ്ങളിൽ പലതും യൂ എസ് ഇന്റെ കൈയിലായി. വിമാനം തിരികെ നൽകില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചു . സോവ്യറ്റ് യൂണിയൻ ഉടനെ തന്നെ ചില ജാപ്പനീസ് നാവിക യാനങ്ങൾ വളഞ്ഞു പിടിച്ചു കുറെയധികം ജപ്പാൻകാർ തടവിലാക്കി . അതിനകം യൂ എസ് മിഗിനെ അവരുടെ വിദൂരമായ ഒരു താവളത്തിലേക്ക് മാറ്റിയിരുന്നു . മാസങ്ങൾക്കു ശേഷം യൂ എസ് അനേകം കണ്ടെയ്നറുകളിലാക്കി മിഗിനെ സോവ്യറ്റ് യൂണിയന് തിരികെ നൽകി . അതിനകം മഗ്ഗിന്റെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കിയിരുന്നു .

അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത് . മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി . ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം.

ബെലെങ്കോയെ ഉടൻതന്നെ യൂ എസ് ലേക്ക് മാറ്റി യൂ എസ് പൗരത്വവും പുതിയ പേരും രേഖകളും നൽകി . അനേക വർഷങ്ങൾ സി ഐ എ യുടെ സംരക്ഷ ണത്തിൽ ആയിരുന്നു ബെലെങ്കോ . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ബെലെങ്കോ തൊണ്ണൂറുകളിൽ റഷ്യ സന്ദർശിക്കുകയും ചെയ്തു . ബെലെങ്കോ ഏതോ അപരനാമത്തിൽ ഇപ്പോഴും യൂ എസ് ൽ ജീവിച്ചിരിക്കുന്നതായാണ് അനുമാനം.