തൃശൂര്‍ നഗര നിവാസികള്‍ വൈകുന്നേരങ്ങളിലും ആഴ്ച അവസാനങ്ങളിലും ബോറടി മാറ്റാനും ശുദ്ധവായു ശ്വസിക്കാനും പോകാറുള്ള, പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് വിലങ്ങന്‍ കുന്ന്. തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് വിലങ്ങൻ കുന്ന്. തൃശ്ശൂർ – കുന്നംകുളം/ഗുരുവായൂർ റോഡ് കുന്നിന്റെ കിഴക്കേ ചരിവിലൂടെ കടന്നു പോകുന്നു. തൃശ്ശൂരിലെ അമല ആശുപത്രിയും സമീപത്താണ്. 80 മീറ്ററോളം പൊക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.
തൃശ്ശൂരിന്റെ നഗരസൗന്ദര്യവും ചുറ്റുപാടുമുള്ള ഉപനഗരങ്ങളുടെ പ്രകൃതിരമണീയതയും ഒരേപോലെത്തന്നെ ഈ കുന്നിൻ മുകളിൽ നിന്ന് കാണാവുന്നതാണ്. വിനോദസഞ്ചാരികൾക്കായി ഇവിടെ ഒരു ഔട്ട് ഡോർ തിയ്യറ്റർ ഉണ്ട്. കുട്ടികൾക്കായി ഒരു ചെറിയ പാർക്കും. അടാട്ട് ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിലുമാണ് നവീകരണ പദ്ധതികൾ നടത്തുന്നത്.
തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്കുകിഴക്ക്, വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണിൽ നിന്ന് നോക്കിയാലും പ്രേക്ഷകന് മുന്നിൽ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നത്. അതു തന്നെയായിരിക്കണം ഈ കുന്നിന് ‘വിലങ്ങൻ കുന്ന്’ എന്ന് പേര് ലഭിക്കാനുള്ള നിദാനം.
കിഴക്ക് ചൂരക്കാട്ടുകര പാടം, വടക്ക് ചിറ്റിലപ്പിള്ളി-പേരാമംഗലം പാടം, പടിഞ്ഞാറ് ചിറ്റിലപ്പിള്ളി-കണിയന്തറ പാടം, തെക്ക് പുറനാട്ടുകര-ഇറുളയൽ പാടം, എന്നീ നെൽ വയലുകളോളം എത്തുന്നുണ്ട് കുന്നിന്റെ താഴ്വാര പ്രദേശങ്ങൾ. അടിവാരത്തിലെ ഈ പാടങ്ങളിൽ നിന്ന് കണക്കാക്കിയാൽ കുന്നിൻറെ ഉച്ചിയിലേക്ക് 100 മീറ്റർ പൊക്കമുണ്ട്. ഇതിൽ 30 മീറ്റർ പൊക്കം വരെ ചെറിയ ചായ്‌വിലുള്ള സമതലങ്ങൾ. അവിടുന്നങ്ങോട്ട് 60 ഡിഗ്രി ചെരിവ് ആരംഭിക്കുകയാണ്. ക്രമേണ ഇത് 75-80 ഡിഗ്രി വരെ കുത്തനെ കയറ്റമാണ്. കുന്നിന്റെ നെറുകയിൽ 4 3/4 ഏക്കർ വിസ്തീർണത്തിലുള്ള പരന്ന മൈതാനമാണ്.
8 കിലോമീറ്റർ ചുറ്റളവിൽ പൊങ്ങി നിൽക്കുന്ന ഈ കുന്നിന്റെ ഉപരിതല വിസ്തീർണം 5 ഏക്കറോളം വരും. പണ്ടുകാലത്ത് തുറസ്സായ ഭൂമിയായിരുന്ന ഇത് സമീപവാസികളുടെ ആടുമാടുകൾക്കുള്ള മേച്ചിൽ സ്ഥലമായിരുന്നു. ഔഷധസസ്യങ്ങളാൽ സമ്പന്നമാണ് ഇവിടം.
ഭൂപ്രകൃതിയുടെ അനുയോജ്യത മൂലം രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധാവശ്യത്തിനായി ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. അന്ന് സഞ്ചാര ആവശ്യത്തിലേക്ക് ഇവിടെ സ്ഥാപിക്കപ്പെട്ട റോഡ് ഇന്നും നിലനിൽക്കുന്നു.
വിലങ്ങൻ കുന്നിന്റെ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവ്വതനിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തൃശ്ശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം. ദൂരക്കാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശ്ശൂർ നഗരത്തിനു തൊട്ടടുത്ത് വേറെ ഇല്ല എന്നു പറയാം. ഈ കുന്നിന്റെ മുകളിൽനിന്ന് സൂര്യാസ്തമയവും സൂര്യോദയവും വളരെ വ്യക്തമായും മനോഹരമായും കാണുവാൻ കഴിയും.
കലാസാംസ്കാരിക പരിപാടികൾ നടത്തുന്നതിനായി ഒരു ഓപ്പൺ സ്റ്റേജ്. കുടുംബശ്രീയുടെ കാന്റീൻ, വിലങ്ങൻ ട്രക്കേഴ്സ് പ്രവർത്തകർ നട്ടുവളർത്തുന്ന അശോകവനം തുടങ്ങിയവ കുന്നിന്റെ മുകളിൽ കാണാൻ കഴിയും.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, കവർ ചിത്രം – Pranji Jijasal.