എഴുത്ത് – Shinto Mathew Cheraparamban (ഞങ്ങള്‍ ചാലക്കുടിക്കാര്‍).
നമ്മൾ മറന്ന് പോയ ചില കളികൾ നമമ്മുടെ കുട്ടികൾക്ക് ലഭിച്ചിരുന്നു എങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുകയാണ്. അല്ലെങ്കിലും പണ്ടത്തെ പല സംഭവങ്ങളും ഇപ്പോഴത്തെ കുട്ടികൾക്ക് അനുഭവിക്കാൻ ആകുന്നുണ്ടോ? അവരുടെ മുൻപിൽ എല്ലാം ഉണ്ടെങ്കിലും മാതാപിതാക്കൾ സമ്മതിക്കില്ല. കമ്പ്യൂട്ടർ ഗെയിമുകളും, മൊബൈൽ ഫോണുകളും, കാർട്ടൂണുകളും അവരുടെ ബാല്യം കവർന്നെടുക്കുന്നു. വീണാൽ പൊട്ടും, ചോര വരും, ഹൈജീനിക് പ്രോബ്ലം, അങ്ങനെ പല കാരണങ്ങൾ കൊണ്ടും പഴയ കളികൾ എല്ലാം അന്യം നിന്ന് പോയി.
ഞങ്ങളുടെ കുട്ടിക്കാലത്ത് ഫുട്‌ബോൾ, ക്രിക്കറ്റ് കളി കൂടാതെ കളിച്ചിരുന്ന കളികൾ (ഇവ കളിക്കാൻ പ്രത്യേകം സ്ഥലത്തിന്റെ ആവശ്യം ഒന്നുമില്ല. ഒള്ളത് കൊണ്ട് ഓണം പോലെ ) കുറെയുണ്ട്. അവയിൽ ചിലത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാം.
ചില്ല് അഥവാ തൊങ്കി തൊട്ട് കളി – പെൺകുട്ടികൾ ആണ് കൂടുതൽ കളിക്കാറെങ്കിലും ആണുങ്ങളും കൂടാറുണ്ട്. 8 കളം വരച്ചിട്ട്, ചില്ല് (ഓടിന്റെ ചെറിയ കഷ്ണം) എറിഞ്ഞു അതിലേക്ക് ഒരു കാലിൽ തൊങ്കി പോയി എടുക്കുക. പല സ്റ്റെപ്പുകൾ ഉണ്ട് ആ കളിക്ക്.
സാറ്റ് അഥവാ അച്ഛെണ്ണി കളി – 1 മുതൽ 50 വരെ ഒരാൾ കണ്ണടച്ചു നിന്ന് എണ്ണുമ്പോൾ മറ്റുള്ളവർ ഒളിക്കും. അവരെ കണ്ടെത്തി പേര് പറഞ് സാറ്റ് അടിക്കും. വിരുതന്മാർ എണ്ണിയ ആൾ കാണാതെ വന്ന് സാറ്റ് അടിക്കും.
ഡപ്പ കളി – ഓടിന്റെ ജോയിന്റ് കക്ഷണങ്ങൾ അടുക്കി വെച്ച് പന്ത് കൊണ്ട് എറിഞ്ഞിടുന്ന കളി. രണ്ട് ടീം ആണ്. അടക്കി വയ്ക്കുന്ന ടീമുകാരനെ എറിഞ്ഞിടുന്ന മറ്റേ ടീം അംഗങ്ങൾ.
അച്ഛാബോൾ – ആർക്ക് പന്ത് കിട്ടുന്നോ അവർ ആരെ വേണമെങ്കിക്കും എറിയാം. നല്ല ശക്തിയിൽ അറഞ്ചം പുറഞ്ചം എറിയും. ഏറു കൊള്ളുന്നവർ പുളയുന്നത് കാണാൻ നല്ല രസമാണ്.
കുട്ടീം കോലും – ഒരു വലിയ വടിയും ചെറിയ വടിയും കൊണ്ടുള്ള കളി. അതിൽ അളക്കാൻ ഉപയോഗിച്ചിരുന്നത് ഒറ്റ, സാദാ, മുറി, നാഴി, ഐറ്റി, ആറേങ്ക്, വില്ലീസ് എന്നിങ്ങനെ ആയിരുന്നു.
സേവി കളി / അരിശൻ കായ/ രാശിക്കായ കളി – സ്ഫടിക നിർമ്മിതമായ ഗോലികൾ കൊണ്ടുള്ള പല കളികളും ഉണ്ടായിരുന്നു.
പിന്ന് കളി : ഒരു സേഫ്റ്റി പിൻ കണ്ണടച്ച് നിൽക്കുന്ന കുട്ടികൾ കാണാതെ ഒളിപ്പിക്കുക അത് കണ്ടെത്തുന്നവൻ ജയിക്കും. ഏകദേശം പിന്ന് എത്താറായാൽ “ചൂട് ” എന്നും ദൂരെ പോയാൽ തണുപ്പ് എന്നും പറഞ്ഞു കുട്ടികളെ പ്രോത്സാഹിപ്പിക്കുക കളിയുടെ ഒരു ഭാഗമാണ്.
കുഴിപ്പന്ത് കളി – ഒരു നാടൻ കളിയാണ് കുഴിപ്പന്തുകളി തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. കളിക്കുന്നവർ എല്ലാവര്ക്കും ഓരോ ചെറിയ കുഴി ഒരേ വലിപ്പത്തിൽ നേർരേഖയിൽ ഉണ്ടാക്കുക. വേറാളുടെ കുഴിയിൽ വീണാൽ അയാൾ പന്തെടുത്ത് മറ്റുള്ളവരെ എറിയുന്ന രീതിയാണ്. ഏറ് കൊണ്ടില്ലെങ്കിൽ ഒരു കല്ലെടുത്തു അയാളുടെ കുഴിയിൽ ഇടുക.
പട്ടം പറത്തൽ – ചൈനപ്പേപ്പറും ഈർക്കിലിയും കൊണ്ട് ഉണ്ടാക്കുന്ന പട്ടം. കാറ്റില്ലാത്തത് കൊണ്ട് നൂല് കെട്ടി ഓടണമായിരുന്നു ഒന്ന് പറന്നു കാണാൻ.
കവടി കളി – നാല് പേർക്ക് കളിക്കാവുന്ന കളിയാണ് കവടികളി, ചെറിയ കക്കകൾ അതല്ലെങ്കിൽ പനക്കുരു എന്നിവ കൊണ്ടാണ് സാധാരണ കളിക്കാറ്, അമ്പലം, വെട്ട്, പഴുക്കൽ എന്നിവ ആ കളിയുടെ ഭാഗമാണ്.
അത്തള പിത്തള – ഒരു വട്ടത്തിൽ ഇരുന്നുകൊണ്ട് രണ്ടു കൈകളും മുന്നിൽ തുറന്നു കമഴ്ത്തിവച്ചാണ് ഈ കളി ആരംഭിക്കുന്നത്. അത്തള പിത്തള തവളാച്ചി എന്ന പാട്ട് താളത്തിൽ എണ്ണി ഓരോ കൈകളേയും പുറത്താക്കി, അവസാനം അവശേഷിക്കുന്ന കൈയുടെ ഉടമയെ വിജയിയാക്കുകയാണ് ഇതിലെ കളിരീതി. ഉപയോഗിക്കുന്ന പാട്ട് “അത്തള പിത്തള തവളാച്ചി ചുക്കുമ്മിരിക്കണ ചൂളാപ്പ മറിയം വന്ന് വിളക്കൂതി ഗുണ്ടാ മാണീ സാറാ കോട്ട്.”
ഈർക്കിൽ കളി – തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
കള്ളനും പോലീസും – എണ്ണി തോറ്റ ആളുകളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.
പൂപറിക്കാൻ പോരുമോ – പൂപറിക്കാൻ പോരുമോ.. പൊറുമമ്പടി രാവിലെ, ആരെ നിങ്ങൾക്കാവശ്യം, അനിയെ ഞങ്ങൾക്കാവശ്യം. ഈ പാട്ടും പാടി എതിർവശത്തെ ടീമംഗത്തെ നമ്മുടെ ടീമിലേക്ക് വലിച്ചെടുക്കുക..
കല്ല് കളി – മീഡിയം വലിപ്പമുള്ള കല്ലുകൾ പെറുക്കി കളിക്കുന്ന കളിയാണ് കല്ല് കളി. പെൺകുട്ടികൾ ആണ് പൊതുവേ ഈ കളിയ്ക്ക് താല്പര്യം കാണിക്കുന്നതെങ്കിലും പലർക്കും പ്രിയമാണ് ഈ കളി. അത്യാവശ്യം പ്രാക്റ്റീസ് ഉണ്ടാവണമെങ്കിലും കളിക്കാൻ ഒരു ചെറിയ സ്ഥലം മതി.
പിന്നേ സ്ഥിരമായി ഉണ്ടായിരുന്നതാണ് നീന്തൽ. ഈ കണ്ട പുഴയിലും, തോട്ടിലും കുളത്തിലും എന്ന് വേണ്ട എല്ലായിടത്തും മുങ്ങാൻ പിള്ളേരുകൾ റെഡിയായിരുന്നു. വീട്ടുകാർ കാണാതെ അടിച്ചു മാറ്റിയ ഒരു തോർത്ത് മാത്രം മതി, (അന്ന് നീർനായ ഇല്ല, ചീങ്കണ്ണിയില്ല, മാലിന്യങ്ങളും ഇല്ല) പുഴയൊക്കെ വട്ടം നീന്തി തിരിച്ചും നീന്തിയിരുന്ന അ ഒരു കാലം. പുഴ പകുതിയിൽ അധികം നീന്തിയിട്ട് വയ്യട അണച്ചു പോയി എന്നും പറഞ്ഞ് തിരികെ നീന്തിപ്പോയ മഹാനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ സംഭവബഹുലമായ ആ കാലം… ഇപ്പോഴത്തെ കുട്ടികൾക്ക് നീന്താൻ സ്വിമ്മിംഗ് പൂൾ വേണം, ട്രെയിനർ വേണം, സ്വിമ്മിംഗ് costume വേണം… എന്നിട്ടും അനുഭവിക്കാൻ പറ്റുന്നുണ്ടോ ആ സുഖം?
പുതു തലമുറയെ ഈ കളികൾ നമുക്കും പഠിപ്പിച്ചാലോ? അവർക്ക് പുതിയ അനുഭവവും ആയിരിക്കും. ചിലവൊട്ടുമില്ലതാനും. ഒന്നു ശ്രമിച്ചു നോക്കാമെന്നേ.