വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലഭാസ്കർ.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്കറും ഇരുന്നിരുന്നത്. അപകട സമയത്ത് കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാറിന്റെ ചില്ല് പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരണപ്പെട്ടു. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്കറിന്റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയത് വലിയ പ്രതീക്ഷയോടെയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും കണ്ടത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പുരോഗതിയായിരുന്നു.ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി കൈവരിച്ചതും എയിംസില്‍ നിന്നടക്കമുള്ള സംഘം എത്താനിരിക്കുന്നതിനാലും ബാലഭാസ്കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആശുപത്രിക്ക് മുന്നില്‍ കൂട്ടം കൂടി നിന്നിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ സകല പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലഭാസ്കറിന് വയലിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. സിനിമയിൽ ഒരു ചാൻസിനായ് പലരും നെട്ടോട്ടമോടുമ്പോൾ 17–ാമത്തെ വയസിൽ സിനിമയിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചയാളാണ് ബാലഭാസ്കർ. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് ഷോ ആരംഭിച്ച ബാലഭാസ്കര്‍ പതിനേഴാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി രംഗത്തെത്തി. പക്ഷേ, സിനിമയുടെ പ്രഭയിൽ തന്നിലെ കലാകാരനെ ബലികൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. വിട്ടുവീഴ്ചകൾകൾക്ക് തയാറായിരുന്നെങ്കിൽ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്കർ അതുപേക്ഷിച്ചു സ്വന്തമായ വഴിയേ സഞ്ചരിക്കുകയായിരുന്നു.
ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആല്‍ബങ്ങളും സംഗീതപരിപാടികളുമായിരുന്നു ബാലഭാസ്കറിനെ അടയാളപ്പെടുത്തിയത്. ദ് ബിഗ് ബാന്‍ഡുമായി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരുക്കി, സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ബാലഭാസ്കര്‍ ചിരപ്രതിഷ്ഠ നേടിയെടുത്തു. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾക്കൊപ്പം നടന്ന അദ്ദേഹം ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഹരം കൊള്ളിക്കുകയും ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന് യുവ സംഗീത്കാര്‍ പുരസ്കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സഹപാഠികളായിരുന്ന ബാലഭാസ്കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്. ബാലഭാസ്കറും വയലിനും ചേര്‍ന്നു നമ്മുടെ മനസ്സ് വായിക്കാന്‍ തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടിലേറെ കഴിയുന്നു. ഒടുവില്‍ നൊമ്പരപ്പെടുത്തി അകാലത്തില്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നതു മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയും.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.