ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു എയർലൈൻ കമ്പനിയാണ് വിസ്താര. വിസ്താരയുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുന്നത്.
ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് എയർലൈൻ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല. എന്നാൽ 2012-ൽ ഇന്ത്യൻ സർക്കാർ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു.
ഈ സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡിനു (ടിഎസ്എഎൽ) ഇന്ത്യയുടെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് 2013-ൽ അനുമതി നൽകി. എയർലൈനിൻറെ 49% ഓഹരികൾ സിങ്കപ്പൂർ എയർലൈൻസിനാണ്. ഇരു കമ്പനികളുംകൂടി 100 മില്യൺ യുഎസ് ഡോളറുകൾ നിക്ഷേപിക്കാൻ തീരുമാനിച്ചു, 51% ടാറ്റാ സൺസും, 49% സിങ്കപ്പൂർ എയർലൈൻസും. അങ്ങനെ ഇത് 1930 കാലഘട്ടത്തിലെ ടാറ്റാ എയർലൈൻസിനു ശേഷം ടാറ്റായുടെ എയർലൈൻ രംഗത്തെ രണ്ടാമത്തെ വലിയ സംരംഭമായി. ടാറ്റാ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയായി ദേശസാൽക്കരിക്കപ്പെട്ടു.
അങ്ങനെ 2014 ആഗസ്റ്റ് 14 നു എയർലൈനിനു വിസ്താര എന്ന പേര് ഔദ്യോഗികമായി നൽകപ്പെട്ടു. വിസ്താർ എന്ന സംസ്കൃതം വാക്കിൽ നിന്നുമാണ് വിസ്താര എന്ന പേര് കൈക്കൊണ്ടത്. 2014 ഡിസംബർ മാസത്തിൽ വിസ്താരയ്ക്ക് DGCA യുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. അങ്ങനെ 2015 ജനുവരി 9 നു വിസ്താര തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ആയിരുന്നു വിസ്താരയുടെ ആദ്യ സർവ്വീസ്.
തുടക്കത്തിൽ തന്നെ കൃത്യത പുലർത്തുന്ന എയർലൈൻ എന്ന ഖ്യാതി വിസ്താര നേടി. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ മികച്ച സേവനം കാഴ്ച വെക്കുവാൻ വിസ്താരയ്ക്ക് സാധിച്ചു.
എയർബസ് A320 വിമാനങ്ങൾ ആയിരുന്നു വിസ്താര തുടക്കത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം ഇക്കോണമി സീറ്റുകൾ കൊണ്ടുവന്നത് വിസ്താരയാണ് എന്നതും ശ്രദ്ധേയമാണ്.
2019 ൽ വിസ്താര തങ്ങളുടെ ഇന്റർനാഷണൽ സർവ്വീസിന് തുടക്കമിട്ടു. 2019 ആഗസ്റ്റ് ആറാം തീയതി ഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക് ആയിരുന്നു വിസ്താരയുടെ ആദ്യത്തെ അന്താരാഷ്ട്ര പറക്കൽ. തൊട്ടടുത്ത ദിവസം തന്നെ മുംബൈ – സിംഗപ്പൂർ റൂട്ടിലും വിസ്താര സർവ്വീസ് നടത്തി. ജെറ്റ് എയർവെയ്സിൽ നിന്നും വാങ്ങിയ ബോയിങ് 737 വിമാനങ്ങളായിരുന്നു ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചത്.
2020 ഫെബ്രുവരി മാസത്തിൽ ബോയിങ് 787-9 ഡ്രീംലൈനർ എയർക്രാഫ്റ്റ് വിസ്താരയുടെ ഫ്ലീറ്റിൽ എത്തിച്ചേർന്നു. നിലവിൽ എയർബസ് A320, A320 Neo, A321 Neo, Boeing 737-800, Boeing 787-9 ഡ്രീംലൈനർ എന്നിവയാണ് വിസ്താരയുടെ ഫ്ലീറ്റിലുള്ള എയർക്രാഫ്റ്റ് മോഡലുകൾ. 30 ലധികം ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളിലേക്കും അഞ്ച് അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കും വിസ്താരയ്ക്ക് സർവ്വീസുകളുണ്ട്. സിംഗപ്പൂരിനു പുറമെ കാഠ്മണ്ഡു, ബാങ്കോക്ക്, കൊളംബോ, ദുബായ് എന്നീ അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ആണ് വിസ്താര സർവ്വീസ് നടത്തുന്നത്.
ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രീകരിച്ചാണ് വിസ്താര പ്രവർത്തിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടാണ് വിസ്താരയുടെ പ്രധാന ഹബ്ബ്. ഇന്ന് ഇന്ത്യൻ വ്യോമയാന മേഖലയിൽ തങ്ങളുടേതായ ഒരു മികച്ച സ്ഥാനം നിലനിർത്തിക്കൊണ്ട് പ്രവർത്തനം തുടരുകയാണ് വിസ്താര.