ഇന്ത്യ – പാക്കിസ്ഥാൻ വാഗാ അതിർത്തിയും, ‘ബീറ്റിംഗ് റിട്രീറ്റ്’ പരേഡും

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ. ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്‌.

ഏഷ്യയിലെ “ബർലിൻ മതിൽ” എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും “പാതാക താഴ്ത്തൽ” എന്ന ചടങ്ങ് നടന്നു വരുന്നു. വാഗ അതിർത്തിയിൽ ദിനവും വൈകീട്ട് ഇരുഗേറ്റുകളും തുറന്ന് പതാക ഇറക്കുന്ന ചടങ്ങാണ് വാഗ അതിർത്തിയിലെ ‘ബീറ്റിംഗ് റിട്രീറ്റ്’ അഥവാ ‘വാഗ ബോർഡർ സെറിമണി’ എന്നറിയപ്പെടുന്നത്. ഈ പരേഡ് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ വാഗ അതിർത്തിയിൽ എത്തിച്ചേരുന്നു.

സാധാരണദിവസങ്ങളിൽ വൈകിട്ട് 4:30ന് ആണ് ബീറ്റിംഗ് റിട്രീറ്റ് ആരംഭിക്കുന്നത്. ശൈത്യകാലത്ത് ഇത് 4 മണിക്ക് ആകുന്നു. സുരക്ഷാകാരണങ്ങളാൽ പ്രവേശനകവാടത്തിൽ തന്നെ ചെക്കിംഗിനും മറ്റുമായി 45 മിനിറ്റോളം ചെലവാക്കേണ്ടി വരുമെന്നതിനാൽ ചടങ്ങ് വീക്ഷിക്കുന്നവർ ഒരു മണിക്കൂർ നേരത്തെയെങ്കിലും എത്തേണ്ടിവരും. ഇന്ത്യയുടെ ബി.എസ്.എഫ്. സൈനികരും പാകിസ്താന്റെ പാകിസ്താൻ റേഞ്ചേഴ്സ് സൈനികരുമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.

ചടങ്ങ് ആരംഭിക്കുന്നതിന് 20 മിനിറ്റ് മുൻപേ “ഹിന്ദുസ്ഥാൻ അമർ രഹേ..”, “ഹിന്ദുസ്ഥാൻ സിന്ദാബാദ്..”, “സാരേ ജഹാംസേ അച്ഛാ… ഹിന്ദുസ്ഥാൻ ഹമാരാ..” തുടങ്ങിയ ദേശഭക്തിശ്ലോകങ്ങൾ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്നു. തുടർന്ന് പാകിസ്താന്റെ ഭാഗത്തുനിന്നും “പാകിസ്താൻ സിന്ദാബാദ്” തുടങ്ങിയ ശ്ലോകങ്ങൾ പുറത്തുവരുന്നു. ഇതിനുശേഷം രണ്ട് ജവാന്മാർ ദൂരെ നിന്നും ചടുലമായ കാൽവെയ്പ്പുകളോടെ മാർച്ച്ചെയ്തുവന്ന് ഗേറ്റിനടുത്തെത്തി നിൽക്കുന്നു. കാൽ നെറുകയിൽ തൊടുന്നവിധം ഉയർത്തി ശക്തിയായി തറയിലിടിച്ച് ഇവർ മേലധികാരികളുടെ കൈയ്യിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു. പാകിസ്താനും ഇതേ പരേഡുകൾ ആവർത്തിക്കുന്നു.

 

തുടർന്ന് ഗേറ്റ് തുറക്കുന്നു. പാകിസ്താനിലേയും ഇന്ത്യയിലേയും ജനങ്ങൾ പരസ്പരം നോക്കി കൈപൊക്കി സൗഹൃദം പങ്കിടുന്നു. പിന്നീട് ബ്യൂഗിൾ വാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് പതാകകളും ഒരേസമയം താഴോട്ട് ഇറക്കുന്നു. പതാകകൾ ഇറക്കുന്നത് കൊടിമരത്തിന്റെ എതിർവശത്തു നിന്നാണ്. പതാകകൾ ഇറക്കി ഭദ്രമായി മടക്കി ആദരപൂർവ്വം അവരവരുടെ കെട്ടിടങ്ങളിലേയ്ക്ക് കൊണ്ടുപോവുകയും ഗേറ്റുകൾ അടയ്ക്കുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.

ഈ പരേഡ് അല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി വിദേശികൾക്ക് അനുഭവപ്പെടാമെങ്കിലും, യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ്‌ ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക. ദൈനംദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആഫീസുകളിൽ എത്താറുണ്ട്. വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു.

കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ – സജിൻ സതീശൻ, റിയാസ് റഷീദ് റാവുത്തർ.