വയനാടന്‍ യാത്രയുടെ രണ്ടാം ദിവസം ആരംഭിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു കല്‍പ്പറ്റയില്‍ അനുഭവപ്പെട്ടത്. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനേ തോന്നിയില്ല. എങ്കിലും പോകണമല്ലോ.. ഇന്നു അമ്പലവയലില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പൂപ്പൊലി എന്ന പുഷ്പമേള – എക്സിബിഷന് കാണുവാന്‍ പോകാനാണ് പ്ലാന്‍. ജനുവരി ഒന്നാം തീയതി തുടങ്ങിയ പൂപ്പൊലി ഇന്നു തീരുകയാണ്.
പൂപ്പൊലി കേരള കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2014 ൽ ആരംഭിച്ച വാർഷിക അന്താരാഷ്ട്ര പുഷ്പഫല പ്രദർശനമാണ്. കാക്റ്റേറിയം, വെർട്ടിക്കൽ ഗാർഡന്റെ വിവിധ മാതൃകകൾ, പോളി ഹൗസിലെ താമരക്കുളങ്ങൾ, പുരാവസ്തു ശേഖരം, സർക്കാർ – അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ ഉൾപ്പെടുന്ന അഞ്ചാമത് പൂപ്പൊലി അന്താരാഷ്ട്ര പുഷ്പഫല പ്രദർശനം 2018 ജനുവരി 1 മുതൽ 18 വരെയാണ് അമ്പലവയലിൽ നടന്നത്.
രാവിലെ 9 മണിയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. പോകുന്ന വഴിയില്‍ ഒരു ഹോട്ടല്‍ കണ്ട് നിര്‍ത്തി പ്രഭാതഭക്ഷണം കഴിച്ചു. അപ്പവും മുട്ടക്കറിയും… നല്ല കച്ചറ ഭക്ഷണം… കറിയൊക്കെ തണുത്തു മരവിച്ചിരുന്നു. എങ്ങനെയോ അത് കഴിച്ചു മതിയാക്കി ഞങ്ങള്‍ അമ്പലവയലിലേക്ക് യാത്ര തുടര്‍ന്നു. അവിടെയെത്തിയപ്പോള്‍ സമാപനത്തിന്റെ ചെറിയ ഘോഷയാത്രയൊക്കെ നടക്കുന്നുണ്ടായിരുന്നു. ഘോഷയാത്ര കവാടത്തില്‍ എത്തുന്നതിനു മുന്‍പായി ഞങ്ങള്‍ വേഗം വണ്ടി പാര്‍ക്ക് ചെയ്ത് ടിക്കറ്റ് എടുത്തു.
ഒരാള്‍ക്ക് മുപ്പതു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. നിരവധിയാളുകള്‍ കുടുംബമായും കൂട്ടുകാരുമായും ഒക്കെ പൂപ്പൊലി കാണുവാന്‍ വന്നിരുന്നു. ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ പൂപ്പൊലി കാണാനെത്തിയത്. ടിക്കറ്റ് വരുമാനം മാത്രം ഒന്നക്കോടിയോളം രൂപ ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രവേശന കവാടമൊക്കെ നന്നായി അലങ്കരിച്ചിരുന്നതിനാല്‍ എല്ലാവര്ക്കും അത് വളരെ ആകര്‍ഷണീയമായി തോന്നി. അകത്തു കടന്നപ്പോള്‍ പലതരത്തിലുള്ള പൂക്കളുടെയും പച്ചക്കറികളുടെയും തോട്ടങ്ങള്‍ ഞങ്ങള്‍ക്ക് അവിടെ കാണുവാന്‍ സാധിച്ചു.
ഒരു ഉദ്യാനത്തിലൂടെ നടക്കുന്ന ഒരു കിടിലന്‍ ഫീല്‍ ആണ് അതിലൂടെ നടന്നപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. ചെടികളുടെ സെക്ഷനോക്കെ കഴിഞ്ഞു പിന്നെ കുട്ടികള്‍ക്കായുള്ള ചില അഡ്വഞ്ചര്‍ ആക്ടിവിറ്റികളാണ്. അതിനു സമീപം ഐസ്ക്രീം മുതലായ ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. സ്കൂളുകളില്‍ നിന്നും നിരവധി കുട്ടികളാണ് അധ്യാപകരുടെ ഒപ്പം അവിടം സന്ദര്‍ശിക്കാന്‍ വന്നിരുന്നത്. എല്ലാവരും അവിടെ വളരെ ആസ്വദിക്കുന്നതായി അവരുടെ മുഖം കണ്ടാല്‍ മനസ്സിലാകുമായിരുന്നു.
പൂപ്പൊലിയുടെ സമാപനസമ്മേളനം അതേസമയം അവിടെ നടക്കുന്നുണ്ടായിരുന്നു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാര്‍ മുതലായ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ പൂപ്പൊലി എല്ലാ വർഷവും ജനുവരി ഒന്നുമുതൽ 18വരെ ആയിരിക്കുമെന്നും അടുത്ത വർഷത്തിലേക്കുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂപ്പൊലി സ്മരണികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.പൂപ്പൊലിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള സമ്മാനം സി കെ ശശീന്ദ്രന് എം.എല്‍.എ വിതരണം ചെയ്തു.
ഫ്ലവര്‍ഷോയും എക്സിബിഷനും മാത്രമല്ല നിരവധി സ്റ്റാളുകളും പൂപ്പൊലിയോടനുബന്ധിച്ച് സജ്ജമാക്കിയിരുന്നു. മൂന്നു മൂന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പൂപ്പൊലി മുഴുവനും കണ്ടുതീര്‍ത്തു. ഇനി അടുത്ത വര്‍ഷം… പൂപ്പൊലി ഇതുവരെ കാണാത്തവര്‍ അടുത്തവര്‍ഷം തീര്‍ച്ചയായും കാണുവാന്‍ ശ്രമിക്കുക…