വിവരണം – ദീപ ഗംഗേഷ്.
വയനാട്ടിൽ കബനീനദിയും പോഷകനദികളും സൃഷ്ടിക്കുന്ന മനോഹരമായ ഒരു ദ്വീപസമൂഹം ഉണ്ട്.. കുറുവ ദ്വീപ് .. 900 ഏക്കറിൽ ദ്വീപും ഉപദ്വീപുമായി പരന്നു കിടക്കുന്ന ജനവാസം ഇല്ലാത്തൊരു പച്ച തുരുത്ത് .അവിടെ വച്ചുണ്ടായ രസകരമായ ഒരു അനുഭവമാണ് ഇന്നത്തെ ഓർമ്മകൾ.
ആദ്യത്തെ വയനാടൻ യാത്രയിൽ കുറുവ ദ്വീപിൽ ചിലവഴിക്കാൻ അധികം സമയം കിട്ടിയില്ല. ആ കണക്ക് തീർക്കാനായിരുന്നു രണ്ടാമത്തെ വരവ്. രാവിലെ തിരുനെല്ലി ക്ഷേത്രദർശനവും നടത്തി നേരേ കുറുവയിലേക്ക്. മാനന്തവാടി കാട്ടിക്കുളം വഴി പാൽവെളിച്ചം കവാടത്തിൽ എത്താമെന്ന് കേട്ടിട്ടുണ്ട്. വഴി വല്യ നിശ്ചയം ഒന്നുമില്ലാതെയാണ് യാത്ര. പെട്ടന്നാണ് കുറുവദ്വീപ് എന്ന സൈൻബോർഡ് കണ്ടത്. ബോർഡ് ചൂണ്ടി കാണിച്ച ചെറിയവഴിയിലേക്ക് വാഹനം തിരിഞ്ഞു. ട്രാവല്ലറിന് കഷ്ടിച്ചു കടന്നുപോകാവുന്ന ചെറിയ കാനനപാതയിലൂടെയാണ് യാത്ര. എതിരെ വാഹനങ്ങൾ ഒന്നും കാണുന്നില്ല. പണി പാളി എന്ന് മനസ്സിൽ തോന്നി തുടങ്ങി .
പെട്ടന്ന് ഒരാൾ കൈ കാണിച്ച് വണ്ടിയുടെ മുന്നിലേക്ക് ഓടി വന്നു. പോവരുത് വഴിയിൽ ആനയുണ്ട് അയാൾ വിറയലോടെ മന്ത്രിച്ചു… ആദിവാസികൾക്ക് ആനകളെ മണത്തറിയാം എന്നു കേട്ടിട്ടുണ്ട്. ഉള്ളിലെ കിളി പറന്നു പോയ് തുടങ്ങി. പാട്ട പോലെ എന്തോ കൊട്ടി അയാൾ ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം അയാൾ ഞങ്ങളോട് പോയ്ക്കോളാൻ പറഞ്ഞു. അയാൾ പറഞ്ഞത് സത്യം ആയിരുന്നു. വഴിയിൽ നിറയെ ഫ്രഷ് ആനപിണ്ഡം. ഭാഗ്യത്തിന് ആന വഴിയിൽ ഉണ്ടായിരുന്നില്ല.
കവാടത്തിൽ നിന്ന് ടിക്കറ്റെടുത്ത് ഗൈഡിനെയും കൂടെ കൂട്ടി. നൂറ്റമ്പതോളം ചെറു ദ്വീപുകൾ അവിടെയുണ്ടെത്രെ. പാറക്കെട്ടുകൾ നിറഞ്ഞ കുഞ്ഞ് അരുവികളിലൂടെ പാറകളിൽ ചവിട്ടി കാൽനടയായി ദ്വീപുകളിലേക്ക് പ്രവേശിക്കാം. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ആ യാത്ര ഒരു വല്ലാത്ത ഫീൽ ആണ്. ആദ്യ യാത്രയിൽ മൂന്ന് അരുവികൾ മാത്രമേ മുറിച്ചുകടന്നിരുന്നുള്ളൂ… സാധാരണ ആളുകൾ പോകുന്ന വഴി … ആളുകൾ അധികം പോവാത്ത ദ്വീപുകളിലേക്ക് കൊണ്ടു പോകണം എന്ന് ആദ്യമേ ഗൈഡിനോട് പറഞ്ഞിരുന്നു.
ദ്വീപിനക്കരെ വയനാട് വന്യജീവി സങ്കേതമാണ് .. മഴക്കാലത്ത്പുഴ നീന്തികടന്ന് ആന കാട്ടുപോത്ത് മുതലായവ ദ്വീപിൽ വന്ന് താമസിക്കുമെത്രെ… കത്തുന്ന വേനലിൽ പോലും സൂര്യപ്രകാശം എത്താത്ത സ്ഥലങ്ങൾ ഇവിടെയുണ്ട് പക്ഷികളുടെയും ദേശാടന പക്ഷികളുടെയും വിഹാരകേന്ദ്രം.. അപൂർവ്വ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും കലവറയാണ് ഇവിടം.
ഇത്തവണ പന്ത്രണ്ട് കുഞ്ഞരുവികൾ മുറിച്ച് കടന്ന് കാട്ടിലൂടെ കൊണ്ടു പോകാം എന്ന് ഗൈഡ്.. ഞങ്ങളുടെ കുട്ടികൾ അദ്ദേഹവുമായി പെട്ടന്ന് കൂട്ടായി. മറ്റുള്ള ടൂറിസ്റ്റുകളിൽ നിന്നും ഒറ്റപ്പെട്ട് ഞങ്ങൾ യാത്ര ആരംഭിച്ചു.. ആദ്യത്തെ അരുവി മുറിച്ചുകടക്കാൻ വല്യ പ്രശ്നം ഉണ്ടായില്ല.. കുട്ടികളെ പുഴകടത്താനുള്ള ചുമതല ഗൈഡ് ഏറ്റെടുത്തു .പൊന്തി നിൽക്കുന്ന പാറകളിലൂടെയുള്ള ചാട്ടം ശരിക്കും രസമായിരുന്നു .. ധരിച്ചിരുന്ന സാരി അല്പം പ്രശ്നം ഉണ്ടാക്കാതിരുന്നില്ല. അങ്ങനെ ഞങ്ങൾ ആദ്യ ദ്വീപിലെത്തി..
അരുവിലേക്ക് മുഖം താഴ്ത്തി നിൽക്കുന്ന വളഞ്ഞുപുളഞ്ഞ മരങ്ങൾ.. മരങ്ങൾക്കിടയിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ പുഴയിൽ അലക്കുകയും കുളിക്കുകയും ചെയ്യുന്ന ആദിവാസി സ്ത്രീകളെ കണ്ടു .. അവരും കൗതുകത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അതവരുടെ സ്വകാര്യത ആയതു കൊണ്ട് അധികം നോക്കി നിന്നില്ല.
കൊച്ചു കൊച്ചു അരുവികൾ മുറിച്ചുകടന്ന് ഞങ്ങൾ വിജനമായ ആ വന്യസൗന്ദര്യം ആവോളം ആസ്വദിച്ചു. പുഴയിൽ പലയിടത്തും മുട്ടിനൊപ്പം വെള്ളം ഉണ്ടായിരുന്നു .. അതിലൂടെ ഇറങ്ങി പാറയിൽ പിടിച്ചു കയറി ശരിക്കും രസകരമായ യാത്ര. ആരാണ് ഈ ശല്യക്കാർ എന്ന് ദേഷ്യത്തോടെ ഞങ്ങളെ നോക്കി പറക്കുന്ന കിളികൾ… സംഭവം ബഹു രസമായി യാത്ര മുന്നോട്ട് പോവുകയാണ്.. അങ്ങനെ അവസാനം കടക്കേണ്ട അല്പം വലിയ അരുവിയുടെ കരയിൽ ഞങ്ങൾ എത്തി…
കാടുകളുടെ തണലിൽ സൂര്യപ്രകാശം അധികം ഏൽക്കാത്ത ഭാഗമാണ്.. സഞ്ചാരികൾ ഒന്നും ആ ഭാഗത്തേക്കോ എന്തിന് അതിന് അടുത്തു പോലും എത്തിയ യാതൊരു ലക്ഷണങ്ങളും ഇല്ല … ഓരോരുത്തരായി പുഴയിലേക്ക് ഇറങ്ങി തുടങ്ങി: – പുഴയിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ ഉള്ളിലെകിളി വീണ്ടും പറന്നു തുടങ്ങി… സാധാരണ മനുഷ്യർ മുറിച്ചുകടക്കാത്ത സ്ഥലം ആയതു കൊണ്ട് വെള്ളത്തിനടിയിലെ പാറകൾക്ക് വല്ലാത്ത വഴുക്കൽ .ഓരോരുത്തരായി ശ്രദ്ധിച്ച് കടന്നു തുടങ്ങി…വെള്ളത്തിലെ കൊച്ചു പാറയിൽ കാലുറപ്പിച്ച് ഞാനും നടക്കാൻ തുടങ്ങി. കുറച്ചപ്പുറത്തുള്ള പൊങ്ങിനിൽക്കുന്ന പാറയാണ് ലക്ഷ്യം.. മുട്ടിനു മുകളിൽ വെള്ളം ഉണ്ട്..
പെട്ടന്നാണ് അതു കണ്ടത്… വെള്ളത്തിനു മുകളിൽ പൊങ്ങി നിൽക്കുന്ന ഒരു കുഞ്ഞുതല… ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസ്സിലായത് .ഒരു പൊട്ടൻ പാമ്പ്.. ഓടുന്നതിനു പകരം അപ്രതീക്ഷിതമായി കണ്ട അതിഥികളെ സ്വീകരിക്കാൻ എന്നവണ്ണം മൂപ്പര് വായ തുറന്ന് ചിരിച്ച് സന്തോഷത്തോടെ എൻ്റെ നേരേ നീന്തി വരികയാണ്… പാമ്പിൻ്റെ ചിത്രം പോലും കണ്ടാൽ ബോധം പോവുന്ന ഞാൻ… അയ്യോ… പാമ്പ് എന്ന് അലറിയത് ഓർമ്മയുണ്ട്… കാൽ വഴുക്കി ” ധും ” എന്ന് പാമ്പിന് മുകളിലൂടെ വെള്ളത്തിലേക്ക്..
വെള്ളത്തിൽ നിന്ന് തല ഉയർത്തിയ ഞാൻ ആദ്യം തപ്പിയത് എൻ്റെ കഴുത്തിലാണ്. പാമ്പ് കഴുത്തിൽ ചുറ്റി ഞാൻ ശിവഭഗവാനായിട്ടുണ്ടോ എന്നറിയാൻ. ഭാഗ്യം ഇല്യ. സ്വീകരിക്കാൻ ചെന്ന കക്ഷി തന്നെ പിടിക്കാൻ വരുന്നതു കണ്ട് ആ പാവത്തിൻ്റെ ബോധം പോയിക്കാണും..പേടിക്കണ്ട നീർക്കോലിയാണ്. ഗൈഡിൻ്റെ സ്വരം കേട്ടു. വെയിലുള്ള പാറമേൽ ഇരുന്ന് വസ്ത്രം ഉണക്കി ..
പിന്നീട് പൊന്തക്കാടുകൾ വകഞ്ഞു മാറ്റി ഒറ്റയടി പാതയിലൂടെ കുത്തനെ കയറ്റം.. പാമ്പിൻ്റെ ഭയം വീണ്ടും വിറയൽ ഉണ്ടാക്കി … ആ വഴി അവസാനിച്ചത് നെൽപ്പാടങ്ങളുടെ കരയിലേക്കാണ്… ആദിവാസി ഗ്രാമത്തിൻ്റെ നേർകാഴ്ചകൾ അവിടെയുണ്ട്.. പുല്ലുമേഞ്ഞ വീടുകൾ… പുല്ലുമേഞ്ഞ ഒരു വീടിനോടു ചേർന്ന് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കടയിലിരുന്ന് വിറകടുപ്പിലുണ്ടാക്കിയ വയനാടൻ കാപ്പിയുടെ സ്വാദ് അറിഞ്ഞു. തൊട്ടത്തുള്ള ഞാവൽമരം കുലുക്കി… താഴെ വീണ കായ്കൾ പെറുക്കി കഴിച്ച് നാവ് നീല കളറാക്കി ..
മുളങ്കാടിനോട് ചേർന്ന് DTPC യുടെ മുളകൊണ്ട് നിർമ്മിച്ച ട്രീ ഹൗസ് ഉണ്ടായിരുന്നു … ടൂറിസ്റ്റുകൾ ഇല്ലാത്തതിനാൽ അതിൽ കയറാനും അവസരം ലഭിച്ചു.. യൂറോപ്യൻ ടോയ്ലറ്റ് സൗകര്യം ഉള്ള നല്ല അസ്സൽ ട്രീ ഹൗസ്. പ്രകൃതിയുടെ മാസ്മരികതയിൽ കാടിൻ്റെ സംഗീതം കേട്ട് കുറെ നേരം അവിടെ വിശ്രമിച്ചു.
ഇനി ചങ്ങാടത്തിൽ പുഴ മുറിച്ചുകടന്ന് വേണം തിരിച്ചു പോക്ക്. നൂറിലധികം മുളകൾ ഒരേ നീളത്തിൽ മുറിച്ച് നിർമ്മിക്കുന്ന ചങ്ങാടം ആദിവാസികളുടെ അത്ഭുതകരമായ ഒരു നിർമ്മിതിയാണ്. വർഷങ്ങളോളും ഉപയോഗിക്കാമെന്നും മുങ്ങില്ല എന്നുള്ളതും വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം എന്നതും ഈ ചങ്ങാടങ്ങളുടെ പ്രത്യേകതയാണ്. പുഴക്ക് കുറുകെ കെട്ടിയ വള്ളിയിൽ പിടിച്ചാണ് ചങ്ങാടം മുന്നോട്ട് കൊണ്ടു പോവുന്നത്. വളരെ രസകരമായ ഒരു യാത്ര. റിവർ റാഫ്റ്റിംഗ് എന്ന പേരിൽ ഈ ചങ്ങാടത്തിൽ ദ്വീപ് ചുറ്റികാണാനുള്ള അവസരവും DTPC നൽകുന്നുണ്ട് എന്നറിയുന്നു.
ചങ്ങാടത്തിൽ നിന്നിറങ്ങി പിന്നെയും മുളകൊണ്ടുള്ള നിർമ്മിതികൾ കണ്ടു. മുളകൊണ്ടുണ്ടാക്കിയ പാലങ്ങൾ, കാട്ടുവള്ളികൾ കൊണ്ട് മുളവരിഞ്ഞുണ്ടാക്കിയ ഇരിപ്പിടങ്ങൾ, മുളം കുടിലുകൾ അങ്ങനെ അങ്ങനെ. പഴശ്ശി വിപ്ലവ കാലത്ത് കോട്ടയം രാജവംശത്തിലെ പടനായകൻമാർ ഈ ദ്വീപിലാണ് ഒളിപ്പോരിന് ഇരുന്നിരുന്നതെത്രെ. അവരാണ് ഈ തടാകങ്ങൾക്ക് പാൽ തടാകങ്ങൾ എന്ന പേര് നൽകിയതെന്ന് പറയപ്പെടുന്നു. ഗൈഡിനോട് യാത്ര പറഞ്ഞ് കുറവയിൽ നിന്നും കബനിയിൽ നിന്നും തിരിച്ചുപോരുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു.