വിവരണം – Sanjeev S Menon
കോട്ടയം നാഗമ്പടം സ്റ്റാൻ്റിൽ നിന്ന് സോണിയ ഉഴവൂരിൽ എത്തുമ്പോൾ ഞാൻ അവിടെയുണ്ടാകും. കാരണം അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് പുല്പള്ളി – പെരിക്കല്ലൂർ എന്ന്. ആ ലൈറ്റൊക്കെ തെളിച്ച് ഒരു പ്രത്യേകതരം ഹോണടിച്ചുള്ള വരവ് കാണുമ്പോൾത്തന്നെ കുളിരു കോരും. അവൾ നീങ്ങുമ്പോൾ അവളുടെ പിന്നഴക് നോക്കി നില്ക്കും. അവൾ കാണാമറയത്തേക്ക് പോകുമ്പോൾ നിരാശയോടെ തിരിച്ചു നടക്കും.
ഇത് 2001-2002 കാലഘട്ടത്തിലെ കഥ. ഈ പറഞ്ഞത് സോണിയ എന്ന പ്രൈവറ്റ് ബസിനേപ്പറ്റിയാണേ! അന്നും ഇന്നും ദീർഘദൂരൻമാരായ പ്രൈവറ്റ് ബസിനോടും ആനവണ്ടിയോടും പ്രണയമാണ്. സ്വയം വണ്ടിയോടിച്ച് അത്ര ദൂരം പോകാൻ കഴിയുമെന്ന് അന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.
വർഷങ്ങൾ കടന്നു പോയി. യാത്രകൾ ഒരുപാട് നടത്തി.സ്കൂട്ടർ യാത്രകളോടാണ് കൂടുതൽ ഇഷ്ടം. കാരണം ബൈക്ക് ഓടിക്കാൻ അത്ര വശമില്ല. പിന്നെ, സ്കൂട്ടർ എനിക്ക് comfortable ആയി തോന്നുകയും ചെയ്തു. എറണാകുളത്തു നിന്ന് രാത്രി 9.50 ന് പുറപ്പെട്ട് രാവിലെ 5-5.30 ന് സുൽത്താൻ ബത്തേരിയിലെത്തുന്ന സൂപ്പർഫാസ്റ്റിലാണ് സാധാരണ വയനാട് പോകാറുള്ളത്. അല്ലെങ്കിൽ രാവിലെ 6.45 നുള്ള ഇൻ്റർസിറ്റി ട്രെയിനിൽ കോയ്ക്കോട് ഇറങ്ങി അവിടെ നിന്ന് ബത്തേരിക്ക് പോകും.
എറണാകുളത്ത് താമസമാക്കിയപ്പോഴേയുള്ള ആഗ്രഹമാണ് വയനാട്ടിലേക്ക് ഒരു സ്കൂട്ടർ യാത്ര. കഴിഞ്ഞ മാർച്ച് 14 ന് മീനങ്ങാടിയിലുള്ള ബന്ധുവീട് ലക്ഷ്യമാക്കി രാവിലെ 6.45 ന് എറണാകുളം രവിപുരത്തു നിന്ന് എൻ്റെ ജൂപ്പിറ്റർ ക്ലാസ്സിക് യാത്ര ആരംഭിച്ചു. യാത്ര പുറപ്പെടുമ്പോൾ തൃശൂർ വഴിയോ കൊടുങ്ങല്ലൂർ വഴിയോ പോകേണ്ടത് എന്ന ചോദ്യം ഉടലെടുത്തു. പറഞ്ഞു കേട്ടിടത്തോളം ചമ്രവട്ടം ഭാഗത്ത് റോഡ് തീരെ മോശമാണ്. തൃശൂർ വഴിയെങ്കിൽ ദൂരക്കൂടുതലും സ്ഥിരം റൂട്ടും. രണ്ടും കല്പിച്ച് ഇടപ്പള്ളിയിൽ നിന്ന് വരാപ്പുഴ റൂട്ടിൽ കയറി. കൊടുങ്ങല്ലൂരിൽ നിന്ന് ഒരു ചായ കുടിച്ച് പ്രയാണം തുടർന്നു.
ബസിനുള്ള വേഗത സ്കൂട്ടറിൽ പ്രായോഗികമല്ലാത്തതിനാൽ എപ്പോൾ എത്തുമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. എന്നാൽ സ്വന്തം നിയന്ത്രണത്തിലുള്ള ആ ഒറ്റക്കുള്ള യാത്ര ആസ്വദിച്ചു. ചാവക്കാടെത്തിയപ്പോൾ ചമ്രവട്ടത്തേക്ക് പോകുന്ന റോഡിലെ സൈൻ ബോർഡ് കണ്ടു. ഇടത്തേക്ക് തിരിഞ്ഞ് ചമ്രവട്ടം റൂട്ട് പിടിച്ചു. അവിടം മുതൽ ഞാൻ കാണാത്ത കാഴ്ചകളാണ്. പ്രകൃതി രമണീയത ഒന്നുമല്ല, പുതിയ റൂട്ടുകൾ പ്രത്യേക ഫീൽ തരും.
പൊന്നാനി എത്തുന്നതിനു മുൻപായി ഒരു ഇക്കാൻ്റെ കടയിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ച് യാത്ര തുടർന്നു. പൊന്നാനി എത്തുന്നതിനു മുൻപായി ചമ്രവട്ടത്തേക്കു തിരിയുന്ന റോഡ് കണ്ടു. പൊന്നാനി ടൗൺ കയറാതെ ചമ്രവട്ടം പാലത്തിനടുത്തുള്ള സിഗ്നൽ എത്തിയപ്പോൾ പോകേണ്ട റൂട്ട് ഒന്നുകൂടി ചോദിച്ച് ഉറപ്പിച്ചു. ചമ്രവട്ടം ഭാഗത്തൊക്കെ നല്ല റോഡായിരുന്നു. അങ്ങനെ ചമ്രവട്ടവും കടന്ന് പരപ്പനങ്ങാടി വഴി കോഴിക്കോട് -വയനാട് ബൈപ്പാസ് എത്തി. സംശയ നിവാരണം നടത്തി സിഗ്നലിൽ നിന്നു കിട്ടിയ ആളോടൊപ്പം ചെന്നു കയറിയത് കുന്നമംഗലത്ത്. അവിടെ നിന്ന് മ്മഡെ സ്ഥിരം റൂട്ടായതു കൊണ്ട് കൂടെ വന്ന വഴികാട്ടിക്ക് നന്ദി പറഞ്ഞ് താമരശ്ശേരി ഭാഗത്തേക്ക്.
തൊണ്ട വരളുന്നുണ്ടെങ്കിലും താമരശ്ശേരി ചുരത്തിൽ ലഭിക്കുന്ന പാനീയങ്ങൾ മനസിലുള്ളതിനാൽ വെള്ളം കുടിച്ചില്ല. പ്രതീക്ഷിച്ചതു പോലെ ചുരം കയറിത്തുടങ്ങിയപ്പോൾ നല്ല തണുത്ത മുന്തിരി സോഡാ കിട്ടി. കടക്കാരൻ പയ്യനോട് കൂട്ടുകൂടി യാത്രാ വർത്തമാനമൊക്കെ പറഞ്ഞ് പിരിഞ്ഞു. റോഡ് പണി നടക്കുന്നതിനാൽ പ്രതീക്ഷിക്കാതെ കുറേ സമയം പോയി. സ്കൂട്ടർ ആയതിനാൽ ഒരു വിധം രക്ഷപ്പെട്ടു.
വ്യൂ പോയിൻ്റിൽ അല്പം കാഴ്ചകൾ കണ്ട് വയനാടിൻ്റെ കവാടത്തിലെത്തിയപ്പോൾത്തന്നെ വല്ലാത്ത ഒരു അനുഭൂതി തോന്നി. കല്പറ്റയിൽ വീണ്ടും റോഡ് പണി മൂലം കുറച്ചു സമയനഷ്ടം സംഭവിച്ചു. പിന്നീടുള്ള കുറച്ചു ദൂരം ഓടാൻ അധിക സമയം വേണ്ടി വന്നില്ല. ഉച്ചക്ക് 2.30 ന് മീനങ്ങാടിയിലെത്തി. അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ മനോജ് എത്തി. അങ്ങനെ ചെണ്ടക്കുനിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയപ്പോൾ ജൂപ്പിറ്റർ ചങ്ക് 283 കി.മി ദൂരം പിന്നിട്ടിരുന്നു.
രണ്ടു ദിവസത്തെ താമസത്തിൽ സാഹചര്യം മോശമായതിനാൽ ഒരുപാട് കറക്കത്തിനൊന്നും തുനിഞ്ഞില്ല. എവിടെ പോയാലും പൊറോട്ട ഉണ്ടാക്കുക എന്നതു ശീലമായതിനാൽ ഇവിടെയും ആവർത്തിച്ചു. വീടിനടുത്തുള്ള ആദിവാസി ഊരിനു പിന്നിലുള്ള ചെറിയ തടാകം കാണാൻ പോയി. കുളിക്കാൻ പറ്റിയ സ്ഥലമാണ്. മഴക്കാലത്ത് നല്ല ഭംഗിയുണ്ടാകും. തടാകവും കണ്ട് മനോജിൻ്റെ മകനേയും കൂട്ടി കാരാപ്പുഴ ഡാമിലേക്ക്.
ആദ്യമായാണ് കാരാപ്പുഴ ഡാം കാണുന്നത്.നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നെങ്കിലും കാഴ്ചകൾ കാണാൻ അതൊരു തടസമായിരുന്നില്ല. കണ്ണാപ്ളി {മനോജിൻ്റെ മകൻ} കളിസ്ഥലം കണ്ടപ്പോൾ ഹാപ്പിയായി. കാരാപ്പുഴ ഡാമിൻ്റെ അധീനതയിലുള്ള സ്ഥലത്തൊക്കെ ചെടികളും പൂക്കളും നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇനിയും കുറച്ചു നാളുകൾ കഴിഞ്ഞാൽ കാരാപ്പുഴ ഡാം പരിസരം കൂടുതൽ ഭംഗിയാകും.
ഡാമിലൂടെയുള്ള നടത്തത്തിനിടെ വയനാട്ടുകാരായ ഒരു അച്ഛനേയും മകളേയും കൂട്ടുകിട്ടി. വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഡാമിൻ്റെ അറ്റത്തെത്തിയപ്പോൾ അപ്പുറത്തേക്ക് പ്രവേശനമില്ല എന്ന ബോർഡ് കണ്ടു. പിന്നെ ഇടതു വശത്തേക്കുള്ള പടികളിറങ്ങി താഴെയെത്തി പാൽ നുര പോലെ വരുന്ന വെള്ളത്തിൻ്റെ വരവ് ആസ്വദിച്ചു കടന്നലുകൾ ഡാമിൽ കൂടു കൂട്ടിയിട്ടുണ്ട്. അവയുടെ ശല്യം സഹിക്കാൻ കഴിയാതെ തിരിച്ചു കയറി. കണ്ണാപ്ളിക്ക് ഒരു ഐസ്ക്രീമും വാങ്ങിക്കൊടുത്ത് തിരിച്ച് ചെണ്ടക്കുനിക്ക്.
രണ്ടു ദിവസത്തെ താമസത്തിനു ശേഷം തിരിച്ച് എറണാകുളത്തേക്ക് പോരുമ്പോൾ കോഴിക്കോട്ടുള്ള FB സുഹൃത്തുക്കളായ മൂന്നു പേരെ കാണണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ ചുരം യാത്ര ആസ്വദിച്ച് കോയ്ക്കോട്ടുകാരൻ Murukesh Thayyil ൻ്റെ വീട്ടിലെത്തി. സ്കൂൾ മാഷായിരുന്ന അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും വർത്തമാനമൊക്കെ പറഞ്ഞ് നല്ലൊരു ഊണും കഴിച്ചു കൊണ്ടിരുന്നപ്പോൾ യാത്രാ പ്രിയനായ സുഹൃത്ത് Shukoor Gugu ൻ്റെ വിളിയെത്തി.
മാഷ് വഴി പറഞ്ഞു കൊടുത്തതനുസരിച്ച് കക്ഷി എത്തി, എന്നെയും കൂട്ടി മറ്റൊരു സുഹൃത്ത് Ali Nabhan നെ കാണാൻ ടൗണിലേക്ക്. അദ്ദേഹത്തെക്കണ്ട് ഒന്നിച്ച് ചായയും മോന്തി കൊച്ചുവർത്തമാനം പറഞ്ഞ് തിരികെ മാഷിൻ്റെ വീട്ടിലെത്തി. പിന്നെ സമയം അതിക്രമിച്ചതിനാൽ 5.30 ഓടെ യാത്ര പുനരാരംഭിച്ചു. പിന്നീട് കിട്ടിയത് രാത്രിയാത്രയുടെ ഹരം. വന്ന റൂട്ടിലൂടെയുള്ള യാത്രയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഉണ്ടായ പോലീസ് ചെക്കിംഗ് ഒഴിച്ചാൽ യാത്ര നന്നായി ആസ്വദിച്ചു. രാത്രി 12 മണിക്ക് ജൂപ്പിറ്റർ എന്നെ എറണാകുളത്ത് തിരിച്ചെത്തിച്ചു. അങ്ങനെ എൻ്റെ സ്വപ്ന യാത്രക്ക് വിരാമമായി.