കപ്പലിലെ രണ്ടാം ദിവസം പുലർന്നു. ഉറക്കം എഴുന്നേറ്റു ബാൽക്കണിയിൽ എത്തിയപ്പോൾ ഞങ്ങളുടെ ഷിപ്പ് മലേഷ്യയിലെ പോർട്ട് ക്ലാംഗ് എന്ന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗം ആളുകളും ക്വലാലംപൂർ സിറ്റി ടൂറിനായി കപ്പലിൽ നിന്നും കരയിലേക്ക് ഇറങ്ങി പോയിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾ മാത്രമാണ് കപ്പൽ മലേഷ്യൻ തുറമുഖത്ത് ഉണ്ടായിരിക്കുക. മലേഷ്യയിലൊക്കെ മുന്നേ തന്നെ കറങ്ങിയിരുന്നതിനാൽ ഞങ്ങൾ കപ്പലിൽത്തന്നെ ചെലവഴിക്കുവാൻ തീരുമാനിച്ചു.
ഞങ്ങൾ കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാൻ റെസ്റ്റോറന്റിലേക്ക് നടന്നു. പതിനാലാമത്തെ നിലയിലെ WindJammer എന്ന റെസ്റ്റോറന്റിൽ നിന്നുമായിരുന്നു ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്. വിശപ്പടക്കിയ ശേഷം റെസ്റ്റോറന്റിലെ ചില്ലിലൂടെ ഞാൻ തുറമുഖക്കാഴ്ച്ചകൾ നോക്കിനിൽക്കുകയായിരുന്നു. അപ്പോൾ WindJammer ബാറിലെ ജീവനക്കാരനും മലയാളിയുമായ രമേഷ് എന്നെ വന്നു പരിചയപ്പെടുകയുണ്ടായി. കപ്പലിലെ ജോലിയുടെ വിശേഷങ്ങളെല്ലാം രമേശ് എന്നോട് പങ്കുവെച്ചു.
ബ്രേക്ക്ഫാസ്റ്റിനു ശേഷം ബോൺവോയോടൊപ്പം യാത്രയ്ക്കായി എത്തിയ എല്ലാവരും ഒന്നിച്ചുള്ള ഒരു ഗെറ്റ് ടുഗതർ ഷിപ്പിനുള്ളിൽ വെച്ചു നടന്നു. യാത്രക്കാരെല്ലാം തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കുകയുണ്ടായി. ഒപ്പം മധു ഭാസ്കരൻ സാറിന്റെ ഒരു കിടിലൻ മോട്ടിവേഷണൽ സ്‌പീച്ചും ഉണ്ടായിരുന്നു. പരിപാടിയിൽ കപ്പൽ ജീവനക്കാരും പങ്കെടുത്തിരുന്നു. ഒടുവിൽ എല്ലാവരും ഒന്നിച്ചൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം ഞങ്ങൾ തുറമുഖത്ത് ഒന്ന് ഇറങ്ങാൻ സാധിക്കുമോയെന്നറിയാനായി നീങ്ങി.
കരയിൽ ഇറങ്ങുന്ന കാര്യം അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് രണ്ടരയോടെ ഷിപ്പ് പുറപ്പെടുമെന്നും അതിനു മുന്നെയായി തിരികെ കയറണമെന്നും അവർ പറയുകയുണ്ടായി. സീ പാസ്സ് കാണിച്ചാൽ മാത്രം മതി കയറാനും ഇറങ്ങാനുമെല്ലാം. അങ്ങനെ ഞങ്ങൾ കപ്പലിൽ നിന്നും മലേഷ്യൻ മണ്ണിൽ കാലു കുത്തി.
പുറത്തേക്കൊന്നും പോകാൻ നിൽക്കാതെ തുറമുഖത്തു മാത്രമായിരുന്നു ഞങ്ങൾ ചെലവഴിച്ചത്. ഇത്രയിടം വരെ യാത്ര ചെയ്തു വന്ന, ഇനിയങ്ങോട്ട് യാത്ര തുടരുന്ന ഞങ്ങളുടെ കപ്പലിനെ അവിടെ നിന്നും ഞങ്ങൾ നോക്കിക്കണ്ടു. ഒരു ഒന്നൊന്നര മുതൽ തന്നെയെന്ന് ആത്മഗതം പറഞ്ഞുകൊണ്ട് അധികം വൈകാതെ ഞങ്ങൾ കപ്പലിലേക്ക് തിരികെ കയറി.
നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ കപ്പലിൽ കയറിയപാടെ ഞങ്ങൾ നേരെ റെസ്റ്റോറന്റിലേക്ക് ആയിരുന്നു പോയത്. റെസ്റ്റോറന്റിൽ ആണെങ്കിൽ നല്ല തിരക്കും. ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന ഏരിയയിലാണ് നല്ല തിരക്ക്. തിരക്കിനിടയിൽ ഞങ്ങൾ ഭക്ഷണം എടുത്ത് റെസ്റ്റോറന്റിലെ ഒരു മൂലയിലെ ടേബിളിലിരുന്ന് കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കപ്പൽ വിടാനുള്ള സമയം അടുത്തിരുന്നു. സിറ്റി ടൂറിനു പോയ യാത്രക്കാരെല്ലാം കപ്പലിൽ തിരിച്ചെത്തിയിട്ടുണ്ടാകാം. കപ്പലിലെ ഡെക്കുകളിൽ നടന്നു നടന്ന് നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കുറച്ചു സമയം വിശ്രമിക്കുന്നതിനായി നേരെ റൂമിലേക്കു പോകുകയും ചെയ്തു. ഇനി ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ… To contact Bonvo: +91 85940 22166, +91 75940 22166.