നാലു ദിവസം നീണ്ട ട്രാൻസ് സൈബീരിയൻ യാത്രയ്ക്കു ശേഷം ഞങ്ങൾ സൈബീരിയയിലെ Irkutsk എന്ന സ്ഥലത്ത് ഇറങ്ങി. രാത്രി സമയത്തായിരുന്നു ഞങ്ങൾ അവിടെ ട്രെയിനിറങ്ങിയത്. റെയിൽവേ സ്റ്റേഷൻ ആണെങ്കിൽ പറയുകയേ വേണ്ട, ഏതോ ഒരു ചരിത്ര സ്മാരകം പോലെയൊക്കെ തോന്നിപ്പിക്കുന്ന തരത്തിലാണ് നിർമ്മിതി. രാത്രിവെളിച്ചത്തിൽ കാണുവാൻ അതിഗംഭീരം.
കുറച്ചു സമയം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് അതിൻ്റെ ഭംഗി ആസ്വദിക്കുകയും ഒരു ഫോട്ടോഷൂട്ടും ഒക്കെ നടത്തി. അതിനു ശേഷം ടാക്സി വിളിച്ച് ഹോട്ടൽ റൂമെടുക്കുവാനായി യാത്രയായി. ലഗേജുകൾ അധികമുണ്ടായതിനാൽ ഞങ്ങൾ രണ്ടു ടാക്സി കാറുകളിലായാണ് യാത്ര പുറപ്പെട്ടത്. ഞങ്ങളുടെ കാർ ഓടിച്ചിരുന്നത് പ്രായമായ ഒരു ചേട്ടനായിരുന്നു. അദ്ദേഹമാണെങ്കിൽ യാത്രയ്ക്കിടെ നല്ല കമ്പനിയുമായി.
അങ്ങനെ ഞങ്ങൾ താമസിക്കുവാനായി തെരഞ്ഞെടുത്ത അപ്പാർട്മെന്റിൽ എത്തിച്ചേർന്നു. അലക്‌സാണ്ടർ എന്ന രസികനായ ഒരാളായിരുന്നു ഹോട്ടലിൽ ഞങ്ങളുടെ കാര്യങ്ങൾ നോക്കുവാനായി ഉണ്ടായിരുന്നത്. നാലാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ അപ്പാർട്മെന്റ് എന്നു കേട്ടപാടെ ഞങ്ങളെല്ലാവരുടെയും ഊർജ്ജം ഒരുമിച്ചു പോയി എന്നുപറയാം. എങ്കിലും അലക്‌സാണ്ടർ ബ്രോ ഹെൽപ്പ് ചെയ്യാമെന്നു പറഞ്ഞപ്പോൾ ഹാപ്പിയായി.
റൂമിലേക്ക് പോകുന്നതിനു മുൻപ് വിശപ്പടക്കുവാൻ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നു ഞങ്ങൾ അന്വേഷിച്ചു. അങ്ങനെ അലക്‌സാണ്ടർ ബ്രോ ഞങ്ങളെ അവിടെയടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പരിചയപ്പെടുത്തി തരികയും ചെയ്തു. എന്നിട്ട് അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി. ‘KC Pizza’ എന്നു പേരുള്ള ഒരു അണ്ടർഗ്രൗണ്ട് റെസ്റ്റോറന്റായിരുന്നു അത്. രാത്രിയായതിനാലാകും തിരക്ക് ഒട്ടും ഉണ്ടായിരുന്നുമില്ല. റെസ്റ്റോറന്റിനകത്തെ ചുമരുകളെല്ലാം മനോഹരമായി പെയിന്റ് ചെയ്ത് ആകർഷകമാക്കിയിരുന്നു. നല്ല അടിപൊളി ബാക്ക്ഗ്രൗണ്ട്.
മെനു കാർഡ് നോക്കി നല്ലതെന്നു തോന്നിച്ചവയൊക്കെ ഞങ്ങൾ ഓർഡർ ചെയ്തു കഴിച്ചു. അതിനിടയിൽ അടുത്ത ദിവസത്തെ ഞങ്ങളുടെ കറക്കവും പ്ലാനുമൊക്കെ തയ്യാറാക്കുവാനും സമയം കണ്ടെത്തി. ഒരു കാർ റെന്റിനെടുത്ത് കറങ്ങാം എന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. അങ്ങനെ ഭക്ഷണമെല്ലാം കഴിച്ചു വിശപ്പടക്കി ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു.
അകത്തു കയറി ഞങ്ങളുടെ അപാർട്മെന്റ് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. നല്ല വിശാലമായ ഒരു വീടിന്റെ ഉൾവശം പോലെ കിടക്കുന്ന ഒരു കിടിലൻ അപ്പാർട്മെന്റ്. റൂമുകളിലെ വൃത്തി പോലെതന്നെയായിരുന്നു വാഷ്റൂമുകളിലും. അടിപൊളി തന്നെ. അത്ഭുതപ്പെട്ടുപോയത് മറ്റൊന്നും കൊണ്ടല്ല, ഇത്രയും സൗകര്യങ്ങളുള്ള ഈ അപ്പാർട്ട്മെന്റിന് per day വെറും 4000 രൂപ മാത്രമേ (ഇന്ത്യൻ രൂപയും, റഷ്യൻ കറൻസിയായ റൂബിളും ഒരേ മൂല്യമാണ്) ആകുന്നുള്ളൂ എന്നതായിരുന്നു. എന്തായാലും അടിപൊളി തന്നെ.
ഇത്രയും ദിവസം ട്രെയിനിനകത്തുതന്നെ കഴിച്ചുകൂട്ടിയ ഞങ്ങൾക്ക് ഒരു വിശാലമായ സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു ആ രാത്രി. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ കൂടെയുണ്ടായിരുന്ന ബ്രോസ് എല്ലാവരും പതിയെ ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായി. ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തു തീർക്കുവാനുണ്ടായിരുന്നതിനാൽ ഞാൻ ആ പരിപാടികളിലേക്ക് കടക്കുകയും ചെയ്തു.