മൊറോക്കോയിലെ ബ്ലൂസിറ്റിയിലെ കറക്കത്തിനിടെയാണ് പെട്ടെന്ന് ആ വാർത്ത ഞങ്ങൾ അറിയുന്നത് – മൊറോക്കോയിൽ ‘അടിയന്തരാവസ്ഥ അഥവാ ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചിരിക്കുന്നു. ആ ദിവസം വൈകുന്നേരം ആറുമണി ,മുതലായിരുന്നു ലോക്ക്ഡൗൺ. അതുവരെ ഞങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കും. അങ്ങനെ ഞങ്ങൾ യാത്രയെല്ലാം അവസാനിപ്പിച്ച് അവിടെ നിന്നും തിരിക്കുവാൻ തീരുമാനിച്ചു. മൊറോക്കോയിലെ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുനീർ ഭായിയെ ഞങ്ങൾ വിളിച്ച് സഹായമഭ്യർത്ഥിക്കുകയും അദ്ദേഹം അവരുടെ ഒരു അപ്പാർട്ട്മെന്റിൽ ഞങ്ങൾക്ക് താമസം ശരിയാക്കാമെന്നും അറിയിച്ചു.
മുഹമ്മദിയ എന്ന സ്ഥലത്താണ് സുനീർ ഭായിയുടെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. റബാത്തിനും കാസാബ്ളാങ്കയ്ക്കും ഇടയിലായിട്ടാണ് മുഹമ്മദിയ. ഗൈഡ് നിസ്‌റിനൊപ്പം റബാത്തിൽ ചെന്നിട്ട് പിന്നീട് മുഹമ്മദിയയിലേക്ക് ടാക്സി പിടിച്ചു പോകുവാൻ ആയിരുന്നു പ്ലാൻ. അങ്ങനെ ഞങ്ങൾ ബ്ലൂസിറ്റിയിൽ നിന്നും റാബത്തിലേക്ക് യാത്രയായി. പോകുന്ന വഴിയിലും ഞങ്ങൾ കാഴ്ചകൾ ആസ്വദിക്കാൻ സമയം കണ്ടെത്തി.
ഇത്രയും ദിവസം ബൈജു ചേട്ടനായിരുന്നു കാറിനു മുന്നിൽ ഇരുന്നിരുന്നത്. മടക്കയാത്രയിൽ ബൈജു ചേട്ടനെ പിന്നിലേക്ക് തട്ടി, ഞാൻ കയറി മുന്നിൽ ഇരുന്നു. നിസ്‌റിൻ ആകട്ടെ വണ്ടി പറപ്പിക്കുകയായിരുന്നു. സത്യം പറയാമല്ലോ, ഒരു ഗൈഡ് ആയിട്ടല്ല, ഒരു സുഹൃത്ത് ആയിട്ടു തന്നെയായിരുന്നു ഞങ്ങൾ നിസ്‌റിനെ കണ്ടിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. യാത്രയിൽ പല കാര്യങ്ങൾക്കും നിസ്‌റിൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെയൊരാളെ കൂട്ടു കിട്ടിയത് എന്തായാലും നന്നായി.
പല തരത്തിലുള്ള ഭൂപ്രകൃതിയിലൂടെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. വഴിയരികിൽ ഒലിവ് മരങ്ങൾ ധാരാളമായി കാണാമായിരുന്നു. ഒലിവ് കൃഷി ധാരാളമായിട്ടുള്ള ഒരു രാജ്യമാണ് മൊറോക്കോയെന്ന് പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ലോക്ക്ഡൗൺ വാർത്തകൾ വന്നതു കൊണ്ടാകണം, വഴികളിലെല്ലാം തിരക്ക് വളരെ കുറവായിരുന്നു.
ആറോ ഏഴോ മണിക്കൂർ യാത്ര ചെയ്തു വേണം ഞങ്ങൾക്ക് മുഹമ്മദിയയിൽ എത്തിച്ചേരാൻ. ഞങ്ങൾ പലതവണ പലയിടങ്ങളിലായി വണ്ടി നിർത്തി വിശ്രമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. നല്ല വിശപ്പ് അനുഭവപ്പെട്ടെങ്കിലും ഒരു ഹോട്ടൽ പോലും ഇല്ലാതിരുന്നത് ഞങ്ങൾക്ക് ക്ഷീണമേകി. കാറിലുണ്ടായിരുന്ന കുപ്പിവെള്ളം കുടിച്ചായിരുന്നു ഞങ്ങൾ വിശപ്പിനെ തള്ളിനീക്കിയത്. എല്ലായിടത്തും ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുന്ന കാഴ്ച ഞങ്ങളിൽ അൽപ്പം ഭീതിയുളവാക്കി. പട്ടിണി കിടന്നു മരിക്കേണ്ടി വരുമോയെന്നു പോലും ഞങ്ങൾ ചിന്തിച്ചു.
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് കാറിൽ ഏത്തപ്പഴം ഉള്ളകാര്യം ഞങ്ങൾക്ക് ഓർമ്മ വന്നത്. ഉടനെ തന്നെ വണ്ടി സൈഡാക്കി അതു കഴിച്ചു വിശപ്പിന് അൽപ്പം ശമനം നൽകി. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ ഞങ്ങൾ ഒരു ചെറിയ ടൗൺഷിപ്പിലെ മാർക്കറ്റിൽ എത്തിച്ചേർന്നു. അവിടെ നിന്നും നാടൻ കോഴിമുട്ടകളും പഴവും ഞങ്ങൾ വാങ്ങി. ഏകദേശം 2 രൂപ നിരക്കിൽ 20 കോഴിമുട്ടകൾ ഞങ്ങൾ വാങ്ങി.
മാർക്കറ്റിൽ നിന്നും ഞങ്ങൾ വീണ്ടും കാറിൽക്കയറി യാത്ര തുടർന്നു. പോകുന്ന വഴി നല്ല കിടിലൻ മഴയും അങ്ങ് പെയ്യാൻ തുടങ്ങി. അങ്ങനെ പോയിപ്പോയി ഞങ്ങൾ റബാത്തിൽ എത്തിച്ചേർന്നു. അവിടത്തെ ഒരു സൂപ്പർമാർക്കറ്റിൽ കയറി വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി. നല്ല തിരക്കായിരുന്നു സൂപ്പർ മാർക്കറ്റിൽ അനുഭവപ്പെട്ടത്. സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങി ഞങ്ങൾ നിസ്‌റിനോട് വിട പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരു ടാക്സി വിളിച്ചു മുഹമ്മദിയയിലേക്ക് യാത്രയായി.
ഏതാണ്ട് 60 കിലോമീറ്റർ യാത്രയ്ക്കു ശേഷം ഞങ്ങൾ മുഹമ്മദിയയിലെ സുനീർ ഭായിയുടെ അപ്പാർട്ട്മെന്റിന് അടുത്തെത്തി. അവിടെ ഞങ്ങളെക്കാത്ത് സുനീർഭായി നിൽക്കുന്നുണ്ടായിരുന്നു. ഇനി എത്ര ദിവസങ്ങളാണ് ലോക്ക്ഡൗൺ എന്ന് പറയുവാൻ കഴിയില്ല. അതുവരെ എന്തായാലും ഞങ്ങളുടെ താമസം, ഞങ്ങളുടെ ലോകം എല്ലാം ഈ അപ്പാർട്ട്മെന്റാണ്. ഇതിനൊക്കെ സുനീർഭായിയോട് എങ്ങനെ നന്ദി പറയും? നന്ദി എന്ന വാക്കിൽ എല്ലാം ഒതുക്കുവാൻ സാധ്യമല്ലല്ലോ. അതെ, ചില സമയങ്ങളിൽ ദൈവം മനുഷ്യരൂപത്തിൽ നമുക്കു മുന്നിൽ വരാറുണ്ട്…