എറണാകുളത്തുള്ളവർക്ക് വീക്കെൻഡ് ആഘോഷിക്കുവാൻ പറ്റിയ സ്ഥലങ്ങൾ..

തിങ്കൾ മുതൽ വെള്ളി/ശനി വരെ ജോലിക്ക് പോയി വിഷമിച്ചിട്ട് വീക്കെൻഡ് ആകുമ്പോൾ ലുലു മാളിലോ പാർക്കിലോ സിനിമയ്ക്കോ പോയി സ്വൽപ്പം എന്ജോയ് ചെയ്യുന്നവരാണ് എറണാകുളത്ത് മിക്കവരും. എന്നാൽ ഈ സ്ഥിരം കറക്കം ഒന്ന് മാറ്റിയിട്ട് കുറച്ചുകൂടി അടിച്ചുപൊളിക്കുവാനും റിലാക്സ് ചെയ്യുവാനും പറ്റിയ ധാരാളം സ്ഥലങ്ങൾ എറണാകുളം ജില്ലയിലും അയൽജില്ലകളിലുമായി ഉണ്ട്. ഒരു ദിവസംകൊണ്ട് പോയിവരാവുന്നവയുമാണ് ഈ സ്ഥലങ്ങൾ. അത്തരത്തിൽ ചില സ്ഥലങ്ങളെ പരിചയപ്പെടാം.

1) മൂന്നാർ : എറണാകുളം ജില്ലയിൽ നിന്നും എളുപ്പം പോയി വരാവുന്ന ഒരു മലയോര ടൂറിസ്റ്റു കേന്ദ്രമാണ് മൂന്നാർ. അതിരാവിലെ ഒരു നാലു മണിയോടെ നിങ്ങളുടെ യാത്ര തുടങ്ങുകയാണെങ്കിൽ പോകുന്ന വഴികളിൽ തിരക്ക് കുറവായിരിക്കും. അതോടൊപ്പം തന്നെ മൂന്നാറിൽ രാവിലെ തന്നെ എത്തിച്ചേരുവാനും സാധിക്കും. നേര്യമംഗലം പാലം കഴിഞ്ഞാൽ പിന്നെ കാഴ്ചകളുടെ പറുദീസ തുടങ്ങുകയായി. അതിരാവിലെ സമയങ്ങളിൽ ഇവിടെ കോടമഞ്ഞിറങ്ങുവാൻ സാധ്യതയുണ്ട്. വാഹനങ്ങളിൽ പോകുന്നവർ ശ്രദ്ധയോടെ ഓടിക്കുക.

വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. കപ്പിൾസ് ആയി ബൈക്കിൽ ഇവിടേക്ക് വരുന്നവരുടെ എണ്ണം ഇന്ന് കൂടിക്കൂടി വരികയാണ്. ചെറിയ കുട്ടികൾ കൂടെയുണ്ടെങ്കിൽ ടൂവീലർ യാത്ര ഒഴിവാക്കേണ്ടതാണ്. മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഏരിയകളുണ്ട്. ഇരവികുളം നാഷണൽ പാർക്ക്, ആനമുടി, മാട്ടുപ്പെട്ടി ഡാം, ആനയിറങ്ങൽ ഡാം,ടോപ്‌സ്റ്റേഷന്‍, ദേവികുളം, മറയൂർ, ചിന്നാർ തുടങ്ങിയവയാണ് അവയിൽ പ്രമുഖർ.

ഒരു ദിവസത്തെ യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ വൈകുന്നേരം വരെ മൂന്നാർ ആസ്വദിച്ച ശേഷം തിരികെ എറണാകുളത്തേക്ക് മടങ്ങാം. അതല്ല ഒരു ദിവസം താമസിക്കുവാനാണ് നിങ്ങളുടെ പ്ലാനെങ്കിൽ ധാരാളം ഹോട്ടലുകളും റിസോർട്ടുകളും മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ഉണ്ട്. കഴിവതും റൂം മുൻകൂട്ടി ബുക്ക് ചെയ്തിട്ടു പോകുന്നതാണ് നല്ലത്.

സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എറണാകുളം, ആലുവ എന്നിവിടങ്ങളിൽ നിന്നായി മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസ്സുകളെ ആശ്രയിക്കാവുന്നതാണ്. എറണാകുളം – മൂന്നാർ ബസ് സമയങ്ങൾ അറിയുവാൻ – CLICK HERE.

2) അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടം : എറണാകുളത്തു നിന്നും ഏകദേശം ഒന്നര മണിക്കൂർ മതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുവാൻ. മൂന്നാറിനേക്കാളും എളുപ്പത്തിൽ പോയിവരാൻ കഴിയുന്ന ഒരു മനോഹര സ്ഥലമാണ് അതിരപ്പിള്ളി. ഇവിടേക്ക് ഇടതൂർന്ന വനത്തിനുള്ളിലൂടെയുള്ള യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്. അതിരപ്പിള്ളിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഇതിനടുത്തായുള്ള ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി, ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം, ഡ്രീം വേൾഡ് അക്വാ തീം പാർക്ക് , സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിലും സന്ദർശനം നടത്താവുന്നതാണ്. കുറവ് യാത്രയും കൂടുതൽ കാഴ്ചകളും കാണണമെങ്കിൽ ഇവിടേക്കുള്ള യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ചാലക്കുടി വന്നിട്ട് പ്രൈവറ്റ് – KSRTC ബസ്സുകളിൽ കയറിയും അതിരപ്പിള്ളിയിൽ എത്താം. ചാലക്കുടി – അതിരപ്പിള്ളി റൂട്ടിലെ KSRTC ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാൻ – CLICK HERE.

3) ആലപ്പുഴ : മലയും മഞ്ഞും അല്ലാതെ കായൽ സൗന്ദര്യം ആസ്വദിക്കുവാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ നേരെ വിട്ടോളൂ ആലപ്പുഴയ്ക്ക്. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് – വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. കടലും കായലും തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ തന്റെ സൗന്ദര്യം കൊണ്ട് വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ആലപ്പുഴയിൽ വന്നാൽ ഒരു കായൽ യാത്ര.. അത് നിർബന്ധമാണ്. അത് എങ്ങനെ ഏതു രീതിയിൽ വേണമെന്നത് നിങ്ങളുടെ പോക്കറ്റിന്റെ കനം അനുസരിച്ചിരിക്കുമെന്നു മാത്രം. ഹൗസ് ബോട്ടുകൾ മുതൽ സർക്കാർ ബോട്ടുകൾ വരെ ഇവിടെ യാത്രയ്ക്കായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സാധാരണക്കാരുടെ ജീവിതവും കാഴ്ചകളും അടുത്തറിയണം എന്നുണ്ടെങ്കിൽ സർക്കാർ ബോട്ടിൽ കയറി യാത്ര ചെയ്യുന്നതായിരിക്കും നല്ലത്. ചാർജ്ജും കുറവായിരിക്കും. ആലപ്പുഴ – നെടുമുടി റൂട്ടിൽ പോയാൽ കുറച്ചുകൂടി നല്ലതാണ്. കായൽ യാത്രയ്ക്ക് ശേഷം ആലപ്പുഴ ബീച്ചിൽ സായാഹ്നം കൂടി കണ്ടിട്ട് വേണം തിരികെ മടങ്ങുവാൻ. ഇവിടെ സ്ഥിതി ചെയ്യുന്ന കടൽപ്പാലവും, ലൈറ്റ് ഹൗസും ഒക്കെ പ്രസിദ്ധമാണ്.
അപ്പോൾ ഇനി അടുത്ത യാത്ര കിഴക്കിന്റെ വെനീസിലേക്ക് ആയിക്കൊള്ളൂ. എറണാകുളത്തു നിന്നും ബസ്സിന്‌ വരാവുന്ന കാര്യമേയുള്ളൂ ആലപ്പുഴയിലേക്ക്.

4) വാഗമൺ : കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് വാഗമൺ. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. എറണാകുളത്തു നിന്നും രണ്ടു റൂട്ടിൽ വാഗമണിലേക്ക് പോകാം. തൊടുപുഴ – മൂലമറ്റം വഴിയും പിന്നെ പാലാ – ഈരാറ്റുപേട്ട വഴിയും. ഇതിൽ തൊടുപുഴ വഴി പോകുന്നതാണ് കൂടുതൽ രസകരം. എറണാകുളത്തു നിന്നും നൂറു കിലോമീറ്ററോളം ദൂരമുണ്ട് വാഗമണിലേക്ക്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും.. അങ്ങനെ ഇവിടേക്കുള്ള വഴിക്കാഴ്ചകൾ ആരെയും മോഹിപ്പിക്കുന്നതാണ്.

മൊട്ടക്കുന്നുകളും, പൈൻ മരക്കാടുകളും വാഗമണിന്റെ പ്രത്യേകതകളാണ്. ഇവിടത്തെ പൈൻ കാടുകളിൽ ഒത്തിരി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. തങ്ങള്‍ പാറ , മുരുഗന്‍ ഹിൽ , കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങള്‍. ട്രെക്കിംഗും പാരാ ഗ്ലൈഡിംഗുമൊക്കെയായി സഞ്ചാരികളുടെ മനസ്സ് കീഴ്‌പ്പെടുത്തുന്ന നിരവധി ആക്ടിവിറ്റികളും വാഗമണിൽ ഉണ്ട്. എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു ദിവസം കൊണ്ട് കണ്ടു വരാൻ കഴിയുന്ന സ്ഥലമാണ് വാഗമൺ. ടൂവീലർ ഉള്ളവർക്ക് ഇവിടേക്ക് ടൂവീലറിൽ വരികയും ചെയ്യാം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരും വിഷമിക്കേണ്ട; നിങ്ങൾക്കായി ബസ് സർവ്വീസുകൾ ഇവിടേക്ക് ലഭ്യമാണ്. ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും KSRTC ബസ്സുകൾ വാഗമണിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇവയുടെ സമയം കൃത്യമായി അറിഞ്ഞിട്ടു പോകുന്നതാണ് നല്ലത്. സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കാം.

5) കോതമംഗലത്തിനു സമീപമുള്ള പാണിയേലി പോര്, ഭൂതത്താൻ കെട്ട് ഡാം, തട്ടേക്കാട്, ഇഞ്ചത്തൊട്ടി തൂക്കുപാലം, പെരുമ്പാവൂരിനു സമീപത്തെ ഇരിങ്ങോൾ കാവ് തുടങ്ങിയ സ്ഥലങ്ങൾ കോർത്തിണക്കിക്കൊണ്ട് എറണാകുളത്തു നിന്നും ഒരു വൺ ഡേ ട്രിപ്പ് പോകുവാനും സാധിക്കും.

അപ്പോൾ ഇനി എങ്ങനാ പരിപാടി? ലുലു മാളും മറൈൻ ഡ്രൈവും എംജി റോഡുമൊക്കെ മാത്രം കറങ്ങിയാൽ മതിയോ? ഇടയ്ക്ക് ഇതുപോലെ ഒരു വീക്കെൻഡ് യാത്രകളൊക്കെ അങ്ങ് പോകൂന്നെ…