വിവരണം – Nafih Razim.
കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിൽ ഒരു പഴയ മരത്തിന്റെ ബെഞ്ചുണ്ട്.. അതായിരുന്നു എന്റെ ഹോട്ട് സീറ്റ്. ഉപയോഗിച്ചു തഴക്കം വന്നു പ്രൗഢിയോടെ നിൽക്കുന്ന ഇരുമ്പു കാലിൽ ഉറപ്പിച്ച ആ ബെഞ്ചിനോട് എനിക്കൊരു അഗാധമായ പ്രണയമുണ്ട്…
പഠന സംബന്ധമായി നടക്കാവിൽ താമസം തുടങ്ങിയ ഞാൻ ആദ്യം ചെയ്തത് ചുറ്റും നടന്നു കാണലാണ്.. റൂമിന്റെ അടുത്തുള്ള റയിൽവെ ട്രാക്കിലൂടെ വടക്കോട്ടു നടന്നു… “വെസ്റ്റ് ഹിൽ” മൊത്തത്തിൽ ഒരു പഴമയാണ്, ഫുഡ് ഗ്രൈൻഡ്‌സ് ഗോഡൗൻസ് ഉള്ളത് കൊണ്ട്… സൗന്ദര്യത്തിനു മേമ്പൊടി ഏകിക്കൊണ്ടു നൂറുകണക്കിന് പ്രാവുകളും… ഒറ്റ നോട്ടത്തിൽ വെസ്റ്റ് ഹിൽ സ്റ്റേഷൻ ഖൽബിൽ സ്ഥാനം പിടിച്ചു… സ്റ്റേഷന്റെ ശാന്തതയെ ഭേദിക്കുന്നത് ഇടക്ക് പോകുന്ന ട്രെയിനുകളും ചിറകടിച്ചുയരുന്ന പ്രാവിൻകൂട്ടങ്ങളും പിന്നെ എപ്പോഴെങ്കിലും ഉള്ള സ്റ്റേഷനിലെ ബെല്ലടിയും മാത്രം.
അപ്പോഴാണ് രണ്ടാം പ്ലാറ്ഫോമില് മരത്തിന്റെ പലക കൊണ്ട് അടിച്ചുണ്ടാക്കിയ 2 ചാരു കസേരകൾ കണ്ടത്. പണ്ടേ പഴയ ഐറ്റംസ് നോട് പ്രേമം ആയതിനാൽ ഒറ്റ നോട്ടത്തിൽ തന്നെ അങ്ങിഷ്ടപ്പെട്ടു.! പിന്നെ പിന്നെ പാഠ പുസ്തകങ്ങൾക്കിടയിൽ നിന്നും ഇറങ്ങി ഇടക്ക് ഞാൻ വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷൻ ലെ ബെഞ്ചിന്റെ അടുത്തേക്ക് പോകാൻ തുടങ്ങി..പിന്നെപ്പോഴോ അതൊരു ശീലമായി..
അങ്ങനെ എല്ലാ വൈകുന്നേരങ്ങളും ആ. ബെഞ്ചിലായി!!
വൈകുന്നേരത്തെ പുസ്തക വായന അങ്ങോട്ടേക്കു മാറ്റി. മുന്നിലെ ബെഞ്ചിൽ എന്നും മൂന്നു പഴയ സൗഹൃദങ്ങൾ ഒരുമിക്കാറുണ്ടായിരുന്നു. നല്ല പ്രായം ചെന്ന നരച്ചു കഷണ്ടിയായ, സംസാരത്തിൽ നല്ല ചുറുചുറുക്കുള്ള “യുവാക്കൾ ” അതേ വയസ്സായ യുവാക്കൾ. പിന്നിലെ ബെഞ്ചിൽ ഇരുന്നു അവരുടെ കഥകളെല്ലാം ഞാൻ മോഷ്ടിച്ചുകൊണ്ടിരിന്നു…
പരീക്ഷകളും നൂലാമാലകളും കാരണം അടഞ്ഞു പെട്ടത് കാരണമായി യാത്ര ദാഹിയായ ഞാൻ തൽക്കാലം യാത്രയെ മറന്നിരിക്കുന്നു.. യാത്രകൾ കോഴിക്കോട് ടൗണിലെ പച്ചപ്പാട്ടകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു..യാദൃശ്ചികമായി ആ സമയത്താണ് ചെ ഗുവേരയുടെ മോട്ടോർ സൈക്കിൾ ഡയരീസ് വാങ്ങിക്കുന്നത്.. വൈകുന്നേരം ബുക്കും എടുത്തു നേരെ ബെഞ്ചിലൊട്ടു പോകും… ഓരോ പേജ് മറിയും തോറും, ഉറങ്ങിക്കിടന്ന എന്നിലെ യാത്രാ മോഹി ഞെട്ടി ഉണർന്നു കൊണ്ടിരിക്കും..
ഈരണ്ടു പേജ് കൂടുമ്പോൾ തെക്കോട്ടോ വടക്കോട്ടോ ഏതേലും തീവണ്ടി എന്നെ ആർത്തു വിളിച്ചുകൊണ്ടു. കടന്നു പോകും. ചെയുടെയും അൽബെർട്രോയുടെയും ലാ പടറോസ പോലെ എന്റെ മനസ്സും ചീറിപ്പാഞ്ഞു കൊണ്ടിരുന്നു. റൂമിൽ ഒറ്റക്കായതു കൊണ്ടു രാത്രി അതുതന്നെ ആയിരുന്നു ചിന്ത. “ഒന്നു ഒളിച്ചോടണം ഒറ്റ ദിവസത്തേക്കെങ്കിലും.. ഈ പാഠ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും ഈ ഒറ്റമുറിയിൽ നിന്നും..”മനസ്സു പറഞ്ഞുകൊണ്ടിരുന്നു… രാത്രിയുടെ നിശ്ശബ്ദദ ഭേദിച്ചുകൊണ്ടു തീവണ്ടികൾ എന്നെ വിളിച്ചുകൊണ്ടേ ഇരുന്നു..
ഇന്നെന്തോ വൈകുന്നേരം പതിവിൽ അധികം തീവണ്ടികൾ എന്നെ കടന്നുപോയി, അല്ല പതിവിൽ കൂടുതൽ നേരം ഞാൻ ബെഞ്ചിൽ ഇരുന്നു… ഓരോ തീവണ്ടിയും നോക്കി. തീവണ്ടിയുടെ പുറകിലുള്ള ഗുണന ചിഹ്നത്തോട് എനിക്ക് അസൂയയായിരുന്നു.. എല്ലാ നാടും കാണാം.. എല്ലാ ദേശങ്ങളിലും ചെന്നെത്താം.. അതിന്റെ ഒരു ഭാഗ്യം.
കയ്യിൽ ആകെ അറുനൂറ്റമ്പത് രൂപയെ കാണു. ഒന്നും നോക്കിയില്ല ബാഗും എടുത്തു നേരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോയി!! “ഒരു രത്നഗരി.” കൗണ്ടറിൽ ഇരുന്ന പെണ്ണ് ഒരു നോട്ടം നോക്കിയിട്ട് പൈസ വാങ്ങി ടിക്കറ്റ് തന്നു..270 രൂപ. രത്നഗിരി ( മഹാരാഷ്ട്ര) വരെ എത്തി തിരിച്ചുവരാൻ ഉള്ള പൈസയെ കയ്യിൽ ഉണ്ടായിരുന്നുള്ളു… 200 രൂപകൂടി ഉണ്ടെങ്കിൽ അന്ന് ഞാൻ മുംബൈ എത്തിയേനെ..
അങ്ങനെ 12 മണിക്ക് വന്ന ഒരു സ്‌പെഷ്യൽ വണ്ടിയിൽ ഞാൻ കയറി. കാസർകോട് വരെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. പിന്നീടെപ്പോഴോ ആളുകൾ ഒഴിഞ്ഞപ്പോൾ ഞാൻ നീണ്ടു നിവർന്നു കിടന്നു. സൂര്യന്റെ വെളിച്ചം കണ്ണിൽ അടിച്ചപ്പോഴാണ് ഉണർന്നത്. 2 മലകൾക്കിടയിലൂടെ സൂര്യൻ കണ്ണിൽ ഇക്കിളിയിട്ട് എന്നെ വിളിച്ചുണർത്തി. മംഗലാപുരം കഴിഞ്ഞു ഏതോ ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തി ഇട്ടിരിക്കുയകയാണ്.. ചുറ്റും നെൽപ്പാടം… കുറച്ചകലെ മലനിരകൾ… പാടത്തിന്റെ ഇടയിൽ ചെറിയ ചെറിയ കുടിലുകൾ!!! പട്ടണത്തിന്റെ അടയാളങ്ങൾ തീരെ ഇല്ല..
ഇന്നലത്തെ പ്രാന്തിന് വണ്ടി കേറുമ്പോൾ ഇതൊന്നും പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു. ആ കമ്പാർട്ട്മെന്റിൽ ഞാനടക്കം 3 പേര്.. മൂകാംബികാ റോഡിൽ നിന്നും പുഞ്ചിരിച്ച മുഖവുമായി ഒരു സ്വാമി കയറി എനിക്ക് അഭിമുഖമായി ഇരുന്നു.. കന്നടക്കാരനായ അദ്ദേഹവും മലയാളിയായ ഞാനും അര മണിക്കൂറോളം നിർത്താതെ സംസാരിച്ചു.. “ആരാ , എവിടുന്നാ..” എന്നല്ലാതെ എനിക്കൊന്നും മനസ്സിലായില്ല. സ്വാമിജി നല്ല കട്ട കന്നടയും ഞാൻ അസ്സൽ മലപ്പുറം മലയാളവും.
മൂകാംബിക റോഡിൽ നിന്നും ആണ് കൊങ്കൻ റെയിൽവേ യിലെ ആദ്യ തുരങ്കം തുടങ്ങുന്നത്. ആദ്യമായിട്ടാണ് ഞാൻ കൊങ്കൻ പാതയിൽ യാത്ര ചെയ്യുന്നത്. അതിന്റെ ആവേശമായിരുന്നു മനസ്സു മുഴുവൻ. മാമുക്കോയ പറഞ്ഞ പോലെ , “”അള്ള!! തുരങ്കം എന്നു വെച്ചാൽ. ഇജ്‌ജാതി തുരങ്കം..” അങ്ങനെ കൊങ്കൻ പാതയിലൂടെ ഞമ്മളെ തീവണ്ടി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. വാതിലിൽ പുറത്തേക്കും നോക്കി ചിരിച്ച മുഖവുമായി ഞാനും. കൊങ്കൻ പാത ഒരു അത്ഭുതമാണ്. നേരെ പോകുമ്പോൾ മുന്നിൽ അതാ ഒരു കുന്ന്, ഒന്നും നോക്കിയില്ല.. അതങ്ങോട്ട് തുരന്നു, തുരന്നു ചെന്നപ്പോൾ ദേ വലിയ കൊക്കയാണ്.. 2 മലകൾക്കടയിലെ താഴ്ന്നു കിടക്കുന്ന താഴ്വര… ഒന്നും നോക്കിയില്ല നേരെ അടുത്ത കുന്നിലേക്ക് പണിതു നല്ല ആടാർ പാലം… ഇതാണ് കൊങ്കൻ റെയിൽവേ..
ഗോവ എത്തിയപ്പോൾ ഇറങ്ങാൻ ശരീരം സീറ്റിൽ നിന്നും എണീറ്റെങ്കിലും കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല എന്നും പറഞ്ഞു മനസ്സ് ബോഡിയെ സീറ്റിൽ തന്നെ ഇരുത്തി, വെള്ളച്ചാട്ടങ്ങളും വലിയ വെള്ളക്കെട്ടുകളും പിന്നിട്ട് ഏകദേശം മൂന്നര മണിയോടെ രത്നഗിരി എത്തി. സ്റ്റേഷനില് നിറയെ മാങ്ങകൾ നിരത്തി വെച്ചിരിക്കുന്നു. രത്നഗിരി മംഗോസ്, സൂപ്പരാണ്.
പുറത്തിറങ്ങിയപ്പോഴാണ് ട്രെയിൻ സമയം നോക്കിയത്. 4 മണിക്കാണ് മംഗള, തിരിച്ചു കോഴിക്കോടെക്ക്. ട്രെയിൻ വന്നപ്പോൾ പിന്നിലെ ജനറൽ ബർത്തിൽ കയറ്റിപ്പറ്റി.. കാലുകുത്താൻ സ്ഥലമില്ല. എങ്ങനെയോ മുകളിലെ ലഗേജ് ബർത്തിൽ കയറി ഇരുന്നു.. വിശപ്പു കൊണ്ടാകണം ചെറുതായി മയങ്ങി.. എണീറ്റപ്പോൾ രാത്രയായിരിക്കുന്നു. നിറയെ കേരളത്തിലേക്ക് പണിക്കു വരുന്ന ഉത്തരേന്ത്യക്കാരാണ്.. അച്ഛാദിൻ സംസ്കാരങ്ങൾ കൗതുകപൂർവം നിരീക്ഷിച്ചുകൊണ്ടിരുന്നു..
കയ്യിൽ ബാക്കിയുള്ള പൈസകൊണ്ടു ഗോവ എത്തിയപ്പോൾ സമൂസ എന്നു പേരുള്ള, നമ്മുടെ സമൂസയോട് കുലബന്ധംപോലും ഇല്ലാത്ത ഒരു സാധനം കഴിച്ചു. അരമണിക്കൂറിന് ഉള്ളിൽ പണികിട്ടിത്തുടങ്ങി. മനസ്സില്ലാ മനസ്സോടെ ബർത്തിൽ നിന്നും ഇറങ്ങി. ടോയ്ലറ്റിലിന് മുമ്പിൽ സുഖ നിദ്രയിൽ ആണ്ട 2 പേരുടെ ഉറക്കം കെടുത്താതെ ഡോർ തുറന്നു..
ഹൗ…. !!!! അച്ഛാ ദിൻ ആയാ.. ടോയ്ലറ്റ് സകല രൗദ്ര ഭാവവും പൂണ്ട് നിറഞ്ഞു നിൽക്കുന്നു.. എന്നാലും ഓപ്പൺ ടോയ്ലറ്റിന് ഈ ഗതി എങ്ങനെ വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് റെയിൽവേയുടെ ബയോ ടോയ്ലറ്റ് സെറ്റപ്പ് കണ്ടത്… കക്കൂസ് ടാങ്ക്.. !!! കൊണ്ടു നടക്കാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ്… എന്നൊക്കെ ശപിച്ചുകൊണ്ട് മുകളിൽ കയറി ഇരുന്നു.
4 മണിക്ക് എത്തേണ്ട ട്രെയിൻ പിടിച്ചിടലും മറ്റും കഴിഞ്ഞു രാവിലെ 9 മണിക്ക് കോഴിക്കോടെത്തി.. നേരെ കാര്യം സാധിച്ചു റൂമിൽ പോയി.വൈകുന്നേരം പതിവുപോലെ ബെഞ്ചിൽ പോയിരുന്നു.. കയ്യിൽ മോട്ടോർസൈക്കിൾ ഡയരീസ് ഉണ്ടായിരുന്നു.. ചെയുടെ ലാ പടറോസ ഒക്കെ തകർന്നു തരിപ്പണമായി. എന്നാൽ വീണ്ടും 2 പേരും യാത്ര തുടരുന്നു.. യാത്രയുടെ മാരക വേർഷൻ അവിടെയാണ് ഞാൻ കണ്ടു തുടങ്ങിയത്..
വീണ്ടും നോർത്തിലേക്കുള്ള ഒരു ട്രെയിൻ കടന്നുപോയി..”പോരു .. രത്നഗിരിക്കപ്പുറവും ഭൂമിയുണ്ട്.. ജീവിതമുണ്ട്… സമൂഹങ്ങളും സംസ്കാരങ്ങളുമുണ്ട്… കാണണ്ടേ , ആസ്വദിക്കണ്ടേ , അനുഭവിക്കണ്ടേ..” അസൂയ തോന്നിച്ചിരുന്ന ഗുണനചിഹ്നം എന്നോട് പറഞ്ഞു… മറുപടി നൽകാതെ പുഞ്ചിരിച്ചു തിരികെ നടന്നു.
ഏകദേശം ഒരു കൊല്ലത്തിനു ശേഷം ഇന്ന് വീണ്ടും ഈ ബെഞ്ചിൽ ഇരിക്കുന്നത് വലിയ ഒരു യാത്രക്ക് കോപ്പുകൂട്ടാനാണ്.. കയ്യിൽ പോൾ തെറോക്‌സ് ന്റെ “ഗ്രേറ്റ് റയിൽവെ ബസാർ” ഉണ്ട്. മുന്നിലെ ബെഞ്ചിനെയും അതിന്റെ കൂട്ടുകാരായ വയസ്സന്മാരായ മൂന്നു “യുവാക്കളെയും” കാണാനില്ല.. ബെഞ്ചിന്റെ back rest ൽ 2 കൈയ്യും നീട്ടി വെച്ചു, കടന്നു പോയ ട്രെയിനിലെ ഗുണനചിഹ്നത്തിന് ഒരു കൊല്ലത്തിനു ശേഷം ഞാൻ മറുപടി നൽകി. “വരാം” നിന്റെ കൂടെ മാത്രമല്ല…. ഇന്ത്യയിലെ മുഴുവൻ തീവണ്ടികളുടെ കൂടെയും… അല്ല. ലോകത്തിലെ തന്നെ…
“Trains seemed the happiest choice ,you could do anything on a train,you could live your life, and go long distance, there was little stress:; there was something comfort, and there was something romantic in the notion of boarding a train ” _ ‘Paul Therox’