റെയിൽവേ സ്റ്റേഷനുകൾ നാമെല്ലാവരും കണ്ടിട്ടുണ്ടാകും.എല്ലാ റെയിൽവേ സ്റ്റേഷനുകളിലും അവയുടെ പേര് മഞ്ഞ ബോർഡിൽ കറുത്ത നിറത്തിൽ എഴുതി വെച്ചിരിക്കുന്നതും നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലത് ജംഗ്‌ഷൻ എന്നും ചിലത് ടൌൺ എന്നുമൊക്കെയായിരിക്കും. എന്നാൽ ഇത് കൂടാതെ സ്ഥലപ്പേരിനോപ്പം ‘കന്റോൺമെന്റ്’ എന്നു കൂടി ചേർത്തുകൊണ്ട് ചില റെയിൽവേ സ്റ്റേഷനുകളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നതായി ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ, അങ്ങനെയൊന്നുണ്ട്.
എന്തുകൊണ്ടാണ് ചില റെയിൽവേ സ്റ്റേഷനുകൾക്ക് ‘കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ’ എന്നു പേരിട്ടിരിക്കുന്നത്? ഇതിനുള്ള ഉത്തരം അറിയുന്നതിനു മുൻപായി കന്റോൺമെന്റ് എന്താണെന്നു മനസിലാക്കണം. മിലിട്ടറി ക്യാമ്പുകളും, ക്വാർട്ടേഴ്‌സുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പറയുന്ന പേരാണ് കന്റോൺമെന്റ് എന്നത്. ജില്ല, കോർണർ എന്നൊക്കെ അർത്ഥം വരുന്ന ‘Canton’ (കന്റോൺ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കന്റോൺമെന്റ് എന്നയീ പേരുണ്ടായത്.
ഇത്തരത്തിലുള്ള കന്റോൺമെന്റ് ഏരിയകൾക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾക്കാണ് സ്ഥലപ്പേരിനോപ്പം കന്റോൺമെന്റ് എന്നുകൂടി ചേർക്കുന്നത്. ഉദാഹരണത്തിന് – ആഗ്ര കന്റോൺമെന്റ്, ബാംഗ്ലൂർ കന്റോൺമെന്റ്, etc. കന്റോൺമെന്റ് എന്നു പേരുള്ള ഒരു റെയിൽവേ സ്റ്റേഷൻ കണ്ടാൽ ഉറപ്പിച്ചോളൂ അവിടെയടുത്ത് എവിടെയോ മിലിട്ടറിയുടെ ഏരിയയുണ്ടെന്ന്, അല്ലെങ്കിൽ ഉണ്ടായിരുന്നുവെന്ന്.
ബ്രിട്ടീഷുകാരാണ് ഇന്ത്യൻ റെയിൽവേയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളെല്ലാം നിർമ്മിച്ചിരിക്കുന്നത്. അവരുടെ കാലത്തു തന്നെയാണ് കന്റോൺമെന്റ് സ്റ്റേഷനുകളും നിലവിൽ വന്നത്. അക്കാലത്ത് മിലിട്ടറി ബേസിലേക്കും മറ്റുമുള്ള സാധനങ്ങളും ആയുധങ്ങളുമൊക്കെ എളുപ്പത്തിൽ എത്തിക്കുന്നതിനും മിലിട്ടറി ഉദ്യോഗസ്ഥർക്ക് യാത്രകൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പുകൾക്ക് സമീപത്തായി ഇത്തരത്തിൽ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ നിർമ്മിച്ചത്. പിൽക്കാലത്ത് ഇവ എല്ലാ യാത്രക്കാർക്കുമായി തുറന്നുകൊടുക്കുകയായിരുന്നു.
ഇന്ത്യയിലെ കന്റോൺമെന്റ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ചെറുതും കുറച്ചു ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പ് ഉള്ളതുമാണ്. എന്നാൽ ചിലയിടങ്ങളിൽ ആ സിറ്റിയിലെ പ്രധാന സ്റ്റേഷനായിട്ടുള്ള കന്റോൺമെന്റ് സ്റ്റേഷനുകളുമുണ്ട്. ചില കന്റോൺമെന്റ് സ്റ്റേഷനുകൾ പിൽക്കാലത്ത് ജംക്ഷനുകളായി മാറിയിട്ടുണ്ട്. അലഹബാദ് ജംക്ഷൻ, വാരണാസി ജംക്ഷൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.
ഇന്ന് കന്റോൺമെന്റ് സ്റ്റേഷനുകൾക്ക് മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് പ്രത്യേകം വ്യത്യാസങ്ങളൊന്നും തന്നെയില്ല. അടുത്തായി ഒരു മിലിട്ടറി സ്റ്റേഷൻ, ക്യാമ്പ് എന്നിവയുണ്ട് എന്നു കാണിക്കുന്ന ഒരു പേരായി മാത്രം ഇതിനെ കണ്ടാൽ മതി. കന്റോൺമെന്റ് സ്റ്റേഷനുകളിൽ പൊതുവെ സൈന്യത്തിന്റെ ഒരു മൂവ്മെന്റ് കൺട്രോൾ ഓഫീസ് (MCO) ഉള്ളതായി കാണാം. ഏതെങ്കിലും മിലിട്ടറി ഉദ്യോഗസ്ഥർ ഇതുവഴി വരികയോ പോകുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ അവരുടെ സഹായത്തിനായാണ് പ്രധാനമായും ഈ ഓഫീസ് പ്രവർത്തിക്കുന്നത്.
അപ്പോൾ ഇനി റെയിൽവേ സ്റ്റേഷനുകളുടെ പേര് രേഖപ്പെടുത്തിയ ബോർഡുകൾ വായിക്കുമ്പോൾ അതിൽ കന്റോൺമെന്റ് എന്നു കണ്ടാൽ അത് എന്താണെന്നു മനസ്സിലായില്ലേ? ഒരറിവും ചെറുതല്ല, അതുകൊണ്ട് മറ്റുള്ളവരുമായി ഈ അറിവ് പങ്കുവയ്ക്കൂ.