യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടാൽ എന്തു ചെയ്യണം?

എഴുത്ത് – Jince Berliegh K John.

ഒരു കാട്ടാനയുടെ മുന്നിൽ പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും?.. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും സംശയങ്ങളും കാണുകയുണ്ടായി. അതുകൊണ്ട് എനിക്കറിയാവുന്ന കാര്യങ്ങൾ പറയുകയാണ്. ജോലിയുടെ ഭാഗമായി 3 വർഷം അതിരപ്പിള്ളി – ഷോളയാർ വഴിയിലൂടെ പകലും, സഞ്ചാരികൾക്കു അനുവദനീയമല്ലാത്ത രാത്രിസമയങ്ങളിലും യാത്ര ചെയ്തതിന്റെയും ഡ്രൈവ് ചെയ്തതിന്റെയും അനുഭവത്തിൽ നിന്നും, കൂടെ ഉണ്ടായിരുന്ന അവിടെയുള്ള വിദഗ്ധ ഗൈഡുകൾ പറഞ്ഞു തന്നതിൽ നിന്നും. എല്ലാവർക്കും സ്വീകാര്യം ആവണം എന്നില്ല, കാരണം പലർക്കും പല അനുഭവങ്ങൾ ആയിരിക്കും ഉണ്ടായിട്ടുള്ളത്.. അതുകൊണ്ട് വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.

പൊതുവെ ആനകൾ ഇങ്ങോട്ട് ഉപദ്രവിക്കാറില്ല, അവയെ പ്രോകോപിപ്പിച്ചു പണി ഇരന്നു വാങ്ങാറാണ് പതിവ്. അതുകൊണ്ട് ആദ്യം വേണ്ടത് സാമാന്യബോധം ആണ്. ആന കാഴ്ചവസ്തുവാകുന്നത് ഉത്സവപറമ്പുകളിലും, കാഴ്ചബംഗ്ലാവുകളിലും ഒക്കെയാണ്, അല്ലാതെ കാട്ടിൽ വെച്ചല്ല എന്ന ബോധം ഉണ്ടാവണം. പിന്നെ, ആനയെന്നല്ല ഏതു വന്യമൃഗം ആയാലും അവയെ ബഹുമാനിക്കുക, അവരുടെ വഴി കൊടുക്കുക, ഓർക്കുക, നമ്മൾ അവരുടെ ആവാസസ്ഥലത്താണ്‌ നില്കുന്നത് എന്നു. കടന്നു കയറിയവരാണ് മര്യാദ കാണിക്കേണ്ടത്.

സാധാരണ രീതിയിൽ ആനകൾ ഒരു സ്ഥലത്തു അധികനേരം നിൽക്കാറില്ല, അതുകൊണ്ട് ആനയെ റോഡിൽ കണ്ടാൽ ആദ്യം ക്ഷമയോടെ കാത്തിരിക്കുക, അവ മാറിപോയിക്കോളും, ചിലപ്പോൾ മണിക്കൂറുകൾ എടുത്തെന്നു വരാം, പക്ഷേ നമ്മുടെ ജീവനേക്കാൾ വിലയില്ല ആ മണിക്കൂറുകൾക്കു എന്നത് മനസ്സിൽ ഉണ്ടാവണം. അക്ഷമരായി ഹോൺ അടിക്കുകയോ കിട്ടുന്ന ഗ്യാപ്പിൽ കൂടി കയറി പോകാനോ നോക്കിയാൽ അപകടം ആയിരിക്കും ഫലം. ഫോട്ടോ എടുക്കുക, വാഹനത്തിൽ നിന്നും പുറത്തിറങ്ങുക, കൂടുതൽ വ്യക്തതക്ക് വേണ്ടി അടുത്തേക്ക് ചെല്ലുക തുടങ്ങിയ കലാപരിപാടികൾ അപകടം ക്ഷണിച്ചു വരുത്തും എന്നറിയുക.

ആനക്കൂട്ടം ആണ് കടന്നു പോകുന്നതെങ്കിൽ അവസാനത്തെ ആനയും കടന്നു പോയി എന്നു ഉറപ്പായതിനുശേഷം മാത്രം വാഹനം മുൻപോട്ടു എടുക്കുക, കാരണം മുതിർന്നവർ കടന്നു പോവുകയും കുഞ്ഞു ആനകൾ മറുവശത്തു ആയിപ്പോവുകയും ചെയുന്ന അവസരത്തിൽ വണ്ടിയും കൊണ്ട് ഇടക്ക് കേറിചെന്നാൽ പണി കിട്ടും. ഒറ്റയാനോ കുഞ്ഞിന്റെ കൂടെയുള്ള അമ്മയോ മറ്റുള്ളവയെക്കാൾ അപകടകാരിയാണ്. ആക്രമണസ്വഭാവം കാണിക്കുകയും ചെയ്തേക്കാം.

© Prasanth CN.

അങ്ങനെ വരുമ്പോൾ ആനയെ ശ്രദ്ധിക്കുക, അവ ചില അടയാളങ്ങൾ തരും. തുമ്പിക്കൈ ചുരുട്ടുക, തുമ്പിക്കൈ കൊണ്ട് കൊമ്പിൽ പിടിക്കുക, മുൻകാലുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി വെക്കുക, പുല്ലോ ചുള്ളിക്കമ്പുകളോ എറിയുക തുടങ്ങിയവ കണ്ടാൽ മനസിലാക്കുക അവൻ/അവൾ നിങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ചെവി സാധാരണ പോലെ ആട്ടി കൊണ്ടിരിക്കുകയാണെങ്കിൽ അത് ഭീഷണി മാത്രം ആണ്. വാഹനം പതിയെ പിന്നിലേക്ക് എടുത്താൽ മതി. ചെവി ഒരു രീതിയിൽ തന്നെ പിടിച്ചിരിക്കുകയും വാൽ ഉയർത്തി പിടിച്ചിരിക്കുകയും ആണെങ്കിൽ ആക്രമണം പ്രതീക്ഷിക്കുക. ആന മുന്നോട്ടു വേഗത്തിൽ വരികയാണെങ്കിൽ വാഹനം കഴിയുന്ന വേഗത്തിൽ പിന്നിലേക്ക് മാറ്റാൻ ശ്രമിക്കുക. കഴിയില്ല എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി പിന്നിലേക്ക് മാറുക.

മസ്തകം താഴ്ത്തി ആണ് വരുന്നതെങ്കിൽ ലക്ഷ്യം വാഹനം ആണ്. ആന മിക്കവാറും ദേഷ്യം വാഹനത്തിൽ തീർത്തോളും. ഇതിലൊക്കെ അപകടം ഉണ്ട്‌. ആക്രമിക്കപ്പെട്ട വാഹനം പിന്നീട് ഉപയോഗിക്കാൻ കഴിയാതെ കാട്ടിൽ പെട്ടുപോയേക്കാം, വാഹനത്തെ ശ്രെദ്ധിക്കാതെ ആന നിങ്ങളെ തന്നെ ലക്ഷ്യം വെച്ചേക്കാം. അല്ലെങ്കിലും പുലിയും കരടിയും ഒക്കെ ഉള്ളയിടത്തു പുറത്തിറങ്ങി നിൽക്കുന്നതും അപകടം തന്നെയാണ്.

© WA Photography.

ഇനി ഒരു നിവർത്തിയും ഇല്ല എന്നായാൽ ഹസാർഡ് ഓൺ ചെയ്തു ഹെഡ്‍ലൈറ് ഡിം ഉം ബ്രൈറ്റും മാറി മാറി ഇട്ടു ഹോൺ തുടർച്ചയായി മുഴക്കി എൻജിൻ മാക്സിമം ഇരപ്പിച്ചു ആനയെ ഭയപ്പെടുത്താൻ ശ്രമിക്കുക. എന്റെ അനുഭവത്തിൽ ഇത് പരീക്ഷിച്ചപ്പോൾ ഒക്കെ വിജയിച്ചിട്ടുണ്ട്. വാഹനത്തിനു ശബ്ദം കൂടുതൽ ഉണ്ടെങ്കിൽ (ജീപ്പ് പോലെയുള്ളവ) വളരെ നല്ലത്. ആൾട്ടർ ചെയ്ത ജിപ്സിയും ബൊലേറോ ക്യാമ്പറും ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. രണ്ടിനും കാലുകൊടുത്താൽ ഇടിവെട്ട് ശബ്ദം ആയിരുന്നു.

പിന്നെ ഡ്രൈവർക്കു അതിനുള്ള ധൈര്യം വേണം. പരിചയം ഇല്ലാത്തവർക്ക് അതുണ്ടാവണം എന്നില്ല. രക്ഷപെടാൻ വേറൊരു വഴിയും ഇല്ല എന്ന ഘട്ടത്തിൽ മാത്രമേ ഈ വഴി ഉപയോഗിക്കാവു. ആനയുടെ സ്വഭാവം ആശ്രയിച്ചിരിക്കും പ്രതികരണം.. എല്ലാ ആനയും ഓടണം എന്നില്ല..

എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞാൽ ‘ക്ഷമ’ ആണ് രക്ഷപ്പെടാൻ ഏറ്റവും ഉപകരിച്ചത്.