വിവരണം – അനു ജി.എസ്.
ഇത് വിസിലിംഗ് വില്ലേജ് ! പേര് പോലെ തന്നെ ചെന്ന് എത്തുമ്പോഴും ഏവരെയും അതിശയിപ്പിക്കുന്ന ഒരു മേഘാലയൻ ഗ്രാമം.
ടൂറിസ്റ്റുകാർ അധികമൊന്നും ചെന്ന് എത്തിയിട്ടില്ല എന്ന് പറയാൻ ആകുന്ന വിധം തന്നെയാണ് യാത്രികർക്കിടയിൽ അധികം ഒന്നും പ്രസിദ്ധം അല്ലാത്ത ഈ ഗ്രാമം.
കാസി മാത്രം സംസാരിക്കുന്ന ഇവർക്കിടയിൽ പിടിച്ചുനിൽക്കാൻ ആംഗ്യഭാഷ തന്നെയായിരുന്നു ഒരു മാർഗ്ഗം. പേര് കൂടാതെ അമ്മ നൽകുന്ന ഒരു രാഗത്തിലെ പേര് കൂടെ ഏവർക്കും സ്വന്തമായി ഉണ്ട് എന്നുള്ളതാണ് ഈ ഗ്രാമത്തെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർത്തുന്നത്.
ഗ്രാമത്തിലൂടെ ഇങ്ങനെ കറങ്ങി നടക്കുമ്പോൾ കുയിലിൻറെ ശബ്ദം പോലെയുള്ള ശബ്ദം കേൾക്കുമ്പോൾ പക്ഷിയുടെ കൂകി പാടൽ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി അത് പലരുടെയും വിളിപ്പേരുകൾ ആണ്. പലരും അവരുടെ മക്കളെയോ സുഹൃത്തുക്കളെയും പാടി വിളിക്കുന്നതാണ്.
ടൂറിസ്റ്റ്കാരോട് അടുത്ത് ഇടപെടാനോ അവരുടെ അടുത്ത് വരാനോ അവരെ സ്വാഗതം ചെയ്യുവാനോ സംസാരിക്കുവാനോ അത്രയ്ക്കൊന്നും ആയിട്ടില്ല ഈ ഗ്രാമവാസികൾ. ഇന്നും അധികമൊന്നും പുരോഗമനത്തിന്റെ ചുവടുകൾ കാണാത്ത പഴയ പഴയ രീതികളുമായി കഴിഞ്ഞുകൂടുന്ന ഒരുകൂട്ടം. അവർക്ക് ഇപ്പോഴും പേടിയാണ് അവരുടെ ഗ്രാമത്തിന് പുറത്തു നിന്ന് വരുന്നവരെ അവരുടെ ഭാഷ അറിയാത്തവരെ അവരുടെ പോലെ രാഗങ്ങൾ ഉള്ള പേരില്ലാത്തവരെ.
പ്രധാനപ്പെട്ട പല സ്ഥലങ്ങളും ആദ്യ മേഘാലയ യാത്രയിൽ സന്ദർശിച്ചത് കാരണം ഇത്തവണ ഉൾനാടുകളിലേയ്ക്ക് ആയിരുന്നു ഞങ്ങളുടെ മേഘാലയൻ യാത്ര. അങ്ങനെ ചെന്ന് എത്തിയതാണ് ഈ വിസിലിംഗ് ഗ്രാമത്തിലും. വിസിലിംഗ് വില്ലേജിന്റെ യഥാർത്ഥ പേര് Kongthong എന്നാണ്.
ചിറാപുഞ്ചി ഷിലോംങ്ങ് റോഡിൽ Mawjrong എന്ന സ്ഥലത്തു നിന്ന് ഏകദേശം 30 കിലോമീറ്റർ ഉള്ളിലേക്ക് ചെന്നാൽ kongthong എത്തിച്ചേരാവുന്നതാണ്. ഗ്രാമത്തലവൻ എന്നോ മേധാവി എന്നോ ഒക്കെ വിളിക്കാവുന്ന Rowthal ആണ് ഇവിടത്തെ പ്രധാനി. ഇവിടെ ഇംഗ്ലീഷ് അറിയുന്ന ഏക വ്യക്തി Rowthal ആണത്രേ. ഈ ഗ്രാമത്തെ ലോകത്തിനുമുന്നിൽ അറിയിക്കാനും ടൂറിസം വളർത്തിയെടുക്കുവാനുമായി അദ്ദേഹം വളരെയധികം പ്രയത്നിക്കുന്നുണ്ട്.
ഈ ഗ്രാമത്തിലെ ഏവരും ദൈവത്തെ പോലെ കാണുന്ന ഒരു വ്യക്തിയാണ് MP രാജേഷ് സിൻഹ. കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി ഓരോ എംപിമാരും ഓരോ ഗ്രാമത്തെ ഏറ്റെടുത്തപ്പോൾ എം പി രാജേഷ് ഏറ്റെടുത്തത് Kongthong ആയിരുന്നു. ഗ്രാമത്തെ യുനെസ്കോ പൈതൃക പട്ടികയിലേക്ക് കൊണ്ടുവരണമെന്ന് ഇദ്ദേഹം ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റോത്തലിന് കീഴിൽ പ്രവർത്തിക്കുന്ന Kongthong Travellers Nest ആണ് ഗ്രാമത്തിലെത്തുന്ന ടൂറിസ്റ്റുകാർക്കുള്ള ഏക താമസസ്ഥലം.
രണ്ടുമൂന്നു ഓല മേയ്ഞ്ഞ മുറികളും പിന്നെ ടെന്റുകളും ആണ് ഇവിടെയുള്ളത്. ദൂരം ഒരുപാട് താണ്ടി Kongthong എത്തിയ ഞങ്ങൾ കുറച്ചധികം ക്ഷീണിതരായിരുന്നു.
അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഗ്രാമവാസികൾ എല്ലാം തിരക്കിട്ട പണിയിലാണ്. കാര്യം അന്വേഷിച്ചപ്പോൾ അറിഞ്ഞത് എംപി രാജേഷ് സിൻഹ രണ്ടുദിവസത്തിനുള്ളിൽ ഗ്രാമം സന്ദർശിക്കാൻ എത്തുകയാണ്. എംപി എത്തുന്നത് കാരണം എല്ലാവർക്കും നല്ല തിരക്കായതുകൊണ്ട് “ദയവായി നിങ്ങൾ ഗ്രാമം കണ്ടിട്ട് ഇന്ന് തന്നെ തിരിച്ചു പോകണം. ഇവിടെ രാത്രി താമസം ഒരുക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്ന് സ്നേഹത്തോടെ Rowthal ഞങ്ങളോട് അറിയിച്ചു.
“ഞങ്ങൾ അടുക്കളയിൽ എവിടെയെങ്കിലും ചുരുണ്ട് കൂടി കൊള്ളാം. ഒരുപാട് ദൂരത്ത് നിന്ന് വന്നതാണ്. ഭക്ഷണം ഒന്നും വേണ്ട, കിടക്കാൻ ഒരു സ്ഥലം നൽകിയാൽ മതി” എന്ന ഞങ്ങളുടെ അപേക്ഷയിൽ ഒടുവിൽ അവർക്ക് സമ്മതം മൂളേണ്ടി വന്നു.
അസാം എൻജിനീയറിങ് കോളേജിൽനിന്ന് തിരക്കുകൾ എല്ലാം മാറ്റിവച്ച് ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം റാഫിയും ഉണ്ടായിരുന്നു. റാഫിയുടെ കയ്യിൽ ഒരു ടെന്റ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് Rowthal ഒരു ടെന്റ് കൂടെ നല്കി. അങ്ങനെ താമസം ഒക്കെ സെറ്റായി.
ഇത്രയും തിരക്കിനിടയിൽ പോലും രാത്രിയും രാവിലെയും ഭക്ഷണമൊക്കെ തന്ന് വയറും മനസ്സും നിറച്ച് പിന്നെ Rowthal പറഞ്ഞത് അനുസരിച്ച് ഒരുപാട് രാഗങ്ങളും ഞങ്ങളെ പാടി കേൾപ്പിച്ച kongthong ലെ ഒരു പിടി നല്ല മനുഷ്യർ. സ്നേഹം❤️
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഈണ രാഗത്തിൽ ഉണ്ടാക്കി അയച്ച് കൊടുത്ത പേരും അവർ ഞങ്ങളെ പാടി കേൾപ്പിച്ചിരുന്നു. ഇതിനു മറുപടിയായി പ്രധാനമന്ത്രി മോദി ഒരിക്കൽ ഇവരുടെ ഗ്രാമം സന്ദർശിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ. ഗ്രാമം ഒക്കെ ചുറ്റികറങ്ങി കൈതകാടും മുളങ്കാടും ഒക്കെ കണ്ട് ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം ഫുട്ബോൾ ഒക്കെ കളിച്ച കുറച്ച് നല്ല നിമിഷങ്ങൾ !!
വലിയ സ്വപ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുന്ന ഇവർക്കൊപ്പം ഞങ്ങളുടെ ചെറിയ വലിയ സന്തോഷം ആയിരുന്നു ഈ വിസിലിംഗ് വില്ലേജ് യാത്ര!! വേറിട്ടൊരു യാത്ര !! ഒരു മേഘാലയൻ ഗ്രാമ യാത്ര !!