കറണ്ട് പോയാൽ KSEB ഓഫീസിൽ വിളിച്ചാൽ എന്തുകൊണ്ട് കിട്ടുന്നില്ല?? ഇതിനെക്കുറിച്ച് Kerala State Electricity Board ന്റെ ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പാണു ചുവടെ കൊടുത്തിരിക്കുന്നത്. ഇനി കെഎസ്ഇബിക്കാരെ ഒന്നടങ്കം കുറ്റം പറയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്നോർക്കാം.
KSEB യുടെ സെക്ഷനോഫീസുകളിൽ ഉപഭോക്താക്കൾക്ക് പരാതി പറയാൻ ഔദ്യോഗികമായി ഒരു ലാന്റ് ലൈനാണ് ഉള്ളത്. ഒരു സെക്ഷനോഫീസിന്റെ പരിധിയിൽ ചുരുങ്ങിയത് 15000 (പതിനയ്യായിരം) തൊട്ട് 20000 (ഇരുപതിനായിരം) വരെ ഉപഭോക്താക്കൾ ഉണ്ടാകും. ഇത്രയും ഉപഭോക്താക്കൾ മൂന്നോ നാലോ 11 kV ഫീഡറിനുള്ളിലായിരിക്കും ഉണ്ടാവുക. ഓരോ ഭാഗത്തേക്കും സബ്സ്റ്റേഷനുകളിൽ നിന്നും ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11000 വോൾട്ട് ലൈനാണ് ഒരു ഫീഡർ എന്നറിയപ്പെടുന്നത്.
ഒരു സെക്ഷനോഫീസിന്റെ പരിധിയിലെ ഉപഭോക്താക്കളെ ഇങ്ങനെ വിവിധ ഫീഡറുകളിലായിട്ട് വിന്യസിച്ചിരിക്കും. ഇതിൽ ഏതെങ്കിലും ഒരു ഫീഡർ ഓഫാകുമ്പോൾ (വൈദ്യുതി നിലക്കുമ്പോൾ) ആ ഫീഡറിലുള്ള ഉപഭോക്താക്കൾക്ക് മൊത്തം വൈദ്യുതി തടസ്സം ഉണ്ടാകുന്നു. 3 ഫീഡറും 15000 കൺസ്യൂമറുമുള്ള ഒരു സെക്ഷനോഫീസാണെന്ന് സങ്കൽപ്പിക്കുക. ഇതിലെ ഒരു ഫീഡറിൽ വൈദ്യുതി തടസ്സം നേരിട്ടാൽ അത് ഏകദേശം 5000 (അയ്യായിരം) ഉപഭോക്താക്കളെ ബാധിക്കുന്നു.
ഇതിൽ 5000 കൺസ്യൂമറിൽ 2000 പേർ ഓഫീസിലേക്ക് വിളിക്കുന്നു എന്ന് കരുതുക. ആദ്യം വിളിച്ച ആളിന് ഫോൺ കണക്റ്റാകുന്നു. രണ്ടാമത് വിളിച്ച ആൾക്ക് എൻഗേജ്ഡ് ടോൺ കേൾക്കുന്നു. ആദ്യം വിളിച്ച ആൾ ഒരു മിനുട്ട് സംസാരിക്കുന്നു എന്ന് കരുതുക. (ഇത് ഏറ്റവും ചുരുങ്ങിയതാണ്.) അങ്ങനെ 10 മിനിട്ടിനുള്ളിൽ 10 പേർക്കാണ് ഫോൺ കണക്റ്റായി കിട്ടുന്നത്. അതായത് 10 മിനിട്ട് ഒരു ഫീഡറിൽ വൈദ്യുതി ഓഫായാൽ ഓഫീസിലേക്ക് ഫോൺ വിളിക്കാൻ തയ്യാറായി നിൽക്കുന്ന 2000 പേരിൽ 10 പേർക്ക് മാത്രമാണ് മറുപടി ലഭിക്കുന്നത്. ബാക്കി 1990 പേർ കേൾക്കുന്നത് ഫോണിന്റെ എൻഗേജ്ഡ് ടോൺ മാത്രമാണ്.
ഇങ്ങനെ വൈദ്യുതി തടസ്സം ഒരു മണിക്കൂർ തുടർന്നു എന്ന് കരുതുക. ഒരു ഉപഭോക്താവ് വിളിച്ച് സംസാരിക്കുന്ന ഒരു മിനിറ്റ് എന്നത് 2 മിനുട്ടോ അതിലേറെയോ ആകാം. അങ്ങനെ തുടർച്ചയായി എൻഗേജ്ഡ് ടോൺ കേൾക്കുന്ന ഉപഭോക്താക്കൾ കരുതുന്നു KSEB ഓഫീസുകളിൽ ഫോൺ എടുത്ത് താഴത്ത് വെച്ച് അവർ കിടന്നുറങ്ങുകയായിരിക്കും എന്ന്.
പ്രിയ ഉപഭോക്താക്കളേ നിങ്ങൾ ഒന്ന് അറിയുക. ഒരു തവണ വൈദ്യുതി തടസം നേരിട്ടാൽ ആ തടസം നീക്കി നിങ്ങളുടെ സ്വിച്ചുകളിൽ വൈദ്യുതി തിരിച്ച് എത്തിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് ഞങ്ങളിൽ ഒരാളുടെയെങ്കിലും പ്രയത്നമുണ്ട് എന്ന് മനസിലാക്കുക. അത് ഏത് പ്രതികൂല കാലാവസ്ഥയോടും പട പൊരുതിയാണ് എന്ന് തിരിച്ചറിയുക. അതിനായി ഞങ്ങളിൽ പലരും നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവൻ കൂടെയാണെന്നും ഓർക്കുക.
ഞങ്ങളെ കല്ലെറിയും മുമ്പ് ഞങ്ങളും മനുഷ്യരാണെന്നും, വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് ഞങ്ങൾ നിങ്ങൾക്കായി (ഞങ്ങൾക്കായും) രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുന്നത് എന്നും മനസിലാക്കുക. KSEB എന്നും ജനങ്ങൾക്ക് വേണ്ടി.. ജനങ്ങളോടൊപ്പം..അതിന് രാവെന്നോ പകലെന്നോ, കാറ്റെന്നോ, മഴയെന്നോ, ഭേദമില്ല..സേവനമാണ് ഞങ്ങളുടെ ലക്ഷ്യം..അതാണ് ഞങ്ങളുടെ അന്നം..
ചിത്രങ്ങൾക്ക് കടപ്പാട് – ഗൂഗിൾ (Respected Photographers).