ബെംഗളൂരുവിൽ നിന്നും ദേവാലയിലേക്കുള്ള കിടിലൻ റോഡ് ട്രിപ്പൊക്കെ കഴിഞ്ഞു രാത്രിയോടെയാണ് ഞങ്ങൾ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെത്തിയത്. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ വേഗം തന്നെ ഞങ്ങൾ കിടന്നുറങ്ങി.
പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു റെഡിയായി. രാവിലെയാണ് ശരിക്കും ഞങ്ങൾ ഞങ്ങളുടെ റൂമിന്റെയും റിസോർട്ടിന്റെയും സൗന്ദര്യം നേരിൽക്കാണുന്നത്. ഹിൽടോപ് കോട്ടേജ് എന്നുപേരുള്ള അൽപ്പം ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടേജിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മുഴുവനായും തടികൊണ്ടാണ് ഈ കോട്ടേജ് നിർമ്മിച്ചിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. കോട്ടേജിനകത്തെ സൗകര്യങ്ങളും അടിപൊളി തന്നെയായിരുന്നു. ബാത്ത് റൂം ഒക്കെ വളരെ വ്യത്യസ്തമായിരുന്നു. ഷാംപൂ, ബോഡി ലോഷൻ എന്നിവയൊക്കെ കുഞ്ഞു ഭരണികളിലായായിരുന്നു ബാത്ത്റൂമിൽ വെച്ചിട്ടുള്ളത്.
ഇവിടെ റൂമിൽ നിന്നും കിട്ടുന്ന വ്യൂ അതിമനോഹരമായിരുന്നു. ഇവിടത്തെ ഓരോ കോട്ടേജുകളിൽ നിന്നും പലതരത്തിലുള്ള കാഴ്ചകളാണ് ലഭിക്കുന്നത്. ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതിനാൽ ഒരു കോട്ടേജിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നു പോകുക എന്നത് പ്രായോഗികമല്ല, അതുകൊണ്ട് റൂമിലെ ഫോണിൽ നിന്നും റിസപ്‌ഷനിൽ വിളിച്ചു പറഞ്ഞാൽ നിങ്ങളുടെ സഞ്ചാരത്തിനായി റിസോർട്ട് വക വാഹനം ഉടനെത്തും.
അതുപോലെതന്നെ വൈകുന്നേരം 6 മണിക്ക് ശേഷം കോട്ടേജിനു പുറത്തിറങ്ങി നടക്കുന്നത് അല്പം റിസ്ക്ക് പിടിച്ച പണിയാണ്. കാരണം ചുറ്റിനും കാടല്ലേ? വന്യമൃഗങ്ങൾ ഇറങ്ങിയാലോ? പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ആളുകളുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. എപ്പോൾ പുറത്തേക്കിറങ്ങണെമെങ്കിലും റിസോർട്ടിലെ വണ്ടി വിളിച്ചാൽ മതി.
റിസോർട്ടിനുള്ളിലെ സ്വിമ്മിങ് പൂൾ സെറ്റ് ചെയ്തിരിക്കുന്നത് വളരെ മനോഹരമായ ഒരു ഏരിയയിലാണ്. വലിയൊരു പൂൾ ആയതിനാൽ ധാരാളമാളുകൾക്ക് ഇതിൽ ഒരേസമയം കുളിച്ചു രസിക്കുവാൻ സാധിക്കും. സ്വിമ്മിംഗ് പൂളിനു അടുത്തായി ഒരു വലിയ ഒരു കുളവും ഉണ്ട്. ഈ കുളത്തിലാണ് കയാക്കിംഗ് ആക്ടിവിറ്റികൾ ഒക്കെ നടക്കുന്നത്.
തേയിലത്തോട്ടങ്ങൾക്കിടയിലുള്ള വാലി വ്യൂ കോട്ടേജുകളിൽ താമസിക്കുകയാണെങ്കിൽ മനോഹരമായ കാഴ്ചകളെല്ലാം കാണാവുന്നതാണ്. അതുപോലെ തന്നെ ഇവിടത്തെ ജംഗിൾ ലോഗ് ഹൗസ് എന്ന കോട്ടേജുകളിലെ താമസം വളരെ വ്യത്യസ്തമായ ഒരു ഫീൽ ആണ് തരുന്നത്. പേരുപോലെ തന്നെ ഒരു കാട്ടിനുള്ളിൽ താമസിക്കുന്ന പ്രതീതിയായിരിക്കും ഇവിടെ അനുഭവപ്പെടുക. അകെ 3 കോട്ടേജുകളേ ഈ കാറ്റഗറിയിൽ ഉള്ളൂ. ഹണിമൂൺ ആഘോഷിക്കുവാനായി വരുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു കോട്ടേജാണ് ജംഗിൾ ലോഗ് ഹൗസ്.
കെനിയൻ ടെൻറ്റ് ഹൗസുകളുടെ മാതൃകയിൽ തീർത്തിരിക്കുന്ന ലക്ഷ്വറി പവലിയൻ എന്ന കോട്ടേജുകൾ വളരെ വ്യത്യസ്തമാണ്. ഒരു വലിയ ടെന്റിനുള്ളിൽ ഒരു സ്റ്റുഡിയോ സെറ്റ് ചെയ്തതു പോലെയാണ് ഇതിനുള്ളിൽ കയറുന്നവർക്ക് തോന്നുക.
സംഭവം ഇവിടെ കുറെ കോട്ടേജുകൾ കാടിനുള്ളിലും മറ്റുമായി നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒരു മരം പോലും മുറിക്കാതെ അവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് അവയെല്ലാം ചെയ്തിരിക്കുന്നത്. റിസോർട്ട് പരിസരത്ത് BSNL ഒഴിച്ച് മറ്റുള്ള മൊബൈൽ നെറ്റ്വർക്കുകൾ ഒന്നുംതന്നെ ലഭ്യമല്ലെന്ന കാര്യം ആദ്യമേതന്നെ പറയട്ടെ.
ഇവിടത്തെ വ്യത്യസ്തമായ കോട്ടേജുകൾ കണ്ടതിനു ശേഷം ഞങ്ങൾ പിന്നീട് ആക്ടിവിറ്റികൾ എന്തൊക്കെയെന്ന് നോക്കുവാനായി നീങ്ങി. ആദ്യം പോയത് സിപ്-ലൈൻ ട്രൈ ചെയ്യുവാനായിരുന്നു. ഇതുപോലെ അഡ്വഞ്ചർ ഫീൽ തരുന്ന ധാരാളം ആക്ടിവിറ്റികൾ ഇവിടെയുണ്ട്. ഈ ആക്ടിവിറ്റികൾക്കെല്ലാം ഒരു സമയമുണ്ട്. മിക്കവാറും ഉച്ചയ്ക്കു ശേഷമായിരിക്കും ആക്ടിവിറ്റികളെല്ലാം ചെയ്യുന്നത്. എല്ലാ ആക്ടിവിറ്റികളും ഇവിടത്തെ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. കുതിര സവാരിയ്ക്ക് മാത്രം എക്സ്ട്രാ ചാർജ്ജ് കൊടുക്കേണ്ടതായുണ്ട്. എന്തായാലും സംഭവം കിടിലൻ തന്നെ.
വിവിധതരം സ്പോർട്സ് ഐറ്റങ്ങൾക്കായുള്ള ഗ്രൗണ്ടുകൾ, കുട്ടികൾക്കായുള്ള ബോട്ടിംഗ് പോലുള്ള ആക്ടിവിറ്റികൾ എന്നിവയും ഇവിടെയുണ്ട്. കൂടുതലായി അവയെക്കുറിച്ചു പറഞ്ഞു ഞാൻ ആ സസ്പെൻസ് കളയുന്നില്ല. എന്തുവന്നാലും രണ്ടു മൂന്നു ദിവസങ്ങൾ അടിച്ചുപൊളിക്കുവാനായി പറ്റിയ ഒരു കിടിലൻ ജംഗിൾ റിസോർട്ട് തന്നെയാണ് ദേവാലയിലെ കേരള – തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ട്.
കൂടുതൽ വിവരങ്ങൾക്ക്: 94008 32000 വിളിക്കാം. അല്ലെങ്കിൽ സന്ദർശിക്കുക: http://wildplanetresort.com/ .