വിൻഡോസ് വഴി ലോകമെങ്ങും പ്രശസ്തമായ ആ ചിത്രത്തിൻറെ യാഥാർത്ഥ്യം എന്ത്?

കംപ്യുട്ടര്‍ തുറന്നാല്‍ മോണിറ്ററില്‍ കാണുന്ന താഴ്‌വരയുടെ ആ മനോഹരമായ ചിത്രം നമ്മളാരും മറന്നുതുടങ്ങിയിട്ടില്ല. പച്ച പുൽത്തകിടിയും നീലാകാശവും പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടങ്ങളും നിറഞ്ഞ ആ ചിത്രത്തിന്റെ മനോഹാരിത ഇനിയും മനസിൽ നിന്നും മാഞ്ഞിട്ടില്ല. വിൻഡോസിന്റെ ആദ്യ വേർഷനുകൾ വഴി ഹിറ്റായ ആ ചിത്രം യഥാര്ത്ഥമാണോ എന്നു പലപ്പോഴും സംശയിച്ചിരുന്നു എല്ലാവരും. എന്നാല്‍ കേട്ടോളൂ, ആ ചിത്രം യഥാര്ത്ഥമാണ്. ബ്ലിസ് എന്ന പ്രകൃതിയുടെ മനോഹരമായ ചിത്രമാണ് പിന്നീട് വിന്ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഡിഫോൾട്ട് വാൾപേപ്പർ ആയി മാറിയത്.

2002ല്‍ എക്‌സ്പി ഹോം സ്‌ക്രീനിലൂടെ ലോകത്തിനു മുന്നിലെത്തിയ ‘ബ്ലിസ്’ എന്നു പേരിട്ട ഈ ചിത്രം ചരിത്രത്തില്‍ ഇടം നേടി, ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രം എന്ന ബഹുമതിയോടെ. പത്തു വര്ഷം കൊണ്ട് 100 കോടിയിലേറെ ആളുകള്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഹോം സ്‌ക്രീനിലൂടെ കണ്ട ബ്ലിസ് വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസയെക്കാള്‍ കൂടുതല്‍ തവണ ആളുകൾ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതിനു മോണലിസയോളം പേരോ പ്രസിദ്ധിയോ ഇല്ലെന്നു മാത്രം.

1998-ലെ ജനുവരി മാസം. നാഷണൽ ജ്യോഗ്രഫിക്കിലെ ഫോട്ടോഗ്രാഫറായ ചാൾസ്  ഓറിയർ ഗേൾഫ്രൺഡിനെ കാണാൻ സാൻഫ്രാൻസിസ്‌കോയിലേക്ക് പോകുന്നവഴി ഹൈവേയിൽ ഒരു കാഴ്ച കണ്ടു. അതിലൂടെ പല തവണ വണ്ടിയോടിച്ചുപോയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു ദൃശ്യം ഒരിക്കലും ചാൾസിന്റെ കണ്ണിൽ പെട്ടിട്ടില്ലായിരുന്നു. അമേരിക്കയിലെ ഹൈവേ 121 -ൽ സൊനോമ എന്ന സ്ഥലത്തായിരുന്നു ഇത്. ഉടനെ വണ്ടിനിർത്തിയ ചാൾസ് ആ കാഴ്ച തന്റെ മാമിയ ആർ.ഇസഡ്-67 ക്യാമറയിൽ ഒപ്പിയെടുത്തു. ശീതകാലത്തെ ഒരു മഴയ്ക്കു ശേഷമുള്ള പച്ചപ്പ്‌…. നീലാകാശം മുഴുവൻ പഞ്ഞിക്കട്ടകൾ പോലെയുള്ള മേഘങ്ങൾ. സംഭവം ഉഗ്രനായിരുന്നു.

ചാൾസ് ഈ ചിത്രം കോർബിസ് (ബിൽ ഗേറ്റ്സ് തുടങ്ങിയതാണിത്) എന്ന സൈറ്റിൽ അപ്‌ലോ‍‍‍ഡ് ചെയ്തു. ഡിജിറ്റൽ ക്യാമറകളൊക്കെ പ്രചാരത്തിൽ വരുന്നതിനു മുന്നേയുള്ള ലോകമാണെന്ന് ഓർക്കുക. പ്രകൃതിയുടെ ഭാവങ്ങൾ ഒപ്പിയെടുക്കാൻ അന്നത്തെക്കാലത്ത്  പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന മുന്തിയതരം ഫിലിമായിരുന്ന ഫ്യൂജിയുടെ ‘വെൽവിയ ഫിലിം’ ആയിരുന്നു ചാൾസ് ഉപയോഗിച്ചത്. ഫോട്ടോ എഡിറ്റ് ചെയ്യാതെയാണ് കോർബിസിൽ ഇട്ടത്.

വർഷം രണ്ടായിരം. മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ എക്സ്.പി. വിപണിയിലിറക്കാൻ ഒരുങ്ങുന്ന സമയം. വിൻഡോസ് 2000 -ന്റെ സ്ഥിരതയും വിൻഡോസ് എം.ഇ.യുടെ ഫീച്ചറുകളും ചേർന്ന ഒരു പതിപ്പായിരുന്നു എക്സ്.പി. പുതിയ വിൻഡോസിന്റെ സൗന്ദര്യം ഒന്ന് കൂട്ടാൻ അതിൽ വാൾപേപ്പറായി ഉപയോഗിക്കാൻ ഒരു നല്ലചിത്രം തപ്പി നടക്കുകയായിരുന്നു അവർ. തപ്പിത്തപ്പി അവർ ചാൾസ് എടുത്ത ചിത്രത്തിലെത്തി. ചാൾസിന് മൈക്രോസോഫ്റ്റിൽ നിന്ന് വിളിവന്നു. ചാൾസ് ആണെങ്കിൽ സമ്മതം അറിയിക്കുകയും ചെയ്തു. അങ്ങനെ ചാൾസ് ആ ചിത്രത്തിന്റെ പൂർണ അവകാശവും മൈക്രോസോഫ്റ്റിന് വിറ്റു. എത്ര തുകയ്ക്കാണ് ഇത് വിറ്റതെന്ന് ചാൾസ് ആരോടും പറഞ്ഞുമില്ല. എന്നാല്‍ അക്കാലത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ തുകയായിരുന്നു ചിത്രത്തിന്റെ പകര്പ്പവകാശം എന്ന നിലയില്‍ കിട്ടിയത് എന്നുറപ്പാണ്.

അടുത്ത വർഷം ഇറങ്ങിയ എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റത്തിലെ വാൾ പേപ്പറായി കോടിക്കണക്കിന്‌ കംപ്യൂട്ടർ സ്‌ക്രീനുകളിൽ പിന്നീടുള്ള വർഷങ്ങളിൽ ഈ ചിത്രം തിളങ്ങി. ഒരുപക്ഷേ നമുക്ക് ഏറ്റവും പരിചയമുള്ള വാൾ പേപ്പർ ‘ബ്ലിസ്’ എന്ന പേരിൽ അറിയപ്പെട്ടത്‌ ഈ ചിത്രമാകണം. വിൻഡോസ് വഴി പ്രചരിച്ച ഈ ചിത്രം യാഥാർത്ഥമാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്തതോ ഫോട്ടോഷോപ്പില്‍ രൂപപ്പെടുത്തിയതോ ആണ് എന്നാണ് വിൻഡോസ് ഉപയോക്താക്കള്‍ വിശ്വസിച്ചിരുന്നത്. ഇന്നും ചിലരൊക്കെ വിശ്വസിക്കുന്നതും അങ്ങനെ തന്നെയാണ്.

ഒരു ദശാബ്ദത്തിലധികം കാലം ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രം ഏതെന്ന് ചോദ്യത്തിന് ബ്ലിസ് എന്ന് മാത്രമാണ് ഉത്തരം. ഈ ചിത്രം പകർത്തപ്പെട്ട ശേഷം ആ താഴ്വരയുടെ രൂപഭംഗിക്ക് കാര്യമായ മാറ്റം വന്നു. ആ പ്രദേശം പിന്നീട് മുന്തിരിത്തോട്ടമായി മാറി. രൂപവും ആകെ മാറി. ഇതോടെ ചിത്രത്തെ അനുകരിക്കാന്‍ ആർക്കും വേറെ മാർഗ്ഗങ്ങൾ ഇല്ലാതെയായി. എന്നാല്‍ ചിത്രം അനുകരിക്കുന്നതിനായി മറ്റ് ഫോട്ടോഗ്രാഫർമാരുടെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പക്ഷെ ചാൾസ് കണ്ട പച്ചപ്പുല്ലും അതിനെ ചുംബിച്ചുനിൽക്കുന്ന മേഘങ്ങളും ഇനിയൊരിക്കലും ഈ ഹൈവേയിൽ കാണാൻ സാധിക്കില്ല എന്നതാണ് സങ്കടകരമായ സത്യം. എന്തൊക്കെ പറഞ്ഞാലും ഇതിനും മുൻപും പിൻപും ഇതുപോലെ എല്ലാവരുടെയും സ്‌ക്രീനിൽ എത്തിയ ഒരു ചിത്രം ലോകചരിത്രത്തിൽത്തന്നെ കാണില്ല എന്നത് തീർച്ച.

കടപ്പാട് – നിഖിൽ നാരായൺ, സിജി ജി പള്ളിപ്പുറം, മാതൃഭൂമി.