കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പ്രൈവറ്റും കെഎസ്ആർടിസിയും കർണാടക ആർടിസിയും അടക്കം ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. എന്നാൽ മറ്റെല്ലാ സർവ്വീസുകളെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി (കേരള ആർടിസി) ബസ്സുകളെ ഒരു വിഭാഗം യാത്രക്കാർ മൈൻഡ് ചെയ്യുന്നില്ല. ആദ്യം മുതലേ പ്രൈവറ്റ് സർവ്വീസുകൾ ഉപയോഗിച്ചു ശീലിച്ചവർ ഇന്നും അതു തുടർന്നുകൊണ്ടു പോകുന്നു. ഇത്തരത്തിൽ പ്രൈവറ്റ് ബസ്സിലെ സ്ഥിര യാത്രികയായിരുന്ന, ഒരിക്കൽ മനസ്സില്ലാ മനസ്സോടെ കെഎസ്ആർടിസിയിൽ കയറി യാത്ര ചെയ്യേണ്ടി വന്ന യുവതി പിന്നീട് കെഎസ്ആർടിസിയുടെ സ്ഥിര യാത്രികയായി മാറിയ കഥയാണ് ഇനി പറയുവാൻ പോകുന്നത്. എറണാകുളം സ്വദേശിനിയായ ശ്രീദേവി രമേഷാണ് ഇത്തരത്തിൽ ഒരു യാത്ര കൊണ്ട് കെഎസ്ആർടിസി ആരാധികയാണ് മാറിയത്. ആ സംഭവം എങ്ങനെയെന്ന് അറിയാം ശ്രീദേവിയുടെ വാക്കുകളിലൂടെ…
“പഠനത്തിനു ശേഷം ബെംഗളൂരുവിൽ ജോലി കിട്ടിയപ്പോൾ വീട്ടുകാരൊഴിച്ച് ഞാൻ മാത്രം സന്തോഷിച്ചു. അച്ഛനും അമ്മയ്ക്കും മകളെ ദൂരത്തേക്ക് അയയ്ക്കുന്നതിലുള്ള വേവലാതിയായിരുന്നു. ഒടുവിൽ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ഞാൻ ബെംഗളൂരുവിൽ ജോയിൻ ചെയ്യുവാൻ തീരുമാനിച്ചു. ട്രെയിനിൽ പോകാമെന്നു വിചാരിച്ചപ്പോൾ ഒന്നിലും സീറ്റ് ഒഴിവില്ലെന്നു കണ്ടതിനാൽ എൻ്റെ ആദ്യയാത്ര ബസ്സിലാക്കി. കൂട്ടുകാരൊക്കെ കെഎസ്ആർടിസിയുടെ സർവ്വീസുകൾ നിർദ്ദേശിച്ചപ്പോൾ അവയൊക്കെ ഞാൻ പുച്ഛിച്ചു തള്ളി. പണ്ടൊരിക്കൽ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെ ഛർദ്ദിച്ചതു മുതൽ എനിക്ക് അതിനോട് എന്തോ ഒരു വെറുപ്പായിരുന്നു. അങ്ങനെ ഒടുവിൽ റെഡ് ബസ് എന്ന ആപ്പ് വഴി ഞാൻ എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് ഒരു പ്രൈവറ്റ് വോൾവോ ബസ്സിൽ സീറ്റ് ബുക്ക് ചെയ്തു.
കൊച്ചിയിലെ സാധാരണ ബസ്സുകളിൽ മാത്രം യാത്ര ചെയ്തു ശീലിച്ച എനിക്ക് വോൾവോ ബസ്സിലെ യാത്ര വളരെ അദ്ഭുതകരമായ ഒരു അനുഭവമായിരുന്നു. അങ്ങനെ ആദ്യമായി ഒരു വോൾവോ ബസ്സിൽ യാത്ര ചെയ്തു ഞാൻ ബെംഗളൂരുവിൽ എത്തിച്ചേർന്നു. പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും തന്നെ എനിക്ക് യാത്രയിൽ അനുഭവപ്പെട്ടില്ല. അങ്ങനെ ഹാപ്പിയായി ഞാൻ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ആഴ്ചയിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഞാൻ അതേ പ്രൈവറ്റ് ബസ്സിൽ തന്നെയാക്കി. ബസ്സിന്റെ പേര് മനപ്പൂർവ്വം പറയാത്തതാണ് കേട്ടോ. കാരണം അവർക്ക് ഒരു ബുദ്ധിമുട്ട് ആകരുതല്ലോ.
അങ്ങനെ ഒരു വീക്കെൻഡിൽ ഞാൻ വീട്ടിലേക്ക് വരാൻ നോക്കിയപ്പോൾ ഞാൻ സ്ഥിരം പോകാറുള്ള ബസ് അടക്കം പ്രൈവറ്റ് ബസ്സുകളിലെല്ലാം നല്ല കത്തി ചാർജ്ജ്. അമ്മാവന്റെ മോളുടെ കല്യാണമാണ് ഞായറാഴ്ച. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്നും ബസ് കയറിയാലേ ശനിയാഴ്ച രാവിലെ നാട്ടിലെത്തുകയുള്ളൂ. കല്യാണത്തിനുള്ള ഗിഫ്റ്റും പിന്നെ ഞങ്ങൾക്കുള്ള ഡ്രെസ്സുമെല്ലാം എടുത്തതു കാരണം കയ്യിൽ കാശ് അൽപ്പം കമ്മിയായി നിൽക്കുന്ന സമയമാണ്. ഇത്രയും കത്തി ചാർജ്ജ് കൊടുത്ത് നാട്ടിൽ പോകുവാൻ ഒരു തരവുമില്ലാത്ത അവസ്ഥ. ഇതിപ്പോ നല്ല മുട്ടൻ പണി കിട്ടിയ അവസ്ഥയായി. വീട്ടിലേക്ക് എങ്ങനെയെങ്കിലും പോകണം. ഞാൻ കൂടെ വർക്ക് ചെയ്യുന്ന തൃശ്ശൂർക്കാരിയായ ടീനയോട് കാര്യം പറഞ്ഞു. അവളാണ് കെഎസ്ആർടിസിയുടെ സർവ്വീസ് സജസ്റ്റ് ചെയ്തത്. എനിക്കാണെങ്കിൽ കെഎസ്ആർടിസി എന്നു കേൾക്കുന്നതെ പേടിയായിരുന്നു. പക്ഷേ എൻ്റെ സാഹചര്യം മോശമാണല്ലോ. എങ്ങനെയെങ്കിലും വീടെത്തണം എന്ന ചിന്തയിൽ ഞാൻ കെഎസ്ആർടിസിയിൽ യാത്ര നോക്കാമെന്നു വിചാരിച്ചു. ടീന എനിക്ക് കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് ലിങ്ക് അയച്ചു തരികയും ചെയ്തു. അങ്ങനെ ഞാൻ നോക്കിയപ്പോൾ വൈകീട്ടുള്ള എറണാകുളം സ്‌കാനിയ ബസ്സിൽ രണ്ടോ മൂന്നോ സീറ്റുണ്ട്. ഒന്നും നോക്കാൻ നിന്നില്ല നേരെ അങ്ങ് ബുക്ക് ചെയ്തു. ഏതാണ്ട് ആയിരത്തോളം രൂപയാണ് അന്നു ചാർജ്ജ് വന്നത്. പ്രൈവറ്റിലെ കത്തി നിരക്ക് വെച്ചു നോക്കുമ്പോൾ ഇത് ഭേദം.
അങ്ങനെ രാത്രി പുറപ്പെടുന്ന എറണാകുളം എസി ലക്ഷ്വറി ബസ്സിൽ ഞാൻ യാത്രയായി. ബസ് പുറപ്പെടുന്നതിനു മുൻപ് എന്റെ മൊബൈലിൽ ഒരു കോൾ വന്നു. എടുത്തു നോക്കിയപ്പോൾ ഞാൻ ബുക്ക് ചെയ്ത ബസ്സിലെ കണ്ടക്ടറാണ്. എവിടെ നിന്നുമാണ് കയറുന്നതെന്നു കൺഫേം ചെയ്യാനായിരുന്നു വിളിച്ചത്. എന്ത് കെഎസ്ആർടിസിയിലും ഇങ്ങനെത്തെ സിസ്റ്റം ഒക്കെയുണ്ടോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. ഞാൻ സ്ഥിരമായി യാത്ര ചെയ്യാറുള്ള പ്രൈവറ്റ് ബസ്സിലെപ്പോലെ അടിപൊളിയായിരുന്നു കെഎസ്ആർടിസിയുടെ ഈ ബസ്. കെഎസ്ആർടിസിയിൽ യാത്ര ചെയ്‌താൽ ഛർദ്ദിക്കുമോ എന്നു പേടിച്ച് ഞാൻ രണ്ടു മൂന്നു കവറുകൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. പക്ഷേ അതൊന്നും വേണ്ടി വന്നില്ല. രാത്രി നല്ല സുഖകരമായ ഉറക്കം എനിക്ക് ലഭിക്കുകയും ചെയ്തു. അങ്ങനെ അതിരാവിലെ തന്നെ ഞാൻ എറണാകുളത്ത് എത്തിച്ചേർന്നു. ബസ് സ്റ്റാൻഡിൽ എന്നെക്കാത്ത് കസിൻ ബ്രദർ നിൽക്കുന്നുണ്ടായിരുന്നു. ബസ് ഇറങ്ങിയ ശേഷം അവനോടൊത്ത് നേരെ വീട്ടിലേക്ക് പോയി.
ഈ ഒരനുഭവം ഞാൻ വീട്ടിൽ എല്ലാവരോടും പങ്കുവെച്ചു. അങ്ങനെ കെഎസ്ആർടിസി വിരോധിയായിരുന്ന എന്റെയുള്ളിൽ കെഎസ്ആർടിസിയോട് അൽപ്പം ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. കസിന്റെ കല്യാണമൊക്കെ അടിച്ചുപൊളിച്ച് ആഘോഷിച്ചു കഴിഞ്ഞു പിന്നീട് ബെംഗളൂരുവിലേക്കുള്ള എൻ്റെ മടക്കയാത്രയും കെഎസ്ആർടിസി ബസ്സിൽ തന്നെ ബുക്ക് ചെയ്തു. അങ്ങനെ പിന്നീട് എന്റെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ കെഎസ്ആർടിസിയിൽത്തന്നെ ആയി മാറി. ഇടയ്ക്ക് ഒരിക്കൽ വയനാട് വഴിയുള്ള ബസ്സിലും ഞാൻ ഒന്നു യാത്ര പരീക്ഷിച്ചു. അതും അടിപൊളി തന്നെയായിരുന്നു. അങ്ങനെ കെഎസ്ആർടിസിയെ അങ്ങേയറ്റം വെറുത്തിരുന്ന ഞാൻ ആ ഒരു യാത്ര കൊണ്ട് കെഎസ്ആർടിസിയുടെ ഫാൻ ആയി മാറി.”
Image – Sachin, Syril T Kurian.