ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല

എഴുത്ത് – പ്രകാശ് നായർ മേലില.

ഒരാൾക്ക് കണ്ണുകാണില്ല, മറ്റേയാൾക്കു നടക്കാനാകില്ല, എന്നിട്ടും ഇവർ കയറാത്ത മലകളില്ല. മെൽനി നെക്റ്റിനു (Melanie Knecht) നടക്കാൻ കഴിയില്ല , ട്രെവർ ഹാൻ ( Trevor Hahn) നു കാഴ്ചയുമില്ല. പക്ഷേ ഇവരിരുവർക്കും വിശ്രമവുമില്ല. മലകൾ കയറുക എന്നതാണിവരുടെ വിനോദം. ട്രെവറിന്റെ മുതുകിലേറി യാണ് മെൽനി മലകൾ കയറുന്നത്.അതൊരുഗ്രൻ ടീം വർക്കാണ്.അമേരിക്കൻ സ്വദേശികളാണിരുവരും. ഇരുവരും അടുത്തകാലത്ത് അമേരിക്കയിലെ കൊളറാഡോ മല കയറിയാണ് വാർത്തകളിൽ ഇടം പിടിച്ചത്.

മെൽനി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു :- “ട്രെവർക്കു കാലുകളുണ്ട്, എനിക്ക് കണ്ണുകളും. ഇതാണ് ഞങ്ങളുടെ ഡ്രീം ടീം. ഞാൻ ജീവിതകാലം മുഴുവൻ വീൽചെയറിലാണ് കഴിഞ്ഞത്. പർവ്വതാരോഹണം വളരെ ഇഷ്ടമാണ്. മലമുകളിലെത്തി വെള്ളിമേഘങ്ങളെയും നീലാകാശത്തെയും അടുത്തു കണ്ടാനന്ദിക്കാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോൾ ഇത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ്. ഞങ്ങൾ തമ്മിലുള്ള പൊരുത്തം ഒരു മഹാ സംഭവമാണ്. ഞങ്ങൾക്കിരുവർക്കുമായി രണ്ടു കണ്ണുകളും രണ്ടു കാലുകളുമാണുള്ളത്. അതുതന്നെ ധാരാളം. He’s the legs, I’m the eyes — boom! Together, we’re the dream team.” ഇതാണ് മെൽനിയുടെ വരികൾ.

യാത്രയിൽ ട്രെവർ, മെൽനിയെ ഒരു പ്രത്യേകതരം ചെയറിൽ ബന്ധിച്ചു തൻ്റെ മുതുകിലേറ്റിയാണ് നടന്നു പോകുന്നത്. വഴിയും മറ്റുള്ള യാത്രാവിവരണങ്ങളും തോളിലിരുന്നുകൊണ്ട് മെൽനി വിവരിക്കുന്നു. അതനുസരിച്ചാണ് ട്രെവറുടെ മുന്നോട്ടുളള പ്രയാണം തന്നെ.

മേൽനിക്കു ചെറുപ്പം മുതൽക്കേ നട്ടെല്ലു വളരാതിരിക്കുന്ന (Spina bifida) എന്ന രോഗമാണ്. അതുകൊണ്ടു തന്നെ കാലുകൾ അതീവ ദുർബലവും. ട്രെവറുടെ കാഴ്ചനഷ്ടപ്പെട്ടത് ഗ്ലോക്കോമ എന്ന രോഗം മൂലമായിരുന്നു. Adaptive എക്സർസൈസ് ക്ലാസ്സിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആ സൗഹൃദം ദൃഢമായി. ഒപ്പം യാത്ര ചെയ്യാനും മലകയറാനും ഒരുമിച്ചു ജീവിക്കാനും അവർ തീരുമാനിക്കുകയായിരുന്നു. അടുത്തതായി 15000 അടി ഉയരമുള്ള ഒരു മലകയറാൻ ഇരുവരും പദ്ധതിയിടുകയാണ്.

പലതരത്തിലുള്ള വൈകല്യങ്ങൾ കാരണം ജീവിക്കുവാനുള്ള ആശ നഷ്ടപ്പെട്ട് വീട്ടിലെ ചുവരുകൾക്കുള്ളിൽ കഴിച്ചു കൂട്ടുന്നവർ ധാരാളമുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവർക്കെല്ലാം പുറത്തേക്ക് ഇറങ്ങുവാനും, സഞ്ചരിക്കുവാനും, സ്വപ്നം കാണുവാനുമൊക്കെ പോസിറ്റീവ് എനർജ്ജി നൽകുന്നതാണ് ഈ ദമ്പതിമാരുടെ ജീവിതകഥ. മറക്കരുത്, ജീവിതം അത് എന്തായാലും ആസ്വദിക്കുവാനുള്ളതാണ്. തോറ്റു പിന്മാറരുത്…