വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ മനുഷ്യര്‍ക്ക് മാത്രമല്ല ജീവനില്ലാത്ത വിമാനങ്ങള്‍ക്കുമുണ്ട് ശവപറമ്പുകള്‍. അമേരിക്കയിലാണ് ഈ അപൂര്‍വ്വ ശവപ്പറമ്പ് ഒരുക്കിയിരിക്കുന്നത്. ‘അരിസോണ’ എന്ന മരൂഭൂമിയെയാണ് വിമാനങ്ങളുടെ ശവപ്പറമ്പായി രൂപമാറ്റം നടത്തിയിരിക്കുന്നത്.
ഉപയോഗം കഴിഞ്ഞവിമാനങ്ങള്‍ സൂക്ഷിക്കുന്നതിനും നന്നാക്കുന്നതിനും ആവശ്യമുള്ള ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനും വേണ്ടി കൊണ്ടുപോയി സൂക്ഷിക്കുന്ന ധാരാളം ഇടങ്ങള്‍ പലരാജ്യങ്ങളിലുമുണ്ട്. ഇത്തരത്തിലെ ഏറ്റവും വലുത് അമേരിക്കയിലെ ബോണ്‍യാഡ് എന്നറിയപ്പെടുന്ന സൂക്ഷിപ്പുകേന്ദ്രമാണ്. 27000 ഏക്കര്‍ സ്ഥലത്ത് അരിസോണയിലെ മരുഭൂമിയില്‍ അതങ്ങനെ പരന്നുകിടക്കുകയാണ്.
അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടവും അണിയിച്ചിട്ടുണ്ട്.
ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. എയറോ സ്പേസ് മെയിന്റനന്‍സിലെ 309-ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്. ഈ വിമാനങ്ങള്‍ ഒരു കാലത്ത് അമേരിക്കയ്ക്കു വേണ്ടി യുദ്ധഭൂമിയില്‍ പോരാടിയിരുന്നു.
ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നു.രണ്ടാം ലോകമഹായുദ്ധാനന്തരം 1946ലാണ് ഡേവിസ് മോന്റന്‍ വ്യോമതാവളത്തില്‍ പഴക്കം വന്ന വിമാനങ്ങള്‍ എത്തിച്ചു തുടങ്ങിയത്.
ചരക്കു വിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇത്തരത്തില്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങളും സീരിയലുകളും സംഗീത വീഡിയോകളുമെക്കെ ഇവിടെ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. ചില വിമാനങ്ങള്‍ ഇവിടെ നിന്ന് അറ്റകുറ്റപ്പണി നടത്തി തിരിച്ചു പോകാറുണ്ട്. എന്നാല്‍ ചിലതിന്റെയാകട്ടെ പ്രവര്‍ത്തിക്കുന്ന എല്ല ഭാഗങ്ങളും അഴിച്ചു മാറ്റിയ ശേഷം പൂര്‍ണ്ണമായും അവര്‍ ഇവിടെ വിശ്രമിക്കുന്നു.
അമേരിക്കയുടെ മുന്‍ നിര പോരാളികളായിരുന്നു ഇവയില്‍ പലതും. ആണവായുധ ശേഷിയുള്ള വിമാനങ്ങളും ഇവിടെ ഉണ്ട്.2,600 ഏക്കറലാണ് ഈ ശവപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. വിമാനങ്ങളുടെ ശവപറമ്പായി ഇവിടം തന്നെ തെരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. താഴ്ന്ന ഈര്‍പ്പവും സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥാനവും ഉപ്പുരസമുള്ള മണ്ണുമൊക്കെയാണ് ആ കാരണങ്ങള്‍.
ഇവിടെയെത്തുന്ന വിമാനങ്ങളില്‍ പലതും റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുന്നവയാണ്. അതിനു സാധ്യതയില്ലാത്തവ ഉപയോഗിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ അഴിച്ചെടുത്തതിനുശേഷം തൂക്കി ഇരുമ്പു വിലയ്ക്ക് വില്‍ക്കും.
ഓരോ വിമാനവും എത്തുമ്പോള്‍ അതിന്റെ മുഴുവന്‍ പൂര്‍വകാലചരിത്രം അടങ്ങിയ രേഖകളും അതോടൊപ്പം അവിടെയെത്തുന്നു. ആയുധങ്ങളും സീറ്റുകളും വിലപിടിച്ചസാധങ്ങളുമെല്ലാം അതില്‍ നിന്നും അഴിച്ചുമാറ്റും. എവിടുന്നൊക്കെയോ വരുന്നവയായതിനാല്‍ തുടര്‍ന്നു വിമാനങ്ങള്‍ കഴുകിവൃത്തിയാക്കും. ഇന്ധനം നീക്കി കാലാവസ്ഥയില്‍ പിടിച്ചുനില്ക്കാന് പറ്റുന്നരീതിയില്‍ ചായമടിച്ച് ഓരോതരം വിമാനങ്ങള്‍ക്കും നിശ്ചയിച്ച സ്ഥലത്തുപാര്‍ക്കുചെയ്യുന്നു.
പൊതുവേ ജീവനക്കാര്‍ക്കുമാത്രം പ്രവേശനമുള്ള ഇവിടെ നടക്കുന്ന ബസ് ടൂര്‍ വഴി മറ്റുള്ളവര്‍ക്കും ഈ ശവപ്പറമ്പ് കാണാൻ അവസരമുണ്ട് താഴെ ഇറങ്ങാന്‍ അനുവാദമില്ലാത്ത ഒന്നര മണിക്കൂര്‍ നീളുന്ന ഈ ബസ് യാത്രയില്‍ സഞ്ചാരികൾക്ക് ചിത്രങ്ങള്‍ പകര്‍ത്താനും അനുവാദമുണ്ട്.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.