എഴുത്ത് – ഷാനിൽ മുഹമ്മദ്.
നാളെ ക്രിസ്തുമസ് ആണ്. എനിക്ക് നാട്ടിൽ പോകണം. അഞ്ചേ മുക്കാലിനുള്ള ബസ്സുപിടിക്കണം. എന്നാലേ രാത്രി 9 മണിക്കെങ്കിലും നാട്ടിലെത്തൂ. ആ ബസ് കിട്ടിയില്ലെങ്കിൽ പാതിരാത്രി കഴിയും. അഞ്ചരക്കാണ് വർക് ഷോപ് (സർവീസ് സെന്റർ) അടക്കേണ്ട സമയം. പക്ഷെ ഒരു ദിവസവും ആ സമയത്തിന് അടക്കില്ല. പണി ഒക്കെ കഴിയുമ്പോ സാധാരണ രാത്രി എട്ടുമണി ആകും. വൈകി ജോലിക്കെത്താതിരിക്കാനും നേരത്തെ ജോലി കഴിഞ്ഞു പോകാതിരിക്കാനും ആണ് ഇവിടെ സമയം വച്ചിരിക്കുന്നത്.
പക്ഷെ ഇന്നെനിക്ക് വീട്ടിൽ പോയെ പറ്റൂ. ക്രിസ്തുമസ് ആയിട്ട് കൂട്ടുകാരന്റെ വീട്ടിൽ പോയി നാളെ അവരോടൊത്തു ക്രിസ്തുമസ് ആഘോഷിക്കണം. വാക്ക് കൊടുത്തതാണ് ഈ ക്രിസ്തുമസിന് എന്തായാലും എത്തിയേക്കാമെന്ന്.
രാവിലെ മുതൽ കിട്ടിയ ജോബ് കാർഡുകളൊക്കെ യുദ്ധകാല അടിസ്ഥാനത്തിൽ പണി തീർത്തുകൊണ്ടിരുന്നു. കൂടെ ഉള്ള സുഹൃത്തിന് രാത്രി പള്ളിയിൽ പോകാനൊക്കെ ഉള്ളതാണ്. അവന്റെ കൂടെ ആണ് എല്ലാ വീക്കെൻഡിലും നാട്ടിലേക്കുള്ള പോക്കും തിരിച്ചുള്ള വരവും. അവനും കൊണ്ട് പിടിച്ച പണിയിലാണ്. ഏതു വിധേനയും അഞ്ചേ മുക്കാലിനുള്ള ബസ് പിടിക്കണം. അതാണ് ഞങ്ങളുടെ ടാർഗറ്റ്.
പണി കഴിഞ്ഞാൽ ഉടനെ ബസ് സ്റ്റാൻഡിലേക്ക് ഓടാൻ പറ്റില്ല. കാരണം ഞങ്ങൾ മെക്കാനിക്കുകളാണ്. ട്രെയിനീ മെക്കാനിക്ക്. കരിയിലും ഗ്രീസിലും ഓയിലിലും ചെളിയിലും ആണ് ദിവസം മുഴുവൻ. കാരണം, ലോറിയും ബസ്സിന്റെയും മറ്റ് ഹെവി വെഹിക്കിൾസിന്റെയും മെക്കാനിക്ക് ആണ്. ട്രെയിനിങ് കാലഘട്ടമാണ്. രാവിലെ പണി തുടങ്ങുമ്പോൾ മുതൽ ദേഹത്തും മുടിയിലും പറ്റിപ്പിടിക്കുന്ന ഡീസലിന്റെയും ഗ്രീസിന്റെയും ചെളിയുടെയും സുഗന്ധം കളയണമെങ്കിൽ സാധാരണ വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ തേച്ചു ഉരച്ചു കഴുകൽ വേണ്ടി വരും.
പക്ഷെ ഇന്ന് സമയമില്ല. അത് കൊണ്ട് തന്നെ ജോലി കഴിയുമ്പോഴേക്കും നല്ല കുറച്ചു ഡീസൽ ഊറ്റി വച്ചിട്ടുണ്ട്, നല്ല കുറച്ചു കോട്ടൺ വേസ്റ്റും. ഇന്ന് ഡീസൽ കൊണ്ടാണ് കുളി. ഡീസൽ കൊണ്ട് കയ്യും കാലും ഒക്കെ കുതിർത്തി കോട്ടൺ വേസ്റ്റ് കൊണ്ട് തുടച്ചു വൃത്തിയാക്കും. പിന്നെ 501 ബാർ സോപ്പിൽ ഒരു കഴുകൽ. ആ ഡീസലിന്റെ മണം മുഴുവൻ പോവില്ലെങ്കിലും കരിയും ചെളിയുമൊന്നും പുറത്തു കാണില്ല. എന്നിട്ട് ബാഗ് എടുത്തിട്ട് ഓട്ടമാണ്.
എത്രമാത്രം കുത്യമായാണ് സമയത്തിന്റ സൂചി നീങ്ങുന്നത്. ആരെയും ഒന്നിനെയും കാത്തു നിൽക്കാതെ… 5:43 ന് ബസ് സ്റ്റാൻഡിൽ എത്തി. നല്ല തിരക്ക്. ബസ്സിൽ കാലു കുത്താൻ ഇടമില്ല. എങ്കിലും ബസ് കൃത്യമായി രണ്ടു മിനിറ്റിൽ തൊടുപുഴ സ്റ്റാൻഡ് വിട്ടു.
മിക്കവാറും എല്ലാ വീക്കെൻഡിലും ഉള്ളതാണ് ഈ തല്ലിപ്പിടപ്പ്. ഒരു വർഷമാകുന്നു അങ്കം തുടങ്ങിയിട്ട്. ബസിൽ കയറി ശ്വാസം നേരെ വലിച്ചു വിട്ടു. ഇനി അടുത്ത സ്ഥലം മൂവാറ്റുപുഴ. 50 മിനിറ്റാണ് റണ്ണിങ് ടൈം. ഞങ്ങൾ ഇറങ്ങുന്ന പാലക്കാട്ടുതാഴം ബസ് സ്റ്റോപ്പിൽ കൃത്യം 6:35 ന് ആലുവക്കുള്ള ടൌൺ ടു ടൌൺ ( KSRTC – T/T ) എത്തും. അത് മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ നിന്ന് 6:30 ന് എടുക്കുന്നതാണ്.
അത് കിട്ടിയാലേ ആലുവയിൽ നിന്നുള്ള വീട്ടിലേക്കുള്ള അവസാന ബസ് കിട്ടൂ. മൂവാറ്റുഴ എത്താറായപ്പോഴേക്കും ടെൻഷനും കൂടി കൂടി വന്നു. ക് ക്രിസ്തുമസ് ആയതുകൊണ്ട് റോഡിലൊക്കെ നല്ല തിരക്ക്. ടൌൺ അടുത്തതും ബസ് ഇഴഞ്ഞു നീങ്ങുന്നു. സമയം അതിലും വേഗത്തിൽ ചലിക്കുന്നു. എങ്ങാനും ടി ടി കിട്ടാതിരുന്നാൽ? ആലോചിക്കാൻ പോലും വയ്യ.
ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പതിനഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ ടി ടി അതിന്റെ പാട്ടിനു പോയി. ഞങ്ങൾക്ക് നല്ല കിടിലൻ പോസ്റ്റ്. ഇനി ആലുവക്കുള്ള KSRTC ഓർഡിനറി ബസ് മാത്രമാണ് ശരണം. മൂവാറ്റുപുഴ മുതൽ ആലുവക്കുള്ള എല്ലാ സ്റ്റോപ്പിലും കയറി ഇറങ്ങി ഏതാണ്ട് രണ്ടു മണിക്കൂറോളം സമയമെടുക്കും ആലുവ എത്താൻ. മൂവാറ്റുപുഴയിൽ നിന്ന് ഏഴര ആയി പുറപ്പെടാൻ. ഇനി ആലുവ എത്തിയിട്ട് എന്ത് ചെയ്യും? ഒന്നും ആലോചിക്കാനേ വയ്യ. പോകാതെ തരമില്ലല്ലോ. പോകുക തന്നെ. ബസ്സിന്റെ മുൻ സീറ്റിൽ ഡ്രൈവറുടെ അടുത്ത് പോയിരുന്നു. എന്തൊക്കെയോ കാഴ്ചകൾ കണ്ണിലൂടെ മിന്നി മറയുന്നുണ്ട്. പക്ഷെ ഒന്നും മനസ്സിലേക് രെജിസ്റ്റർ ആകുന്നില്ല.
ആ ഓർഡിനറി ബസ് അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു അവസാനം ആലുവ എത്തി. ജീവിതത്തിൽ ഇത്രയും ബോർ അടിച്ച, വെറുപ്പിച്ച യാത്ര അതുവരെ ഓർമയിൽ ഉണ്ടായിട്ടേ ഇല്ല. അതിനിടക്ക് പെരുമ്പാവൂരിലെ ബ്ലോക്കും റോഡിലെ ക്രിസ്തുമസ് ആഘോഷങ്ങളും എല്ലാം കൂടി പത്തു പത്തര മണി കഴിഞ്ഞു ആലുവ എത്താൻ. ആലുവയിൽ നിന്ന് വീട്ടിലേക്കുള്ള അവസാന ബസ് എട്ടരയ്ക്ക് പോയി. മൊത്തം ശോകം അവസ്ഥ. ഓട്ടോ എടുക്കാൻ കാശില്ല. ഭക്ഷണത്തിനും. കാരണം ഒരു ദിവസത്തെ വേതനം അന്ന് 25 രൂപയാണ്. 28 രൂപയോളമാവും ബസ്സുകാശ് മാത്രം തൊടുപുഴയിൽ നിന്ന് വീട് വരെ. തിരിച്ചു ജോലിക്ക് കയറാൻ വീട്ടിൽ നിന്നും കാശ് വാങ്ങുന്ന പതിവില്ല. കയ്യിലുള്ളത് വച്ച് തിരിച്ചെത്തണം.
ആലുവ ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് 8 കിലോമീറ്റർ ഉണ്ട്. നടക്കണോ? അതോ ലിഫ്റ്റ് കിട്ടാൻ തോട്ടക്കാട്ട്കര വരെ പോകണം. ആലോചിച്ചു നിൽകുമ്പോൾ ഒരു എറണാകുളം ബസ് ആളെ വിളിച്ചു കയറ്റുന്നു. കൂട്ടുകാരൻ അതിൽ കയറാൻ ഓടി. ഞാനും പുറകെ പിടിച്ചു. കളമശ്ശേരി ആണ് ലാഭം. കാരണം ലിഫ്റ്റ് കിട്ടാൻ സാധ്യതയും വീട്ടിലേക്ക് അഞ്ചു കിലോമീറ്റർ എന്ന ദൂരക്കുറവും. കളമശ്ശേരിയിൽ ഇറങ്ങി.
റോഡ് സൈഡിൽ നിന്ന് വരുന്ന വണ്ടിക്കൊക്കെ കുറെ നേരം കയ്യും കാലുമൊക്കെ കാണിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. ചിലപ്പോ ഞങ്ങളുടെ കോലം കണ്ടായിരിക്കും ആരും നിർത്താത്തത്. അല്ലേൽ തൊട്ടടുത്തുള്ള ബാറിൽ നിന്നിറങ്ങുന്ന ആളുകളാണോ എന്ന് സംശയിച്ചാണോ എന്തോ? അറിയില്ല. ചിലപ്പോ ക്രിസ്മസായിട്ട് ചെറുതായി മിനുങ്ങിയതാണെന്നു കരുതി ആയിരിക്കും. എന്തായാലും ആരും ലിഫ്റ്റ് തരാൻ വണ്ടി നിർത്തിയില്ല. സമയം വീണ്ടും മുന്നേ ഓടി. വിശപ്പും ക്ഷീണവും ഒരു വശത്തും, എങ്ങനെയെങ്കിലും വീട് പിടിക്കാനുള്ള ആവേശം മറു വശത്തും. മൊബൈൽ ഫോൺ ഇല്ല, കാത്തിരുന്നു വീട്ടുകാരും ടെൻഷനാവും.
നടന്നു…നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു, മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ നേരെ നടന്നു. ക്രിസ്തു പിറന്ന ആ രാവിൽ ആകാശത്തു നക്ഷത്രങ്ങൾ മിന്നികളിക്കുന്നത് ഞാൻ കണ്ടു. കടകളിലും വീടുകളിലും ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുക്കിയ നക്ഷത്രങ്ങൾ എനിക്ക് വഴി കാട്ടി. മഞ്ഞണിഞ്ഞ ആ രാത്രി ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളും വഴിവക്കിലങ്ങോളം ഇങ്ങോളമുള്ള വീട്ടുകളിൽ മിന്നുന്ന പുൽക്കൂടുകളും അലങ്കാരങ്ങളും നോക്കിയുള്ള ആ അഞ്ചു കിലോമീറ്റർ നടക്കുമ്പോൾ, അതുവരെ ഉണ്ടായിരുന്ന വിശപ്പിനും ദാഹത്തിനും ക്ഷീണത്തിനും മീതെ, ഇതിലും മെച്ചപ്പെട്ട ജീവിതവും സാഹചര്യങ്ങളും ഞാൻ അർഹിക്കുന്നില്ലേ എന്ന് എന്റെ പ്രിയപ്പെട്ട ദൈവത്തോട് ഞാൻ ചോദിച്ചു കൊണ്ടിരുന്നു.
അതെ, അന്ന് ചോദിച്ച ചോദ്യം ദൈവം കേട്ടിട്ടുണ്ടായിരിക്കും. പതിനേഴ് കൊല്ലം മുൻപ്, 2002 ലെ ആ ക്രിസ്തുമസിന്റെ പാതിരാവിൽ ചോദിച്ച ചോദ്യം. സർവ ശക്തനായ ദൈവത്തിന് നന്ദി. ഈ ജന്മം കൊണ്ട് തീർത്താൽ തീരാത്ത നന്ദി. ജീവനുള്ളിടത്തോളം മറക്കാനാവാത്ത ആ ക്രിസ്തുമസ് രാവും ആ നടത്തവും ദൈവത്തോടുള്ള ചോദ്യവുമെല്ലാം വർഷങ്ങൾക്കിപ്പുറവും മനസ്സിൽ തളിഞ്ഞു കത്തും. എല്ലാര്ക്കും എല്ലാം നൽകുന്ന വിനീതനായ ദൈവത്തിന്റെ ഓര്മപ്പെടുത്തലുകൾ ഓർത്തു ദൈവത്തിലേക്ക് വീണ്ടും വീണ്ടും കൈകൂപ്പി നന്ദി പറയും. എത്ര പറഞ്ഞാലും തീരാത്ത നന്ദി .