വിവരണം – ഷാനിൽ മുഹമ്മദ്.
‘എനിക്ക് ഉടനെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം. ഏതേലും മലയിലേക്ക്, അല്ലേൽ കാട്ടിലേക്ക്. എങ്ങോടെങ്കിലും പോയേ പറ്റൂ…’ രണ്ടു ദിവസമായി ചിന്ത തലക്ക് പിടിച്ചിട്ട്. പനി വന്ന് കിടന്ന കിടപ്പ് മൂന്നുദിവസം കട്ടിലിൽ നിന്ന് എഴുനേൽക്കാൻ വയ്യാതെ കിടന്നപ്പോ തുടങ്ങിയതാണ് ചിന്ത. ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയായിരുന്നു ആ ദിവസങ്ങളിൽ. കട്ടിലിൽ ഇതുപോലെ ഇത്രയും ദിവസം കിടന്നിട്ട് നാളേറെയായി. മനസ്സ് ആകെ ഇരുണ്ടിരിക്കുന്നു. ഒത്തിരി ഡ്രൈവ് ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ല. ആരെയെങ്കിലും ഒരു കൂട്ട് കിട്ടിയിരുന്നെങ്കിൽ…. ആ കിടപ്പിൽ ഓരോരുത്തരെ ആയി വിളിച്ചു. ഒരാൾ പകുതി ഓക്കേ പറഞ്ഞു.
ഒരു ഡ്രൈവ് എന്നേ പ്ലാൻ ഉണ്ടായിരുന്നുള്ളൂ, എങ്ങോട് പോകും ഈ ചൂടത്തു എന്ന് ആലോചിച്ചപ്പോൾ കഴിഞ്ഞ ഏതോ മാസത്തെ മനോരമ ട്രാവലറിൽ മൂന്നാറിനപ്പുറമുള്ള ‘യെല്ലപ്പെട്ടി’യെപ്പറ്റി വായിച്ചതോർത്തു. മാഗസിൻ തപ്പിയെടുത്തു നമ്പർ കിട്ടുമോ എന്ന് നോക്കാം എന്ന് വിചാരിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഗൂഗിളിൽ തപ്പി ഒരു നമ്പർ എടുത്തു വിളിച്ചു. അവിടെ വരെ വന്നാലുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു. ഒന്നും ഉറപ്പു കൊടുത്തില്ല. പോക്ക് നടക്കുമോ എന്നൊന്നും അറിയില്ല.ഒന്ന് : പനി മാറി വരുന്നതിന്റ ക്ഷീണം. രണ്ടു : കൂട്ടുകാരന്റെ കാര്യം 50 – 50.
ഞായറാഴ്ച രാവിലെ പെട്ടെന്ന് പ്രൊജെക്റ്റ് ഓൺ ആയി. കൂട്ടുകാരൻ പള്ളിയിൽ പോയി 9 മണി ആയപ്പോഴേക്കും തിരിച്ചെത്തി എന്നെ വിളിച്ചു ഓക്കേ പറഞ്ഞു. ഓശാന ഞായർ അവൻ എനിക്ക് വേണ്ടി മാറ്റി വച്ചു. കൂടെ പിറ്റേ ദിവസത്തെ വിഷുവും. 10 മണിയോടെ കാറെടുത്തു ആലുവയിൽ നിന്ന് തിരിച്ച ഞങ്ങളുടെ ലക്ഷ്യം 2 മണിക്ക് മൂന്നാറിറിൽ നിന്ന് ഒരു മണിക്കൂർ കൂടി ഡ്രൈവ് ചെയ്യേണ്ട യെല്ലപ്പെട്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു. അവിടെ നിന്നാണ് ടെന്റ് ക്യാമ്പിലേക്ക് ട്രെക്കിങ് തുടങ്ങുന്നത്.
മാട്ടുപെട്ടിയിലെയും, റോസ് ഗാർഡനിലെയും, എക്കോ പോയിന്റിലെയും, കുണ്ടള ഡാമിന്റെയും വെക്കെഷൻ ആയത് കൊണ്ടുള്ള ഞായറിന്റെ ബ്ലോക്ക് താണ്ടി ടോപ് സ്റ്റേഷൻ റൂട്ടിലുള്ള യെല്ലപ്പെട്ടി പോസ്റ്റ് ഓഫിക്സിനു മുന്നിൽ പറഞ്ഞതിലും അല്പം വൈകി ഞങ്ങൾ എത്തിയപ്പോഴേക്കും ഞങ്ങളുടെ കൂടെ പോകേണ്ട ഗ്രൂപ്പിലെ മൂന്നുപേർ അവിടെ ഹാജരായിരുന്നു. കാർ അവിടെ സേഫ് ആയി ഒതുക്കിയിട്ട് ബാക്കി ആളുകൾക്ക് വേണ്ടി കാത്തിരുന്നു.
അവിടെ നിന്ന് മുകളിലേക്ക് 4 കിലോമീറ്റർ ട്രെക്കിങ് പോകാൻ വേണ്ടി റെഡിയായപ്പോൾ തന്നെ മനസ്സൊക്കെ ഒന്ന് തണുത്തു. റേഞ്ച് ഇല്ലാത്ത ഫോൺ ഓഫ് ആക്കി ബാഗിൽ ഇട്ടപ്പോൾ എന്തൊക്കെയോ ഭാരം കുറഞ്ഞത് പോലെ ഫീൽ ചെയ്ത് തുടങ്ങി. ആന്ധ്രക്കാരായ 6 ചെറുപ്പക്കാർ കൂടി ഞങ്ങളോട് കൂടെ കൂടി. അതോടെ ഞങ്ങൾ ഗ്രൂപ്പ് ആയി മലകയറിത്തുടങ്ങി. കുറച്ചു ദൂരം കണ്ണൻ ദേവൻ എസ്റ്റേറ്റിലൂടെയും അല്പം ഓഫ്റോഡ് ജീപ്പ് ട്രാക്കിലൂടെയും അത്ര ബുദ്ധിമുട്ടില്ലാത്ത കയറ്റത്തിലുമൊക്കെ ആണ് നടപ്പ് എങ്കിലും, പനി മാറി ശരീരം പൂർണ സജ്ജമാകാത്തത് കൊണ്ടാണോ എന്നറിയില്ല, ഇടക്ക് നന്നേ ബുദ്ധിമുട്ടിച്ചു. ചെറുതായി ബ്രീത്തിങ് പ്രോബ്ലെവും അലട്ടി. എങ്കിലും കൂടെയുള്ള കുട്ടികളോട് കൂടെ കഥകളും വിശേഷങ്ങളുമൊക്കെ പറഞ്ഞു വേഗം ടെന്റ് എത്താൻ നടപ്പു തുടർന്നു.
കുത്തനെയുള്ള ഒരു മല കയറി ചെന്നെത്തിയപ്പോൾ കണ്ട കാഴ്ച്ച കണ്ണുകളെ, മനസ്സിനെ, ശരീരത്തിനെയൊക്കെ തണുപ്പിക്കാൻ തക്ക സുന്ദരമായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടം. ചുറ്റും സുന്ദരമായ ഭൂപ്രകൃതി. വലിയ ഒരു മലയുടെ ചെരുവിൽ തട്ടുകളായി തിരിച്ചിടത്തു കുറച്ചു ടെന്റുകൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഏത് ടെന്റിൽ നിന്ന് പുറത്തേക്കു നോക്കിയാലും നോക്കെത്താ ദൂരത്തു പച്ചയണിഞ്ഞ മല നിരകൾ മാത്രം.
ദൂരെ താഴ്വരയിൽ ചില സമയം ബോഡിമെട് തെളിഞ്ഞു കാണാം. ഇടക്ക് നല്ല കാലാവസ്ഥയാണെങ്കിൽ മാത്രം ബോഡിക്ക് അപ്പുറം വെളുത്ത കുഞ്ഞു നക്ഷത്രങ്ങൾ പോലെ തേനിക്കും കമ്പത്തിനും ഇടയിലുള്ള കാറ്റാടിപ്പാടങ്ങളും തെളിഞ്ഞു വരും. സുഖകരമായ തണുപ്പ് ശരീരമാസകലം വന്നു പൊതിഞ്ഞു കൊണ്ടിരുന്നു. നാട്ടിലെ കത്തുന്ന ചൂടിൽ തണുപ്പിനെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നത് കൊണ്ട് ജാക്കറ്റ്, സ്വെറ്റർ ഒന്നും തന്നെ കരുതിയിരുന്നില്ല. മൂന്നാർ ടൗണിലും ചൂടായിരുന്നു. അതുകൊണ്ട് ഇവിടെയും കൂടുതൽ വെത്യാസം പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. എന്തായാലും സന്ധ്യയായി തുടങ്ങിയപ്പോൾ മുതൽ കിടുകിടാ വിറപ്പിക്കുന്ന നല്ല ഉശിരൻ തണുപ്പ് വന്ന് അടിമുടി പണി തുടങ്ങി കഴിഞ്ഞിരുന്നു.
തൊട്ടടുത്തുള്ള മലമുകളിൽ കയറി സൂര്യനെ യാത്രയാക്കി തണുപ്പ് മൂലം റ്റെന്റിൽ പെട്ടെന്നു കയറിക്കൂടി. കുറെ സമയത്തിനു ശേഷം പുറത്തിറങ്ങി ക്യാമ്പ് ഫയറിന്റെ ചൂടിൽ കുറച്ചു സമയം ചിലവഴിച്ചിട്ട് വീണ്ടും ടെന്റിലേക്ക്. അതിൽ കയറി മലർന്നു കിടന്ന് ചെവി വട്ടം പിടിച്ചു. ചുറ്റും കാടിന്റെയും കാറ്റിന്റെയും ശബ്ദം മാത്രം. കാറ്റ് ശക്തിയായി താരാട്ട് പാട്ടുപോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഈ അടുത്ത് ഇത്ര സുന്ദരമായ ശബ്ദങ്ങൾ കേട്ടിട്ടുണ്ടായിരുന്നില്ല. സുരക്ഷിതമായ ടെന്റിൽ കിട്ടിയ ബ്ലാന്കെറ്റ് കൊണ്ട് പുതച്ചു മൂടി, ചെവി മാത്രം പുറത്തിട്ട് കിടക്കുമ്പോൾ കുറെ ഏറെ നാളായി വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് എന്ന തോന്നൽ. ശരീരം വേദനയെല്ലാം കുറഞ്ഞിരിക്കുന്നു, ക്ഷീണവും ഒരു പരിധി വരെ കുറഞ്ഞു. ആ ചെറിയ ടെന്റിലേക്ക് എന്റെ ലോകം ഒതുങ്ങിക്കൂടിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. സമാധാനം.
എപ്പോഴാണ് ഉറക്കം വന്ന് കൂട്ടികൊണ്ടു പോയതെന്നറിയില്ല. അഞ്ചുമണിക്ക് അലാറം അടിച്ചപ്പോൾ സ്ഥലകാലബോധം വന്നു. സൂര്യൻ ഉദിക്കുന്നത് കാണാൻ അടുത്തുള്ള ഒരു മലമുകളിൽ പോകാമെന്നേറ്റിരുന്നു. വിഷുപ്പുലരിയാണ്. പുതുവർഷമാണ്. എല്ലാറ്റിനും നല്ല തുടക്കമാവട്ടെ വരും ദിവസങ്ങളിലും എന്ന് ചുമ്മാ മനസ്സിനോട് പറഞ്ഞു പഠിപ്പിച്ചു. പെട്ടെന്നു ഫ്രഷ് ആയി മലമുകളിലേക്ക് നടന്നു തുടങ്ങി.
മുകളിലെത്തിയപ്പോഴേക്കും ചെറുതായി വെളിച്ചം വച്ചുതുടങ്ങിയിരുന്നു. ചുറ്റും മലനിരകൾ. തണുത്ത കാറ്റ്. ശുദ്ധമായ വായു. താഴെ മേഘക്കിടക്ക (cloud bed). ചുവന്ന പുതുവെളിച്ചം വന്ന് തട്ടുന്നത് സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലി മലയിൽ. അതിനാൽ മീശപ്പുലിമല ചുവന്ന് തുടുക്കുന്നു. തൊട്ട് താഴെ കൊളുക്ക്മല. ലോകത്തെ ഏറ്റവും ഉയരം കൂടിയ ടീ ഫാക്റ്ററി സ്ഥിതിചെയ്യുന്നത് അവിടെയാണ്. അതിനും താഴെ കുരങ്ങിണി മല. ഈ അടുത്ത് വനത്തിൽ തീ പടർന്ന് കുറെ ആളുകൾ മരണപ്പെട്ട സ്ഥലം. ഏത് വശത്തേക്ക് നോക്കിയാലും അത്യന്തം സുന്ദരമായ ഭൂപ്രകൃതി. കിഴക്ക് ദൂരെയുള്ള ഒരു മലയിടുക്കിൽ നിന്ന് ചുവന്നു ഉടുപ്പിട്ട സൂര്യൻ പതിയെ തല പുറത്തേക്ക് നീട്ടി ഞങ്ങളെ നോക്കി. തൊട്ടടുത്ത കാട്ടിൽ നിന്ന് കുരങ്ങുകളുടെയും കിളികളുടെയും ശബ്ദം.
ഞാൻ അൽപനേരം കണ്ണടച്ച് ഒരു പാറമുകളിൽ ഇരുന്നു. തണുത്ത കാറ്റേറ്റ്, സൂര്യന്റെ ഇളം ചൂടേറ്റ്, കാടിന്റെ ശബ്ദം കേട്ട്…. ഇതിൽപ്പരം എന്തുവേണം ഈ വിഷുപ്പുലരിയിൽ. ആത്മാർത്ഥ കൂട്ടുകാരന് എനിക്ക് കൊടുക്കാൻ സാധിച്ച ഏറ്റവും നല്ല വിഷുക്കൈനീട്ടവും ഇത് തന്നെ എന്ന് അപ്പോൾ മനസ്സിൽ തോന്നി. അതെ, ദൈവത്തോട് ഞാൻ കുറെ കൂടി അടുത്തു. കുറെ ഏറെ നേരം സർവശക്തനോട് നന്ദി പറഞ്ഞു. എന്നെ അപ്പോൾ ആ കാഴ്ചകൾ കാണാൻ അവിടെ എത്തിച്ചതിന്. പ്രകൃതിയാണ് ദൈവം എന്ന് എന്നെ പഠിപ്പിച്ചതിന്. ഇത്രമേൽ മനോഹരമായ കാഴ്ചകൾ ഓരോന്നും എന്റെ കണ്ണുകൾക്ക് വിരുന്ന് നൽകുന്നതിന്.
ഏറെ നാളായി പുറപ്പെട്ട യാത്ര അവസാനിച്ചത് പോലൊരു ഫീൽ. മനസ്സൊക്കെ നന്നേ തണുത്തു. ശരീരവും നന്നായി റീചാർജ് ആയി. ഇനി അടുത്ത യാത്രക്ക് ഒരുങ്ങുവാൻ ഒരു ചെറിയ ഇടവേള. പുതിയ സ്ഥലങ്ങളും, പുതിയ കാലാവസ്ഥകളും പുതിയ ജീവിതങ്ങളും പുതിയ ലോകവും തേടി ഉടൻ അടുത്ത ദേശത്തേക്ക്… ഭൂമിയിലെ അത്ഭുതങ്ങൾ കണ്ടു കണ്ണും മനസ്സും നിറയ്ക്കുവാൻ. അതുവരെ ഇവിടൊക്കെ തന്നെ കാണും….