കാറിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പോലീസ് പിടിക്കുമോ?

സ്വന്തമായി വാഹനമില്ലാത്തവരിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കൊണ്ട് പോയിട്ടുണ്ടാകും. മിക്കവാറും ഇരുചക്രവാഹനങ്ങളിലായിരിക്കും കൂടുതലാളുകളും ലിഫ്റ്റ് അടിച്ചു യാത്ര ചെയ്തിട്ടുണ്ടാകുക. ഇനിയിപ്പോൾ സ്വന്തം വാഹനം ഉണ്ടായാലും അത് വഴിയിൽ കേടാകുകയോ പഞ്ചർ ആകുകയോ ചെയ്താലും ലിഫ്റ്റ് അടി തന്നെ ശരണം. മറ്റുള്ളവർക്ക് ഒരു ഉപകാരം ആകുമ്പോൾ ച്ചില്ല സമയങ്ങളിലെങ്കിലും ലിഫ്റ്റ് കൊടുക്കുന്നത് അപകടകരമായി തീരാറുണ്ട്. ലിഫ്റ്റ് ചോദിച്ചു വരുന്നയാൾ ഏതു തരക്കാരൻ ആണെന്ന് വാഹനം ഓടിക്കുന്നയാൾക്ക് അറിയില്ലല്ലോ. എന്നിരുന്നാലും ലോകമെമ്പാടുമുള്ള ഒരു കലയായി ഈ ലിഫ്റ്റ് ചോദിക്കൽ ഇന്നും തുടരുന്നു.

ചിലർ കാറുകളിലും ലോറികളിലും വരെ ലിഫ്റ്റ് ചോദിച്ചുകൊണ്ട് യാത്ര ചെയ്യാറുണ്ട്. എന്തിനേറെ പറയുന്നു ലിഫ്റ്റ് അടിച്ചു മാത്രം യാത്ര ചെയ്യുന്ന ഒരു സഞ്ചാര രീതി തന്നെ ഇന്ന് നിലവിലുണ്ട്. ‘ഹിച്ച് ഹൈക്കിംഗ്’ എന്നാണു ആ രീതിയ്ക്ക് ലോകം നൽകിയിരിക്കുന്ന പേര്. മാസങ്ങൾക്ക് മുൻപ് ഞാൻ കോഴഞ്ചേരിയിൽ നിന്നും ഇതുപോലെ ലിഫ്റ്റ് അടിച്ച അങ്ങ് വയനാട് വരെ പോയതുമാണ്. അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം. സ്വകാര്യ വാഹനങ്ങളിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പോലീസ് പിടിക്കുമോ? ഇതിനെക്കുറിച്ച് ആർക്കും വലിയ പിടിയുണ്ടാകാൻ ഇടയില്ല. എനിക്കും മുൻപ് അങ്ങനെത്തന്നെയായിരുന്നു. പക്ഷെ സത്യത്തിൽ അങ്ങനെയൊന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കുന്നത് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അത് കുറ്റകരമാണത്രെ. മുംബൈയിൽ നടന്ന ഒരു സംഭവത്തോടെയാണ് ഇത്തരം ഒരു നിയമപ്രശ്‌നത്തെക്കുറിച്ച് ഞാനും അറിയുവാനിടയായത്.

സംഭവം ഇങ്ങനെ… മുംബയിലെ നിതിൻ നായർ എന്നയാൾ തൻ്റെ കാറിൽ ഓഫീസിലേക്ക് പോകുകയായിരുന്നു. നല്ല മഴയുള്ള സമയമായിരുന്നതിനാൽ ബസ് സ്റ്റോപ്പിലും കടത്തിണ്ണകളിലും ധാരാളം ആളുകൾ കയറിനിന്നിരുന്നു. അവരിൽ താൻ പോകുന്ന ഏരിയയിലേക്ക് ആരെങ്കിലും പോകുവാനുണ്ടെങ്കിൽ അവർക്ക് ഒരു ലിഫ്റ്റ് കൊടുക്കുവാൻ നിതിൻ തീരുമാനിച്ചു. അദ്ദേഹം ആളുകൾ കൂടി നിൽക്കുന്നിടത്ത് വാഹനം നിർത്തുകയും ആരെങ്കിലും വരുന്നുണ്ടോ എന്നു അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പോകുന്ന വഴിയിൽ ഇറങ്ങേണ്ട മൂന്നുപേർ ആ ഓഫർ സ്വീകരിച്ചു കാറിൽ കയറുകയും ചെയ്തു.

പോകുന്നതിനിടെ ട്രാഫിക് പോലീസ് നിതിന്റെ കാറിനു കൈകാണിക്കുകയും ലൈസൻസ് ആവശ്യപ്പെടുകയും ചെയ്തു. കൂടെയുള്ളത് ആരാണെന്നു പോലീസ് അന്വേഷിച്ചപ്പോൾ തൻ ലിഫ്റ്റ് കൊടുത്തതാണെന്നു നിതിൻ പറഞ്ഞു. അതോടെ സൗമ്യഭാവത്തിൽ നിന്നിരുന്ന പോലീസുകാരുടെ ഭാവം മാറി. അപരിചിതർക്ക് സ്വകാര്യ വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66, സെക്ഷൻ 192 വകുപ്പുകൾ പ്രകാരം കുറ്റകരമാണ് എന്നായിരുന്നു പോലീസിന്റെ മറുപടി. ഒപ്പം നിതിന്റെ ലൈസൻസ് പോലീസ് തടഞ്ഞുവെക്കുകയും ചെയ്തു. സെക്ഷൻ 66 പ്രകാരം ഒരു വ്യക്തി തൻ്റെ സ്വകാര്യ വാഹനത്തിൽ അപരിചിതർക്ക് യാത്ര ചെയ്യുവാൻ അവസരമൊരുക്കുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ യാത്ര ചെയ്യുവാനായി ടാക്സി പെർമിറ്റ് എടുക്കേണ്ടതായുണ്ട്. ഇതായിരുന്നു ഈ സംഭവത്തിൽ കാറുകാരന് പണിയായത്. അവസാനം പിഴയായി 1500 രൂപ അടച്ചതിനു ശേഷമാണ് നിതിന് തൻ്റെ ലൈസൻസ് തിരികെ ലഭിച്ചത്.

എന്താല്ലേ? മനുഷ്യത്വം ആലോചിച്ച് ആളുകൾക്ക് സഹായം നൽകിയതാണ്, പക്ഷേ ആ സഹായം അദ്ദേഹത്തിനു വിനയായി. ഈ സംഭവത്തെക്കുറിച്ച് നിതിൻ തൻ്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടപ്പോഴാണ് ആളുകൾ ഇത്തരത്തിൽ ഒരു നിയമത്തെക്കുറിച്ച് അറിയുന്നത്. എല്ലാ കാറുകാരും ഈ നിയമത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം എന്നു പറഞ്ഞായിരുന്നു നിഥിന്റെ പോസ്റ്റ്. അതുകൊണ്ട് സ്വകാര്യ വാഹനങ്ങളിൽ മറ്റുള്ളവർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ഒരു ഈ നിയമപ്രശ്നത്തെക്കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ലിഫ്റ്റ് കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് നിങ്ങളാണ്. അതുകൊണ്ട് കൊടുക്കണ്ടെന്നോ കൊടുക്കണമെന്നോ ഞാൻ പറയുന്നില്ല.