എഴുത്ത് – Joyson Devasy.
അലക്സാണ്ടറും, സീസറും, ഒക്ടേവിയനും, മാർക്ക് ആന്റെണിയും, ക്ലിയോപാട്രയും എല്ലാം അരങ്ങൊഴിഞ്ഞ ഗ്രീക്ക്,റോമൻ ചരിത്രം ഏറെക്കുറെ നിശ്ചലമായിരുന്നു. പേരിനു ഇടയ്ക്കിടക്കുണ്ടാകുന്ന കുറച്ചു ആഭ്യന്തര കലഹങ്ങൾ ഒഴിച്ചാൽ, റോം ഏറെക്കുറെ ശാന്തം തന്നെ. ഈ കാലയളവിലാണ് റോമിന്റെ അതിർത്തി പ്രദേശമായ സിറിയയിൽ ഒരു 14 വയസുളള യുവതിയുടെ രംഗപ്രവേശം. പുരാതനമായ “പാൽമിയറൻ” പ്രഭുകുടുംബത്തിലെ ഒരു സാധാ പെൺക്കുട്ടിയായിരുന്നു അവൾ.
ചരിത്രക്കാരൻമാർ അവളുടെ ജന്മം സ്വാദേശത്തു തന്നെ 240 ce യിൽ ആയിരുന്നെന്ന നിഗമനത്തിലെത്തിയെങ്കിലും, അവളുടെ അച്ചനെയോ, അമ്മയെയോക്കുറിച്ച് ഒരു വാക്കുപോലും സൂചിപ്പിച്ചിട്ടില്ല. തുടർന്നു വന്ന വർഷങ്ങളിൽ റോമൻ സാമ്യാജ്യത്തിന്റെ ഉറക്കം കെടുത്തിയ ആ സ്ത്രിയുടെ പേരായിരുന്നു “സെനോബിയ”. ഇവൾ ടോളമിയുടെ രാജവംശത്തിലെ ക്ലിയോപാട്രയുടെ വംശത്തിൽ പെട്ടവളാണെന്നും, അല്ലാ മറിച്ചു അറബ് വംശത്തിൽ ജനിച്ചതാണെന്നും ഗ്രീക്ക്, അറബിക് ചരിത്രകാരൻമാർക്കു ഇടയിൽ തർക്കമുണ്ട്.
മരുഭൂമിയിലെ മുത്ത് എന്നറിയപ്പെടുന്ന പാൽമിയറൻ രാജവംശത്തിലെ “ഒടാനേറ്റിയസ്” എന്ന അധികാരിയുടെ രണ്ടാം ഭാര്യയായി വരുന്നതോടു കൂടിയാണ് സെനോബിയ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 263 ceയിൽ അധികാരത്തിൽ വന്ന ശക്തനായ സിറിയൻ അധികാരിയായിരുന്നു ഒടാനേറ്റിയസ്. റോമൻ സാമ്രാജ്യത്തിനു കീഴിൽ ഗവർണറായും, സംരഷകനായും സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം ഒട്ടനവധി യുദ്ധങ്ങളിൽ റോമിനെ സഹായിച്ചിട്ടുണ്ട്.
പേർഷ്യൻ സാമ്രാജ്യത്തെയും, ഇറ്റലിയിലെ സ്ഥിരം ശല്യക്കാരായ ജർമ്മൻ ഗോത്സിനെയും പല യുദ്ധങ്ങളിലും തോൽപ്പിക്കാൻ ഒടാനേറ്റിയസിന്റെ സഹായം റോമിനെ തുണച്ചു. ഇതേ സമയം റോമിനോളം തന്നെ ഉന്നതിയിലെത്തിയ തന്റെ പാൽമിയറൻ സാമ്രാജ്യത്തെ എന്തുകൊണ്ടൊരു സ്വാതന്ത്ര ശക്തിയാക്കികൂടാ എന്നും അദേഹം ചിന്തിക്കാതിരുന്നില്ല. കാരണമെന്തെന്നാൽ നേരത്തെ തന്നെ 260 ce യിൽ പേർഷ്യരിൽ നിന്നേറ്റ തോൽവിയിൽ ആകെ തകിടം മറിഞ്ഞു നിൽക്കുവാണ് മഹത്തായ റോമൻ സാമ്രാജ്യം. അല്പമെങ്കിലും പേർഷ്യരോട് പിടിച്ചുനിൽക്കുന്നതോ പാൽമിയറൻസിന്റെ ശക്തിയിലും.
ഇങ്ങനെ കാര്യങ്ങൾ പോകുമ്പോഴാണ് ഒരിക്കൽ തുർക്കിയിലെ ഗോത്സിനെതിരെയുള്ള പടയോട്ടം നടത്തി തിരിച്ചുവരികയായിരുന്ന ഒടാനേറ്റിയസിനെയും മൂത്ത മകൻ “ഹെയ്റാനെയും” മറ്റൊരു കുടുംബാംഗമായ “മയേനിസ്” കൊല്ലുന്നത്. ശേഷം അധികാരം തട്ടിയെടുത്ത മയേനിസിനെ സ്വന്തം സൈനീകർ തന്നെ കൊന്നുകളഞ്ഞു. നാഥനില്ലാത്ത പാൽമിയറൻ സാമ്രാജ്യത്തിനെ ഇനിയാരു നയിക്കും എന്ന ചോദ്യത്തിന് ജനങ്ങൾക്കും സൈനാധിപർക്കും, “സെനോബിയ” രാജ്ഞി എന്നൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. നേരത്തെ തന്നെ യുദ്ധവേളകളിൽ ഭർത്താവിനെ അനുഗമിച്ച സെനോബിയയുടെ കർത്തവ്യബോധത്തിൽ സിറിയയിലെ എല്ലാ ജനങ്ങൾക്കും പരിപൂർണ്ണ വിശ്വാസമായിരുന്നു.
പക്ഷേ തനിക്കു ഒടാനേറ്റിയസിൽ പിറന്ന മകനായ ” വബേലിറ്റസ്” എന്ന 10 വയസ്സുള്ള കുട്ടിയെ രാജാവാക്കാനായിരുന്നു സെനോബിയക്കു താല്പ്പര്യം. ശേഷം റീജന്റായി ഭരണം തുടർന്ന സെനോബിയ ആദ്യം ചെയ്തത് തന്റെ ഭർത്താവിന്റെ മരണത്തിനു കാരണമായവരെ പിടികൂടി അവരെ കൂട്ടത്തോടെ കൊല്ലുകയെന്നതാണ്. പിന്നീട് റോമൻ ചക്രവർത്തി “ഗല്ലീനസ്സിന്റെ” ശക്തി ഷയിച്ചതായി മനസ്സിലാക്കിയ അവൾ, തന്റെ സൈന്യത്തെ അയച്ചു നേരത്തെ റോമൻ സാമ്രാജ്യത്തിനുവേണ്ടി തന്റെ ഭർത്താവ് കീഴടക്കിയ പേർഷ്യയുടെ കിഴക്കൻ പ്രദേശങ്ങൾ തന്റെ പാൽമിയറൻ സാമ്രാജ്യത്തിനു കീഴിലാക്കിമാറ്റി.
ഗല്ലീനസ്സ് ചക്രവർത്തിക്കു ഇതൊക്കെ നോക്കി നിൽക്കാനെ പ്രത്യക്ഷത്തിൽ സാധിച്ചൊള്ളു. കാരണം അത്രമാത്രം ചടുലമായ നീക്കങ്ങളായിരുന്നു സെനോബിയ കൈകൊണ്ടത്. പിന്നീടു റോമൻസാമ്രാജ്യത്തിന്റെ അധികാരത്തിൽ വന്ന ക്ലോഡിയസ് ചക്രവർത്തിയും സെനോബിയയുടെ പ്രവ്യത്തിയെ എതിർത്തില്ല. ഇതിനു കാരണമായി ചരിത്രകാരൻമാർ പറയുന്നത് ഒന്നു റോമൻ ശക്തിയുടെ പരാജയവും മറ്റൊന്ന് സെനോബിയ റോമൻ ചക്രവർത്തിമാരെ ബഹുമാനിക്കുന്ന രീതിയിൽ, അവരുടെ ചിത്രങ്ങൾ തന്റെ പാൽമിയറൻ നാണയങ്ങളിൽ ആലേഖനം ചെയ്തും, അവരെ വേണ്ട കാര്യങ്ങളിൽ ബഹുമാനിച്ചും സ്വീകരിച്ച ഒരു നയത്തിന്റെ ഫലവുമെന്നതായിരുന്നു.
ഇങ്ങനെ തന്റെ ജൈത്രയാത്ര തുടർന്ന സെനോബിയ 269 ceയിൽ സിറിയ മുഴുവനായും, അനാറ്റോലിയയും പിന്നീട് ഈജ്പിറ്റ് ഒട്ടാകെ കീഴ്പ്പെടുത്തുകയും ചെയ്തു. 270 ce യിൽ അവസാനത്തെ റോമൻ ഭരണവും തുടച്ചുനീക്കിയ സെനോബിയ തന്റെ അധികാരകൊടി അലക്സാണ്ട്രിയയിൽ പാറിച്ചു. ഇതേ സമയം മറുവശത്ത് റോമിലെ അന്തരീഷം പാടെ മാറുകയായിരുന്നു. എക്കാലത്തെയും ശക്തനായ റോമൻ ചക്രവർത്തിമാരിൽ ഒരാളായ ” ലൂസിയസ്സ് ഡൊമിറ്റസ്റ്റ് ഓർലീയൂസ്” തന്റെ അധികാരം കൈയ്യേറുന്ന നിമിഷമായിരുന്നു അത്.
ക്ലോഡിയസ്സിനു ശേക്ഷം സിംഹാസനത്തിലേറിയ ഓർലിയൂസ് പെട്ടെന്നു തന്നെ തന്റെ നഷ്ടപ്പെട്ടുപോയ മഹത്തായ റോമൻ സാമ്രാജ്യത്തിന്റെ യശസ്സ് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി. കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ഒരിക്കൽ കൈവിട്ടുപ്പോയ ബ്രിട്ടാനിയ, ഗൗൽ, ഹിസ്പാനിയ എന്നീ സ്റ്റേറ്റുകൾ ഓർലീയൂസ് വീണ്ടെടുത്തു. ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിൽ നിരന്തരമായി ആക്രമണം അഴിച്ചുവിട്ട ബാർബേറിയൻമാരായ ഗോത്സിനെ തകർത്തു ബദ്ധിതരാക്കി. തികഞ്ഞ സൈനീകപാടവം കൈമുതലായിരുന്ന ഓർലിയുസ്സിനെ ചൊല്ലി “അദ്ദേഹം ആയിരങ്ങളെ കൊന്നു” എന്നു തുടങ്ങുന്ന കവിതകൾ വരെ രചിച്ചിരുന്നു അക്കാലത്ത്.
പക്ഷേ ഇതൊന്നും നമ്മുടെ സെനോബിയ റാണിയെ തളർത്തിയില്ല.കാരണം അന്നേക്കു റോമൻ സാമ്രാജ്യത്തിനടുത്ത് തന്നെ എത്തിയിരുന്നു പാൽമിയറൻ ശക്തിയും. ക്രമേണ തന്റെ സാമ്രാജ്യത്തിനു വെല്ലുവിളിയായി ഒരു സ്ത്രിയുടെ കീഴിലുള്ള ഒരു ശക്തി വളർന്നു വരുന്നത്, ഓർലീയൂസ് ചക്രവർത്തി ശ്രദ്ധിച്ചു. പണ്ടു തങ്ങളുടെ ഗവർണർമാരായി ഭരണത്തിലേറിയവർ ഇന്നു സ്വായം രാജാധികാരികളായത് അദ്ധേഹത്തിനത്ര രസിച്ചില്ല.
റോമിലേക്ക് ഇജിപ്റ്റിൽ നിന്നും ധാന്യങ്ങൾ കൊണ്ടുവരാൻ ഒരു സദ്ധിവരെ പോയ ചക്രവർത്തി ക്ലോഡിയസ് ഈ സ്ത്രിയുമായി ഒപ്പുവെച്ചിട്ടുണ്ടെന്നത് കൂടി കേട്ടപ്പോൾ ഓർലിയൂസ് കോപിതനായി. ഈ കോപം ഇരട്ടിക്കാൻ എന്നവിധം തൊട്ടടുത്ത നാളുകളിൽ സെനോബിയ രാജ്ഞി തന്റെ രാജ്യത്തിലെ അലക്സാണ്ട്രിയ, അന്ത്വാക്യാ കമ്മട്ടങ്ങളിൽ റോമൻ ചാക്രവർത്തിമാരുടെ ചിത്രങ്ങൾ ചേർക്കുന്നത് മുഴുവനായി നിർത്തലാക്കി. ഇതും കൂടിയറിഞ്ഞതോടെ ഓർലീയൂസ് തന്റെ പടപുറപ്പാട് ആരംഭിച്ചു.
ഇതിനു മുന്നോടിയാം എന്നോണ്ണം ഒരു കീഴടങ്ങലിനുള്ള സന്ദേശം ഓർലീയൂസ് സെനോബിയക്കു അയച്ചു കൊടുത്തു. “ഒരു അടിമയായി കീഴടങ്ങാതെ രാജ്ഞിയായി ആത്മഹത്യ ചെയ്യുന്നതാണ് മഹത്വകരം” എന്നു തെളിയിച്ച ക്ലിയോപാട്രയുടെ ചരിത്രം താങ്കൾ അറിഞ്ഞിരുന്നേൽ ഇങ്ങനൊരു സന്ദേശം എനിക്കു അയക്കുകയില്ലായിരുന്നു”. ഇതായിരുന്നു ഓർലിയൂസിനുള്ള സെനോബിയയുടെ മറുപടി. ഇതുകേട്ടപാടെ കോപിഷ്ട്ടനായ ചക്രവർത്തി തന്റെ നിലവിലുള്ള സൈന്യത്തിന്റെ പതിമടങ്ങുമായി സിറിയയിലേക്ക് തിരിച്ചു. ആ മഹാസൈന്യത്തിനു മുന്നിൽ ഏഷ്യാമൈനറിലെ ഓരോ പാൽമിയറൻ കേന്ദ്രങ്ങളും തകർന്നു വീണു.
തന്റെ മികച്ച വില്ലാളിവീരരാലും, മരുഭൂമിയിലെ കലാവസ്ഥയിലും തകരുമെന്ന് കരുതിയ റോമൻസ് അതിവേഗം പടയെടുത്ത് വരുന്നത് സെനോബിയ കണ്ടു. 272 Ce
യിൽ തുർക്കിയിലെ ഇമ്മേയിൽ വെച്ചു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. അംഗസഖ്യയിൽ തുലോം കുറവായ സെനോബിയ രാജ്ഞിയുടെ അശ്വസൈന്യം ഓർലീയൂസിന്റെ 50000 ത്തോളം വരുന്ന കലാൾപ്പടയോട് തോറ്റു പിൻവാങ്ങി. ശേഷം തന്റെ തലസ്ഥാന നഗരമായ സിറിയയിലെ ഇമീശ്ശയിൽ പ്രധാന സൈനാധിപനായ സാബോത്തിന്റെ കൂടെ 70000 വരുന്ന തന്റെ സൈന്യവുമായി സെനോബിയ നിലകൊണ്ടു.
പക്ഷേ ഇത്തവണ അവർക്കെതിരെ ഓർലിയൂസ് അണിനിരത്തിയത് 250000 വരുന്ന റോമിന്റെ പ്രധാന സൈന്യത്തെയാണ്. പ്രാരംഭഘട്ടത്തിൽ കുറച്ചു വിജയം വരിച്ചെങ്കിലും, കടലുപോലത്തെ റോമൻ സൈന്യത്തിനായിരുന്നു അവസാന വിജയം. ശേഷം സൈനാധിപരുടെ വാക്കുകൾ കേട്ടു സെനോബിയ പേർഷ്യൻ അതിർത്തിയിലേക്ക് ഒരു വേഗതയാർന്ന ഒട്ടകപുറത്ത് പിൻവാങ്ങിയെങ്കിലും, യൂഫ്രട്ടീസ് നദീതീരത്തുവെച്ചു പിടിക്കപ്പെട്ടു. പിടിയിലായപ്പോൾ സെനോബിയ വിഷം കഴിച്ചു ആത്മഹത്യ ചെയ്തെന്നും, മറിച്ചു പിടിയിലായ സെനോബിയയെ ഓർലിയൂസ് ചക്രവർത്തി ഇറ്റലിയിലെ തിബൂറിലുള്ള ഹാർഡൻ വില്ലയിൽ താമസിപ്പിച്ചുവെന്നും പറയപ്പെടുന്നു.
ഇന്നും സിറിയൻ ചരിത്രത്തിലെ ദേശാഭിമാനത്തിന്റെ സ്ത്രീ പ്രതീകമായും, ലോകത്തിലെ മികച്ച സ്ത്രിയോദ്ധാക്കളിൽ ഒരാളായും സെനോബിയ അറിയപ്പെടുന്നു.