ചൈനയിലെ ഷാൻജിയാജി കണ്ണാടിപ്പാലത്തിൽ നിന്നും ഞങ്ങൾ തെന്നിയിറങ്ങിയതിനു ശേഷം പിന്നീട് പോയത് ഒരു സ്വർഗ്ഗത്തിലേക്ക് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നീളമേറിയ, ഉയരത്തിലുള്ള കണ്ണാടിപ്പാലത്തിലൂടെ നടന്നു അപ്പുറത്തെത്തിയ ശേഷം രണ്ടു ലിഫ്റ്റുകളിൽ കയറി താഴേക്ക് ഇറങ്ങി, പിന്നീട് തെന്നി നീങ്ങിയിറങ്ങി താഴെയെത്തിച്ചേർന്നു.
എങ്ങോട്ടെന്നില്ലാതെ മറ്റുള്ള സഞ്ചാരികൾ നടക്കുന്ന ദിശയിലേക്ക് ഞങ്ങളും നടന്നു. താഴ്വാരത്തുള്ള ഒരു അരുവിയുടെ വശത്തുകൂടി നിർമ്മിച്ചിരിക്കുന്ന തടിപ്പാതയിലൂടെ ഞങ്ങൾ നടന്നു. രണ്ടു പാക്കിസ്ഥാൻ സഞ്ചാരികളെ പരിചയപ്പെട്ട ബൈജു ചേട്ടൻ അവരോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടായി നടത്തം.
അങ്ങനെ ഞങ്ങൾ നടന്നു നടന്ന് രണ്ടു വലിയ മലകളുടെ ഇടയിലൂടെയായി പോക്ക്. സഹീർഭായി വളരെ കൂളായി കാണപ്പെട്ടു. ഇനിയെന്താണ് കാണുവാൻ പോകുന്നതെന്ന വ്യക്തമായ ധാരണയില്ലാതിരുന്നതിനാൽ ഞാൻ ഒരൽപം അമ്പരപ്പോടെയായിരുന്നു നടന്നിരുന്നത്. പോകുന്ന വഴിയിൽ വശങ്ങളിലുള്ള പാറകളിലൂടെ മലവെള്ളം ചെറുതായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ചെറിയ തോടിനു സമീപത്തെത്തി. ആ തോടിനു അരികിലൂടെയായി നടപ്പാത നീണ്ടു കിടക്കുകയാണ്. ജലാശയത്തിലെ വെള്ളത്തിന് സ്വിമ്മിങ് പൂളിലെപ്പോലെ ഇളം നീലയും ചെറിയ പച്ചയും കലർന്ന നിറമായിരുന്നു. മേഘാലയയിലെ ദൗകി നദിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ആ വെള്ളം.
കനത്ത നിശബ്ദതയിൽ മനോഹരമായ ദൃശ്യങ്ങൾ കണ്ടുകൊണ്ട് ഞങ്ങൾ നടന്നു. പോകുന്ന വഴിയിൽ പണ്ടുകാലത്ത് കൊള്ളക്കാർ താമസിച്ചിരുന്ന ഗുഹകൾ കാണുവാൻ സാധിച്ചു. അതും കണ്ടുകൊണ്ട് മുന്നോട്ടു നടന്നപ്പോൾ പിന്നീട് ഒരു ഗുഹയിലേക്ക് ആയിരുന്നു നടപ്പാത പോയിരുന്നത്. ഗുഹയ്ക്കകത്തുകൂടി നടന്നു ഞങ്ങൾ അപ്പുറത്തെത്തി. ചെറു വെള്ളച്ചാട്ടങ്ങൾ അവിടവിടങ്ങളിലായി ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.
ഗുഹ കയറിയിറങ്ങി ഞങ്ങൾ വീണ്ടും ജലാശയത്തിനു സമീപത്തുകൂടിയുള്ള തടിപ്പാതയിലൂടെ നടപ്പ് തുടങ്ങി. കുറച്ചു ദൂരം കൂടി ചെന്നപ്പോൾ ആ വഴി ഒരിടത്ത് അവസാനിച്ചിരിക്കുന്നതായി കണ്ടു. അവിടെ ഒരു ബോട്ട് ജെട്ടിയുണ്ട്. ഇനി അവിടെ നിന്നും ബോട്ടിൽ കയറിവേണം അപ്പുറത്തേക്ക് എത്തിച്ചേരുവാൻ. ഞങ്ങൾ ബോട്ടിൽ കയറുവാനുള്ള ക്യൂവിൽ നിന്നു. സഞ്ചാരികളെല്ലാം തന്നെ ടിക്കറ്റ് എടുത്തു വന്നവരായിരുന്നതിനാൽ ബോട്ട് യാത്രയ്ക്ക് വേറെ ചാർജ്ജുകൾ ഒന്നുംതന്നെ ഈടാക്കിയിരുന്നില്ല.
അങ്ങനെ ഞങ്ങൾ ബോട്ടിൽ കയറി യാത്രയായി. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒട്ടും ശബ്ദമില്ലാതെയായിരുന്നു ബോട്ട് സഞ്ചരിച്ചിരുന്നത്. ആ ജലാശയത്തിൽ വേറെയും ബോട്ടുകൾ സഞ്ചാരികളെയും കൊണ്ട് സഞ്ചരിക്കുന്നുണ്ടായിരുന്നു. ബോട്ട് അടുത്ത ജെട്ടിയിൽ അടുത്തപ്പോൾ ഞങ്ങൾ അവിടെയിറങ്ങി. പിന്നീട് പുറത്തേക്ക് നടത്തമാരംഭിച്ചു. നടവഴിയുടെ വശങ്ങളിൽ നിറയെ കച്ചവടക്കാരും കടകളുമൊക്കെയായിരുന്നു. പലതരത്തിലുള്ള ഫുഡ് ഐറ്റംസ് അവിടെയുണ്ടായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെ നിന്നും ചിക്കൻ സാത്തേ എന്നൊരു വിഭവം വാങ്ങി രുചിച്ചു. നല്ല രുചി തന്നെയായിരുന്നു അതിന്. അപ്പോഴേക്കും ഞങ്ങളുടെ ടാക്സി ഡ്രൈവർ അവിടെയെത്തിച്ചേർന്നു. അങ്ങനെ മനോഹരമായ കുറെ കാഴ്ചകൾ കണ്ട നിർവൃതിയിൽ ഞങ്ങൾ വന്ന ടാക്സി കാറിൽത്തന്നെ കയറി യാത്രയായി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.