ഇന്ത്യാ – പാക് യുദ്ധം നടന്ന പ്രദേശത്തു കൂടിയുള്ള അവിസ്മരണീയമായ കാർഗിൽ യാത്ര

ശ്രീനഗറിൽ നിന്നും സോചിലാ പാസ്സിലൂടെ ഞങ്ങൾ കാർഗിലിലേക്കുള്ള യാത്ര തുടർന്നു. മഞ്ഞുമലകൾക്കിടയിലൂടെയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. മുൻപ് ബ്ലോക്കിൽപ്പെട്ടതിനാൽ ഞങ്ങൾക്ക് ഭക്ഷണമൊന്നും ശരിക്കു കഴിക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ സോചിലാ പാസ്സിൽ വഴിയരികിൽ ഒരു ചെറിയ തട്ടുകട സെറ്റപ്പ് കണ്ടതോടെ ഞങ്ങൾ അവിടെ വണ്ടി നിർത്തി.

മാഗി ന്യൂഡിൽസ് ആയിരുന്നു അവിടെ വിശപ്പടക്കുവാനായി ഉണ്ടായിരുന്നത്. ഇനിയങ്ങോട്ടു മാഗി തന്നെയായിരിക്കും ഞങ്ങളുടെ ഭക്ഷണം എന്നോർത്തുകൊണ്ട് ഞങ്ങൾ അവിടെ നിന്നും അതു വാങ്ങിക്കഴിച്ചു. നല്ല ശക്തിയേറിയ കാറ്റും തണുപ്പും ഉണ്ടായിരുന്നതിനാൽ ആ മാഗി ന്യൂഡിൽസിന് വല്ലാത്തൊരു രുചി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ജീവിതത്തിൽ കഴിച്ചതിൽവെച്ച് ഏറ്റവും രുചികരമായ മാഗി ഇതാണോയെന്നു ഞങ്ങൾക്ക് തോന്നിപ്പോയി. കാരണം ഞങ്ങളുടെ അവസ്ഥയും അങ്ങനെയായിരുന്നു.

ന്യൂഡിൽസ് കഴിച്ചെഴുന്നേറ്റു കഴിഞ്ഞപ്പോൾ അന്തരീക്ഷത്തിലെ കാറ്റിന്റെ ശക്തി വല്ലാതങ്ങു കൂടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞങ്ങൾ പതറി നിൽക്കുമ്പോൾ, നേരത്തെ ഞങ്ങളിരുന്നു ഭക്ഷണം കഴിച്ച ആ കടയുടെ ഭാഗങ്ങളും കസേരകളുമൊക്കെ കാറ്റിൽപ്പറന്നു തെറിച്ചുപോയി. പാവം കടക്കാരന് ഒറ്റയ്ക്ക് അതൊന്നും ശരിയാക്കുവാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞങ്ങളെല്ലാം അയാളെ എല്ലാം പെറുക്കിയെടുക്കുവാനും കട നേരെയാക്കുവാനുമൊക്കെ സഹായിച്ചു. ഈ സമയം തണുപ്പ് വല്ലാതങ്ങു കൂടി. അതോടെ ഞങ്ങൾ വേഗം കാറിൽക്കയറി അവിടെ നിന്നും രക്ഷപ്പെട്ടു.

പിന്നീട് പോകുന്ന വഴിയിൽ സോചിലാ വാർ മെമ്മോറിയൽ എന്നൊരു സംഭവം കണ്ടു. അവിടെ ഞങ്ങൾ ഇറങ്ങി. 1947 ൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിൽ ജീവൻ ത്യജിച്ച ജവാന്മാരുടെ സ്മരണയ്ക്കായാണ് ഈ വാർ മെമ്മോറിയൽ അവിടെ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയ്ക്കു മുന്നിൽ ഞങ്ങൾ അൽപ്പസമയം അവിടെ മൗനത്തോടെ പ്രാർത്ഥിച്ചു. ശരിക്കും മനസിന് വല്ലാത്തൊരു വിഷമം തോന്നിപ്പിക്കുന്ന ഒരു സന്ദർഭമായിരുന്നു അത്.

സോചിലാ വാർ മെമ്മോറിയലിന്റെ പരിസരങ്ങളിലൊക്കെ ധാരാളം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ടോയ്‌ലറ്റിൽ പോകുന്നതിനുമൊക്കെയുള്ള സൗകര്യങ്ങൾ അവിടെയുണ്ട്. കൂടാതെ ‘ഗുമ്രി കഫെ’ എന്ന പേരിൽ ഒരു ചെറിയ കഫെ അവിടെയുണ്ടായിരുന്നു. ഇന്ത്യൻ സൈന്യം നടത്തുന്ന കഫെ ആയിരുന്നതിനാൽ അവിടെ എല്ലാ വിഭവങ്ങൾക്കും വളരെ വിലക്കുറവായിരുന്നു. അങ്ങനെ പട്ടാളക്കാർ വിളമ്പിത്തന്ന ഭക്ഷണവും കഴിച്ചു സന്തോഷത്തോടെ ഞങ്ങൾ വീണ്ടും കാർഗിൽ ലക്ഷ്യമാക്കി പാഞ്ഞു.

വഴിയരികിൽ നിറയെ മഞ്ഞുവീണു കിടക്കുന്നുണ്ടായിരുന്നു. എമിലിന് അതുകണ്ടപ്പോൾ വളരെ സന്തോഷവും സമാധാനവുമായി. കാശ്മീരിൽ കയറിയതു മുതൽ എമിലിന് മഞ്ഞുമല കാണണം, മഞ്ഞിൽ തൊടണം എന്നൊക്കെയുള്ള മോഹങ്ങളായിരുന്നു. ഒടുവിൽ അത് സഫലമായിരിക്കുകയാണ്. പോകുന്ന വഴിയിൽ ഒരിടത്ത് മലമുകളിൽ നിന്നുള്ള ശുദ്ധമായ ജലം വീഴുന്ന ഒരു സെറ്റപ്പ് കണ്ടു. ഞങ്ങൾ അതിനടിയിൽ കൊണ്ടുചെന്നു വണ്ടി നിർത്തി. അതോടെ വണ്ടിയുടെ മേൽ ഉണ്ടായിരുന്ന പൊടിയെല്ലാം പോയി. അവിടെ നിന്നും പിന്നെയും മുന്നോട്ടു പോയപ്പോൾ കാർഗിലിലേക്ക് 84 കിലോമീറ്റർ കൂടിയുണ്ട് എന്ന ബോർഡ് കണ്ടു. അപ്പോൾ വൈകുന്നേരം ആറുമണി കഴിഞ്ഞിരുന്നുവെങ്കിലും ഒരു മൂന്നു മണിയുടെ അന്തരീക്ഷമായിരുന്നു അവിടെ.

കാർഗിലിനു ഏകദേശം 40 കിലോമീറ്റർ മുൻപായി ദ്രാസ് എന്ന സ്ഥലത്തു ഞങ്ങൾവണ്ടി നിർത്തി. അവിടെയാണ് കാർഗിൽ വാർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്. 1999 ൽ നടന്ന ഇന്ത്യ – പാക് കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ജവാന്മാരുടെ സ്മരണയ്ക്കായാണ് ഈ വാർ മെമ്മോറിയൽ. അവിടെ ചുറ്റിനും നല്ല മനോഹരമായ കാഴ്ചകൾ ആയിരുന്നിട്ടും നമ്മുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ ഓർമ്മകൾക്കു മുന്നിൽ അതൊന്നും വലുതായി തോന്നിയിരുന്നില്ല. യുദ്ധത്തിൽ വീരമൃതു വരിച്ച പട്ടാളക്കാരുടെ പേരുകൾ അവിടെ ഓരോരോ ഫലകത്തിലായി കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ അവിടെ കുറച്ചു സമയം ചെലവഴിച്ചതിനു ശേഷം വീണ്ടും കാർഗിൽ ലക്ഷ്യമാക്കി യാത്ര തുടർന്നു.

പിന്നീടുള്ള യാത്രയിൽ അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയുമൊന്നും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മനസ്സിൽ കാർഗിൽ യുദ്ധവും, അതിൽ മരണമടഞ്ഞ നമ്മുടെ ജവാന്മാരുടെ ഓർമ്മകളും, വാർ മെമ്മോറിയലിൽ കേട്ട വിഷമം തോന്നിപ്പിക്കുന്ന പാട്ടുമൊക്കെയായിരുന്നു.

അങ്ങനെ ഒടുവിൽ രാത്രിയോടെ ഞങ്ങൾ കാർഗിലിൽ എത്തിച്ചേർന്നു. ‘സുരു വ്യൂ’ എന്നുപേരുള്ള ഒരു ഹോട്ടലിൽ ഞങ്ങളുടെ ഒരു സുഹൃത്ത് മുഖേന കുറഞ്ഞ റേറ്റിൽ റൂം റെഡിയാക്കിയിരുന്നു. ഇത്രയും ദൂരം യാത്ര ചെയ്തു ക്ഷീണിച്ചതിനാൽ പെട്ടെന്ന് ഡിന്നർ കഴിച്ചതിനു ശേഷം ഞങ്ങളെല്ലാം ലൈറ്റുകളണച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു. ആ തണുത്ത രാത്രിയിലും, ഇരുളിൻ്റെ വന്യതയെ കീറി മുറിച്ചുകൊണ്ട് നേരത്തെ വാർ മെമ്മോറിയലിൽ കേട്ട ആ ഗാനം ഞങ്ങളുടെ ചെവിയിൽ അലയടിക്കുന്നതായി ഒരു തോന്നൽ…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.